നെതന്യാഹു ഗസ്സയിലെ കശാപ്പുകാരന്‍; ജൂതവിരുദ്ധത വളര്‍ത്തുന്നുവെന്നും ഉര്‍ദുഗാന്‍

ഗസ്സയിലെ കശാപ്പുകാരൻ എന്ന പേരിൽ നെതന്യാഹു ചരിത്രത്തിൽ തന്‍റെ പേര് എഴുതിക്കഴിഞ്ഞു

Update: 2023-11-30 07:27 GMT
Editor : Jaisy Thomas | By : Web Desk

ഉര്‍ദുഗാന്‍

Advertising

അങ്കാറ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശവുമായി തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. നെതന്യാഹു ഗസ്സയിലെ കശാപ്പുകാരനാണെന്നും ലോകത്ത് ജൂത വിരുദ്ധത വളര്‍ത്തിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഹമാസിനെ വിമോചന സംഘം എന്നു വിശേഷിപ്പിച്ച ഉര്‍ദുഗാന്‍ ഇസ്രായേലിനെ ഭീകരരാഷ്ട്രമായി മുദ്ര കുത്തുകയും ചെയ്തു. ഗസ്സയിലെ കശാപ്പുകാരൻ എന്ന പേരിൽ നെതന്യാഹു ചരിത്രത്തിൽ തന്‍റെ പേര് എഴുതിക്കഴിഞ്ഞു.ഗസ്സയിൽ താൻ നടത്തിയ കൊലപാതകങ്ങളിലൂടെ യഹൂദ വിരുദ്ധതയെ പിന്തുണച്ച് ലോകത്തെ എല്ലാ ജൂതന്മാരുടെയും സുരക്ഷയെ നെതന്യാഹു അപകടത്തിലാക്കുകയാണ്. ഇസ്രായേലുമായുള്ള ബന്ധം തുര്‍ക്കി വിച്ഛേദിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നത് തുടരുന്നതിലൂടെ നെതന്യാഹുവിന്‍റെ സർക്കാർ ആ ശ്രമങ്ങളെ സങ്കീർണ്ണമാക്കുകയാണെന്ന് ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. "നെതന്യാഹു ഭരണകൂടം നടത്തിയ പ്രസ്താവനകൾ, താത്ക്കാലിക വെടിനിര്‍ത്തല്‍ ശാശ്വത വെടിനിർത്തലായി മാറുമെന്ന ഞങ്ങളുടെ പ്രതീക്ഷകളെ കുറയ്ക്കുന്നു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടവേളക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഇരുരാജ്യങ്ങളും അംബാസഡർമാരെ വീണ്ടും നിയമിച്ചത്. വ്യാപാര ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും ദീർഘകാല വിശ്വാസം വളർത്തിയെടുക്കാൻ സഹായിച്ചേക്കാവുന്ന പുതിയ ഊർജ്ജ പദ്ധതികളിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇരുകക്ഷികളും ചര്‍ച്ച ചെയ്തിരുന്നു. ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ നപടികളില്‍ പ്രതിഷേധിച്ച് തുർക്കി ഇസ്രായേലില്‍ നിന്നും അംബാസിഡറെ തിരികെ വിളിച്ചിരുന്നു.

ഹമാസ് ഭീകരസംഘടനയല്ലെന്നും സ്വന്തം ജനതയ്ക്കും ഭൂമിക്കും വേണ്ടി പൊരുതുന്ന പോരാളികളുടെ സംഘമാണെന്നും ഉർദുഗാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭീകരസംഘടനയെ പോലെയാണ് ഇസ്രായേൽ പെരുമാറുന്നതെന്നും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

'ഞങ്ങൾക്ക് ഇസ്രായേലിൽ ഒരു പദ്ധതിയുണ്ടായിരുന്നു. അത് ഇപ്പോള്‍ റദ്ദാക്കി. കുട്ടികൾക്ക് മുകളിൽ ബോംബ് വർഷിച്ച് ഒന്നും നേടാനാകില്ല. നിങ്ങൾക്ക് പിന്നിൽ യുഎസ് ഉണ്ടോ ഇല്ലയോ എന്നതൊന്നും ഒരു പ്രശ്‌നമല്ല. ഞങ്ങൾക്ക് ഇസ്രായേലിനോട് കടപ്പാടില്ല. പടിഞ്ഞാറിന് അതുണ്ടാകും.' - ഉർദുഗാൻ പറഞ്ഞു. മനുഷ്യവംശത്തിന് എതിരെയുള്ള കുറ്റകൃത്യമാണ് ഇസ്രായേൽ ചെയ്യുന്നതെന്നാണ് തുര്‍ക്കി വിദേശ കാര്യമന്ത്രി ഹകാൻ ഫിദാന്‍ പ്രതികരിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News