പ്രസിഡന്റിനു പിന്നാലെ ദക്ഷിണ കൊറിയൻ ആക്ടിങ് പ്രസിഡന്റ് ഇംപീച്ച്മെന്റിലേക്ക്

ധനമന്ത്രി ചോയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റായി ചുമതലയേല്‍ക്കും

Update: 2024-12-27 12:35 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

സിയോൾ: മുൻ പ്രസിഡന്റ് യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്തതിനു പിന്നാലെ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്ക് സൂയെയും ഇംപീച്ച് ചെയ്യാനൊരുങ്ങി പാർലമെന്റ്. 300 അംഗ പാർലമെന്റിലെ 192 നിയമനിർമാതാക്കൾ ഹാനിനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. ഇംപീച്ച്‌മെന്റ് വിജയിക്കാന്‍ ആവശ്യമായത് 151 വോട്ടുകളായിരുന്നു. അതേ സമയം ഭരണകക്ഷി നേതാക്കൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

ഡിസംബര്‍ 3ന് രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്. ശേഷം പ്രധാനമന്ത്രിയായ ഹാൻ ആക്ടിങ് പ്രസിഡന്റായി തുടരുകയായിരുന്നു. ഹാനിന്റെ ഇംപീച്ച്‌മെന്റ് രാജ്യം ഇപ്പോള്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയും അനിശ്ചിതത്വവും തീവ്രമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഭരണഘടനാ കോടതിയിലെ ഒഴിവുകൾ നികത്താൻ മൂന്ന് ജസ്റ്റിസുമാരെ ഉടൻ നിയമിക്കാത്തതിനെ തുടർന്നാണ് പ്രതിപക്ഷം ഇംപീച്ച്മെന്റ് പ്രമേയം സമര്‍പ്പിച്ചത്. യൂന്‍ സുക് യോളിന്റെ ഇംപീച്ച്‌മെന്റ് നടപടികൾ പൂര്‍ത്തിയാക്കാന്‍ ഹാൻ വിസമ്മതിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. ഹാനിന്റെ ഇംപീച്ച്‌മെന്റിനുശേഷം ദക്ഷിണ കൊറിയൻ നിയമമനുസരിച്ച് ധനമന്ത്രി ചോയ് സാങ് മോക്കാണ് ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടത്. പാര്‍ലമെന്റിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടന്‍ ഹാനിനെ തന്റെ ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും.

യൂനിനെപ്പോലെ, ഹാനിന്റെയും ഇംപീച്ച്മെന്റ് ഭരണഘടനാ കോടതി സ്ഥിരീകരിക്കേണ്ടതുണ്ട്. ഇംപീച്ച്മെന്റ് ശരിവയ്ക്കണമോ എന്ന് തീരുമാനിക്കാന്‍ 180 ദിവസം സമയമുണ്ട്. ദേശീയ അസംബ്ലിയുടെ തീരുമാനത്തെ താൻ മാനിക്കുന്നെന്നും ഭരണഘടനാ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുമെന്നും ഹാന്‍ പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News