ജിമ്മിൽ 210 കിലോ വെയ്റ്റെടുക്കാൻ ശ്രമം; കഴുത്തൊടിഞ്ഞ് ഫിറ്റ്നസ് ട്രെയ്‌നർ മരിച്ചു
ബാർബെൽ നേരെ കഴുത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന്, നിവർന്ന് നിൽക്കാൻ പോലും വിക്കിക്ക് കഴിഞ്ഞില്ല. ശേഷം പിന്നിലേക്ക് വീഴുകയായിരുന്നു.
ബാലി: അമിതഭാരമുള്ള ബാർബെൽ ഉയർത്താൻ ശ്രമിച്ച ഫിറ്റ്നസ് ട്രെയിനർ കഴുത്തൊടിഞ്ഞ് മരിച്ചു. ജൂലൈ 15 ന് ഇന്തോനേഷ്യയിലെ ബാലിയിലാണ് സംഭവം. 33 കാരനായ ജസ്റ്റിൻ വിക്കി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
തോളിൽ 210 കിലോ ഭാരമുള്ള ബാർബെൽ ഉപയോഗിച്ച് ഒരു സ്ക്വാറ്റ് പ്രസ്സ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു വിക്കി. എന്നാൽ, ബാർബെൽ നേരെ കഴുത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന്, നിവർന്ന് നിൽക്കാൻ പോലും വിക്കിക്ക് കഴിഞ്ഞില്ല. ശേഷം പിന്നിലേക്ക് വീഴുകയായിരുന്നു.
കഴുത്ത് ഒടിയുകയും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള സുപ്രധാന ഞരമ്പുകൾ മുറിയുകയും ചെയ്തതാണ് മരണകാരണം. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിക്കി ജോലി ചെയ്തിരുന്ന പാരഡൈസ് ബാലി ജിം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിക്കിയുടെ ഫോട്ടോ ഷെയർ ചെയ്ത "പ്രചോദനത്തിന്റെ ദീപസ്തംഭം" എന്ന് വിശേഷിപ്പിച്ചു.
ജസ്റ്റിൻ ഒരു ഫിറ്റ്നസ് വിദഗ്ദ്ധൻ എന്നതിലുപരി എല്ലാവർക്കുമൊരു പ്രചോദനമായിരുന്നു എന്നും ജിം അധികൃതർ കുറിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.