അന്യഗ്രഹ ജീവികളുടെ ശരീരഭാഗങ്ങളും പേടകവും അമേരിക്കയുടെ പക്കലുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ സൈനികൻ
യു.എസ് സ്‌റ്റേറ്റ് കോൺഗ്രസിന്റെ തെളിവെടുപ്പിലാണ് മുൻ യു.എസ് എയർഫോഴ്‌സ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ മേജർ ഡേവിഡ് ഗ്രഷ് ഇക്കാര്യം വെളിപ്പെടുത്തിയത്
ന്യൂഡൽഹി: അമേരിക്ക അന്യഗ്രഹപേടകം രഹസ്യമായി സൂക്ഷിക്കുന്നുണ്ടെന്നും അതിൽ നിന്ന് മനുഷ്യരാല്ലാത്ത ജീവികളുടെ അവശിഷ്ടങ്ങൾ ലഭിച്ചുവെന്നുമുള്ള വെളിപെടുത്തലുമായി മുൻ യു.എസ് എയർഫോഴ്‌സ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ മേജർ ഡേവിഡ് ഗ്രഷ്. യു.എസ് സ്‌റ്റേറ്റ് കോൺഗ്രസിന്റെ തെളിവെടുപ്പിലാണ് ഗ്രഷ് ഇക്കാര്യം പറഞ്ഞത്.
ദീർഘകാലമായി അൺ ഐഡന്റിഫൈഡ് ഫ്‌ലയിങ്ങ് ഒബ്ജക്ടുകൾ (ആകാശത്ത് കാണുന്ന പറക്കുന്ന തിരിച്ചറിയാൻ സാധിക്കാത്ത വസ്തുക്കൾ) വീണ്ടെടുക്കാനുള്ള പദ്ധതികൾ അമേരിക്ക മറച്ചു വെക്കുകയാണെന്നും ഗ്രഷ് ആരോപിച്ചു. 2019ൽ ആകാശത്ത് കാണുന്ന അജ്ഞാത പ്രതിഭാസങ്ങളെ കുറിച്ച് പര്യവേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ തലവൻ തന്നോട് ഇക്കാര്യത്തിൽ സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്ന് ഗ്രഷ് പറഞ്ഞു.
അമേരിക്കയിൽ പതിച്ച അജ്ഞാതമായ പറക്കുതളിക വീണ്ടെടുക്കാനുള്ള ദശാബ്ദങ്ങൾ നീണ്ട പദ്ധതിയെ കുറിച്ച് തനിക്കറിയാൻ കഴിഞ്ഞു. 1930 കളിൽ യു.എസ് സർക്കാർ അന്യഗ്രഹ ജീവികളെ കണ്ടത്തിയിട്ടുണ്ട്. അന്യഗ്രഹ പേടകവും അത് പ്രവർത്തിച്ചിരുന്ന മനുഷ്യരല്ലാത്ത ജീവികളുടെ അവശിഷ്ടങ്ങളും അമേരിക്കയുടെ പക്കലുണ്ടെന്നും ഗ്രഷ് പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ഗ്രഷ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അമേരിക്കയിലെ ഉന്നത ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമാക്കി വെക്കുകയാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് ഏറെ കാലമായി സേവനം ചെയ്തവരിൽ നിന്നാണ് തനിക്ക് വിവരം ലഭിച്ചതെന്നും ഫോട്ടോകൾ, രേഖകൾ, രഹസ്യമൊഴികൾ എന്നിവയടങ്ങുന്ന തെളിവുകൾ തനിക്ക് ഇവരിൽ നിന്ന് ലഭിച്ചെന്നും ഗ്രഷ് പറഞ്ഞു.
ഈ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കോൺഗ്രസിൽ എത്താതിരിക്കാൻ സൈന്യം ഫണ്ട് ദുരുപയോഗം ചെയ്യുന്നണ്ടെന്നും വിവരം രഹസ്യമാക്കി വെക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടെന്ന് ഗ്രഷ് ആരോപിച്ചു.
എന്നാൽ ഇക്കാര്യം അമേരിക്കൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.അന്യഗ്രഹ വസ്തുക്കളെ വീണ്ടെടുക്കാനുള്ള പദ്ധതികൾ മുൻകാലങ്ങളിലോ ഇപ്പോഴോ നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ലെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് വക്താവ് സ്യൂ ഗഫ് പറഞ്ഞു.