ബിൻ ലാദനെ കൊലപ്പെടുത്തിയ യുഎസ് മുൻ കമാൻഡോ അറസ്റ്റിൽ
അറസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് വിസമ്മതിച്ചു
ടെക്‌സസ്: 2011ൽ ഒസാമ ബിൻ ലാദനെ വെടിവെച്ചുകൊന്നെന്ന് അവകാശപ്പെടുന്ന യു.എസ് മുൻ നാവിക സേനാംഗം റോബോർട്ട് ജെ.ഒ.നീൽ അറസ്റ്റിൽ. പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും ദോഹോപ്രദവം ഏൽപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച യു.എസിലെ ടെക്‌സാസിൽ വെച്ചാണ് റോബോർട്ട് ജെ. ഒ നീൽ അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. 3500 ഡോളറിന്റെ ജാമ്യത്തിൽ ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചതായി ഡാളസ് മോർണിംഗ് ന്യൂസിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.അറസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഫ്രിസ്കോ പൊലീസ് വിസമ്മതിച്ചു.മൊണ്ടാന സ്വദേശിയായ ഒ.നീലും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
അമേരിക്ക ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍ എന്ന കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് ലാദനെ വധിച്ചത്. 2011ൽ ബിൻ ലാദനെ താനാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് റോബോർട്ട് ജെ.ഒ.നീൽ 2014 ലാണ് ആദ്യം തുറന്ന് പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ നടത്തിയത്. പിന്നീട് 2017 ലെ തന്റെ ഓർമ്മക്കുറിപ്പായ 'ദി ഓപ്പറേറ്റർ' എന്ന പുസ്തകത്തിൽ ഇക്കാര്യം നീല്‍ വിവരിക്കുന്നുണ്ട്. എന്നാൽ അമേരിക്കൻ സർക്കാർ ഇതുവരെ ഈ വാർത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം, ഇതാദ്യമായല്ല നീൽ മദ്യപിച്ച് അക്രമം ഉണ്ടാക്കിയത് അറസ്റ്റിലാകുന്നത്. 2016 ൽ മൊണ്ടാനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ഒ.നീലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.