52 മാസത്തെ ശമ്പളം ബോണസ്; ജീവനക്കാരെ ഞെട്ടിച്ച് സൂയസ് കനാലിൽ ബ്ലോക്കുണ്ടാക്കിയ കപ്പൽ കമ്പനി!

150ലേറെ കണ്ടെയ്‌നർ കപ്പലുകൾ എവർഗ്രീന് സ്വന്തമായുണ്ട്

Update: 2023-01-08 06:52 GMT
Editor : abs | By : Web Desk
Advertising

ജീവനക്കാർക്ക് ബോണസ് കൊടുക്കുകയെന്നത് പല കമ്പനികളിലും ഒരു ചടങ്ങാണ്. ഏറിയാൽ ഒരു മാസത്തെ ശമ്പളം. അതു കിട്ടിയാൽ തന്നെ വലിയ കാര്യം. എന്നാൽ ജീവനക്കാർക്ക് നാലു വർഷത്തെ ശമ്പളം ബോണസായി നൽകി ഞെട്ടിച്ചിരിക്കുകയാണ് ഒരു ഷിപ്പിങ് കമ്പനി. കുറച്ചു മുമ്പ് സൂയസ് കനാലിൽ ട്രാഫിക് ബ്ലോക്കുണ്ടാക്കിയ എവർഗിവണ്‍ കപ്പലിന്റെ ഉടമസ്ഥരായ എവർഗ്രീൻ മറൈൻ കോർപറേഷനാണ് ജീവനക്കാർക്ക് മോഹിപ്പിക്കുന്ന ബോണസ് നൽകിയത്.

തായ്‌വാനീസ് കമ്പനിയാണ് എവർഗ്രീൻ. 40,000 തായ്‌വാൻ ഡോളർ (1.6 ലക്ഷം രൂപ) ശമ്പളം ലഭിക്കുന്ന ഏറ്റവും താഴേക്കിടയിലുള്ള ജീവനക്കാരനു വരെ നാലു വർഷത്തെ ശമ്പളമാണ് ബോണസായി ലഭിക്കുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചിലര്‍ക്ക് 52 മാസത്തെ ശമ്പളം ബോണസായി ലഭിക്കും. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദത്തിൽ 9.91 ബില്യൺ ഡോളര്‍ വരുമാനമാണ് കമ്പനി നേടിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 92 ശതമാനം അധികം.

150ലേറെ കണ്ടെയ്‌നർ കപ്പലുകൾ 1968ൽ സ്ഥാപിതമായ എവർഗ്രീന് സ്വന്തമായുണ്ട്. എൺപത് രാഷ്ട്രങ്ങളിലെ 240 തുറമുഖങ്ങളിൽ കമ്പനിയുടെ കപ്പലുകൾ സർവീസ് നടത്തുന്നു. 2021 മാർച്ച് 23നാണ് കമ്പനിയുടെ എവർഗിവൺ കപ്പൽ സൂയസ് കനാലിൽ കുറുകെ കുടുങ്ങിയത്. 


സൂയസ് കനാലില്‍ കുടുങ്ങിക്കിടക്കുന്ന എവര്‍ഗിവണ്‍ 


കൊടുക്കേണ്ടി വന്നത് വലിയ വില

400 മീറ്റർ നീളമുള്ള കൂറ്റൻ കപ്പലായ എവർഗിവൺ സൂയസിൽ കുടുങ്ങിയതിനെ തുടർന്ന് 369 കപ്പലുകളാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്താനാകാതെ കുടുങ്ങിയിരുന്നത്. കപ്പൽ കുടുങ്ങിയ ഓരോ ദിവസവും സൂയസ് കനാൽ അതോറിറ്റിയുടെ വരുമാനത്തിൽ 14 ദശലക്ഷം യുഎസ് ഡോളറിന്റെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ലോകത്തെ ചരക്കു ഗതാഗതത്തിന്റെ 12 ശതമാനവും നടക്കുന്നത് ഈജിപ്തിലെ സൂയസ് കനാൽ വഴിയാണ്. പ്രതിദിനം അമ്പതിലേറെ കപ്പലുകളാണ് ഇതുവഴി കടന്നുപോകുന്നത്.

കപ്പൽ കുടുങ്ങിയത് മൂലം ആഗോള വ്യാപാരത്തിൽ ഒരാഴ്ച 6-10 ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായിരുന്നതായി ജർമൻ ഇൻഷൂറർ അലിയൻസ് പറയുന്നു. ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലെ കുറുക്കുവഴിയാണ് ചെങ്കടലിനും മെഡിറ്ററേനിയൻ കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന സൂയസ് കനാൽ. 190 കിലോമീറ്ററാണ് ആകെ ദൂരം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News