വിദേശസേനകൾക്ക് അഫ്ഗാൻ വിടാനുള്ള അവസാനദിനം നാളെ; താലിബാൻ സർക്കാരിന്‍റെ പ്രഖ്യാപനം ഉടൻ

ആഗസ്ത് 31 ആണ് അമേരിക്കയടക്കമുള്ള വിദേശസേനകൾക്ക് അഫ്ഗാൻ വിടാനുള്ള അവസാന സമയം

Update: 2021-08-30 01:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

അമേരിക്കൻ സൈന്യത്തിന് അഫ്ഗാനിസ്ഥാൻ വിടാൻ ഇനി ഒരൊറ്റ ദിവസം മാത്രം. താലിബാന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്‍റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. കാബൂൾ വിമാനത്താവളത്തിനു സമീപം ഇന്നലെ യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് കുട്ടികളടക്കം ആറുപേർ മരിച്ചു.

ആഗസ്ത് 31 ആണ് അമേരിക്കയടക്കമുള്ള വിദേശസേനകൾക്ക് അഫ്ഗാൻ വിടാനുള്ള അവസാന സമയം. അതിനു മുന്‍പ് ഇന്നത്തോടെ ഒഴിപ്പിക്കൽ നടപടികളെല്ലാം പൂർത്തിയാക്കി സൈന്യത്തെ പൂർണമായി പിൻവലിക്കാനൊരുങ്ങുകയാണ് അമേരിക്ക. കാബൂളിലെ വിമാനത്താവളത്തിനു സമീപം യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലുകുട്ടികളുൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്. വിമാത്താവളത്തിലേക്ക് വരുകയായിരുന്ന ഐഎസ്-കെ ചാവേറുകൾ സഞ്ചരിച്ച വാഹനത്തിനു നേരേയാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വാദം. എന്നാൽ ആക്രമണത്തെ താലിബാൻ അപലപിച്ചു. ഐഎസ്-കെയെ അഫ്ഗാനിസ്ഥാനിൽ വലുതാക്കുന്നത് അമേരിക്കയാണെന്ന് താലിബാൻ ആരോപിച്ചു.

അതേസമയം പുതിയ സർക്കാർ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് താലിബാൻ. സർക്കാർ രൂപീകരണ ചർച്ചകൾ അവസാനിച്ചതായാണ് സൂചന. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള സർക്കാരാകും വരിക എന്നാണ് താലിബാൻ വ്യക്തമാക്കിയിട്ടുള്ളത്. താലിബാന്‍റെ ഉന്നത നേതാവും അമീറുൽ മുഅ്മിനീനുമായി അറിയപ്പെടുന്ന ഹിബതുല്ല അഖുന്ത്സാദ ഉടൻ കാബൂളിലെത്തും എന്ന വാർത്തകളും വരുന്നുണ്ട്. ഇതുവരെ മാധ്യമങ്ങളിലൊന്നും മുഖംകാണിക്കാത്ത  നേതാവാണ് ഹിബതുല്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News