‘കസാഖിസ്ഥാനിലെ വിമാനാപകടത്തിന് പിന്നിൽ ബാഹ്യഇടപെടൽ’; റിപ്പോർട്ടുമായി അസർബൈജാൻ എയർലൈൻസ്
റഷ്യയുടെ മിസൈൽ പതിച്ചാണ് അപകടമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
ബാകു: കഴിഞ്ഞദിവസം കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ സംഭവത്തിൽ ബാഹ്യഇടപെടലുണ്ടെന്ന് അസർബൈജാൻ എയർലൈൻസിെൻറ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഭൗതികവും സാങ്കേതികവുമായ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ മനസ്സിലായിട്ടുള്ളത്.
ക്രിസ്മസ് ദിനത്തിലുണ്ടായ അപകടത്തിൽ 38 യാത്രക്കാരാണ് മരിച്ചത്. വിമാനത്തിൽ 67 പേരുണ്ടായിരുന്നു. 29 പേർ പരിക്കുകളോടെ ചികിത്സയിലാണ്. അസർബൈജാൻ എയർലൈൻസിെൻറ ജെ28243 എംബ്രയർ 190 വിമാനമാണ് അപകടത്തിൽപെട്ടത്.
അസർബൈജാെൻറ തലസ്ഥാനമായ ബാകുവിൽനിന്ന് റഷ്യയിലെ ചെച്നിയയിലുള്ള ഗ്രോസ്നിയിലേക്ക് പോവുകയായിരുന്നു വിമാനം. മൂടൽമഞ്ഞ് കാരണം ഗ്രോസ്നിയിൽ ഇറങ്ങാൻ അനുമതി നിഷേധിക്കുകയും കാസ്പിയൻ കടലിെൻറ ഭാഗത്തേക്ക് തിരിച്ചുവിടുകയും ചെയ്തു. തുടർന്ന് കസാഖിസ്ഥാനിലെ അകാതു നഗരത്തിന് സമീപം കടലിനോട് ചേർന്ന് തകർന്നുവീഴുകയായിരുന്നു.
റഷ്യയുടെ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന റിപ്പോർട്ടുകൾ അടുത്തദിവസം തന്നെ പുറത്തുവന്നിരുന്നു. എന്നാൽ, ഈ വാദം റഷ്യ നിഷേധിക്കുകയും ഇത്തരം പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതുസംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്.
അതേസമയം, റഷ്യയുടെ ‘പാൻറ്സിർ എസ് എയർ’ വ്യോമ പ്രതിരോധ സംവിധാനമാണ് വിമാനത്തെ തകർത്തതെന്ന് അസർബൈജാൻ സർക്കാർ അനുകൂല വെബ്സൈറ്റായ ‘കാലിബർ’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിമാനത്തിെൻറ മുൻവശത്ത് ദ്വാരം വീണിട്ടുണ്ട്. ഇത് മിസൈലിെൻറ ഷാർപ്പ്നെൽ പതിച്ചാണെന്നാണ് റിപ്പോർട്ട്.
വിമാനം പറന്ന റഷ്യയിലെ ഗ്രോസ്നി നഗരം യുക്രെയ്ൻ ഡ്രോണുകളുടെ പ്രധാന ലക്ഷ്യസ്ഥാനമാണ്. അതിനാൽ തന്നെ ഇവയെ പ്രതിരോധിക്കാൻ കനത്ത വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്. അബദ്ധത്തിൽ ഇതിൽനിന്നുള്ള മിസൈൽ പതിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഓൺലൈൻ ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ‘ഫ്ലൈറ്റ് റഡാർ 24’ പറയുന്നത് വിമാനത്തിെൻറ ജിപിഎസ് ജാമായിരുന്നുവെന്നാണ്. പക്ഷെ, ഇതിെൻറ കാരണം എന്താണെന്ന് അവർ പറയുന്നില്ല. ഒരു മണിക്കൂറോളം ഉയരം നിലനിർത്താൻ വിമാനം പാടുപെടുന്നുണ്ടായിരുന്നു. തുടർന്ന് പെട്ടെന്ന് താഴേക്ക് വരികയും പിന്നീട് നിലത്തേക്ക് ഇടിച്ചിറക്കുന്നതിെൻറയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷ മുൻനിർത്തി റഷ്യയിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയതായി അസർബൈജാൻ എയർലൈൻസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്.
‘ജീവിതത്തിെൻറ അവസാനത്തിനായി ഞാൻ ഒരുങ്ങി’
ഗ്രോസ്നി എത്താൻ സമയത്ത് വലിയൊരു ശബ്ദമുണ്ടായതായി ഒരു യാത്രക്കാരൻ റോയിട്ടേഴ്സിനോട് പറയുന്നു. ‘വിമാനം തകരാൻ പോവുകയാണെന്ന് ഞാൻ കരുതി. ഇതോടെ പ്രാർഥിക്കാനും ജീവിതാവസാനത്തിനായുള്ള ഒരുക്കവും തുടങ്ങി’ -ആശുപത്രിയിൽ ചികിത്സയിലുള്ള യാത്രക്കാരനായ സുഭോൻകുൽ രാഖിമോവ് പറഞ്ഞു. വലിയ ശബ്ദം കേട്ടശേഷം മദ്യപിച്ചതുപോലെയുള്ള പെരുമാറ്റമായിരുന്നു വിമാനത്തിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം അബദ്ധത്തിൽ വെടിവിച്ചിട്ടതാണെന്ന് നാല് സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റഷ്യ പറയുന്നത്.
വിമാനത്തിന് ലാൻഡ് ചെയ്യാനായി മറ്റു എയർപോർട്ടുകൾ നിർദേശിച്ചെങ്കിലും ക്യാപ്റ്റൻ കസാഖിസ്ഥാനിലെ അകാതു തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് റഷ്യൻ വ്യോമയാന മേഖലയിലെ നിരീക്ഷകരായ റോസാവിയാറ്റ്സിയ പറയുന്നു.
മലേഷ്യൻ എയർലൈൻസിെൻറ എംഎച്ച് 17െൻറ തകർച്ചക്ക് സമാനമാണ് ഇപ്പോൾ അസർബൈജാൻ എയർലൈൻസിനും സംഭവിച്ചിരിക്കുന്നത്. ആംസ്റ്റർഡാമിൽനിന്ന് ക്വാലാലംപൂരിലേക്ക് 2014 ജൂലൈ 17ന് കിഴക്കൻ ഉക്രെയ്‌നിന് മുകളിലൂടെ പറക്കുന്നതിനിടെ റഷ്യൻ പിന്തുണയുള്ള സേന ‘Buk 9M38’ ഉപരിതല മിസൈൽ ഉപയോഗിച്ച് വെടിവച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ 283 യാത്രക്കാരും 15 ജീവനക്കാരുമാണ് മരിച്ചത്.