വടക്കൻ ഗസ്സയിലെ അവസാന ആശുപത്രിയും വീഴുന്നു; കമാൽ അദ്‌വാൻ ആശുപത്രിയിൽ ഇസ്രായേൽ കൂട്ടക്കൊല
ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ 50പേർ കൊല്ലപ്പെട്ടു.
ഗസ്സ: വടക്കൻ ഗസ്സയിലെ അവസാന ആശുപത്രിയും ഇസ്രായേൽ തകർക്കുന്നു. കമാൽ അദ്‌വാൻ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. അഞ്ച് മെഡിക്കൽ സ്റ്റാഫും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി ഡയറക്ടർ പറഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രി കെട്ടിടം ഒഴിയാൻ ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള 75 രോഗികൾ ആശുപത്രിയിലുണ്ട്.
ഗസ്സയെ വടക്കും തെക്കും രണ്ട് മേഖലകളാക്കിയാണ് ഇസ്രായേൽ ആക്രമിക്കുന്നത്. വടക്കൻ ഗസ്സ പൂർണമായും പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തുന്നത്. ആശുപത്രിക്ക് അകത്തുനിന്ന് തീ പടരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എമർജൻസി വിഭാഗത്തിന്റെ ഭാഗത്താണ് തീപിടിത്തമുണ്ടായത് എന്നാണ് റിപ്പോർട്ട്.
കമാൽ അദ്‌വാൻ ആശുപത്രിയുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേൽ ആക്രമണം തുടങ്ങുമ്പോൾ രോഗികളും ജീവനക്കാരുമടക്കം 350 പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ആശുപത്രിയുടെ ഒരു ഭാഗം ഇസ്രായേൽ ഇന്നലെ തന്നെ തകർത്തിരുന്നുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.