പ്രതീക്ഷകൾ അവസാനിച്ചു; ടൈറ്റൻ പേടകത്തിലെ അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ച് ഓഷ്യൻഗേറ്റ്

വ്യാഴാഴ്ച ടൈറ്റന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ ടൈറ്റാനിക്കിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു

Update: 2023-06-23 04:29 GMT
Advertising

വാഷിംഗ്ടൺ: അറ്റ്‌ലാൻഡിക്കിൽ കാണാതായ ടൈറ്റൻ അന്തർവാഹിനിയിലെ അഞ്ചുപേരും മരിച്ചെന്ന് സ്ഥിരീകരിച്ച് ഓഷ്യൻഗേറ്റ്. ബ്രിട്ടിഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് സ്കൂബാ ഡൈവർ പോൾ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകൻ സുലേമാൻ, പേടകത്തിന്റെ ഉടമസ്ഥരായ സ്റ്റോക് ടൺ റഷ് എന്നിവരായിരുന്നു എന്നിവരാണ് മരിച്ചത് . ഓഷ്യൻഗേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിരീകരണം.


ഏഴ് മീറ്റർ മാത്രം വലിപ്പമുള്ള പേടകത്തിൽ നിവർന്നു നിൽക്കാനാവാതെ ജീവൻ കയ്യിൽപിടിച്ചാണ് ഈ അഞ്ചുപേർ കഴിഞ്ഞ കുറച്ച ദിവസങ്ങൾ കഴിച്ചു കൂട്ടിയത്. പ്രതീക്ഷയായി നിന്നത് അടിത്തട്ടിൽ നിന്ന് വന്ന ശബ്ദം മാത്രമായിരുന്നു. എന്നാൽ പേടകം എവിടെയുണ്ടെന്ന് കണ്ടെത്താനായില്ല. കാനഡ- അമേരിക്ക - ഫ്രാൻസ് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചത്. 12,500 അടി താഴ്ചയിൽ പരിശോധിക്കാൻ പറ്റിയ സംവിധാനങ്ങളില്ലാത്തതും പേടകത്തിന്റെ ലൈറ്റുകൾ അണഞ്ഞതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി .

വ്യാഴാഴ്ച  ടൈറ്റന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ ടൈറ്റാനിക്കിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. ഇത് ടൈറ്റന്റേത് തന്നെയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ടൈറ്റന്റെ പിൻഭാഗമാണിത്. ഉള്ളിലെ പ്രഷർ ചേംബർ വേർപെട്ട നിലയിൽ ടൈറ്റാനിക്കിന് സമീപത്ത് നിന്നാണ് ഇത് കണ്ടെത്തിയത്. ടൈറ്റാനിക്കിന് സമീപത്ത് വെച്ച് അന്തർവാഹിനി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് യുഎസ് കോസ്റ്റ് ഗാർഡ് അറിയിക്കുന്നത്. 

ഞായറാഴ്ചയാണ് അഞ്ച് പേരുമായി പോയ അന്തർവാഹിനി കാണാതായത്. 110 വർഷങ്ങൾക്ക് മുമ്പ് അറ്റ്‌ലാൻഡിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയപ്പോഴായിരുന്നു ടൈറ്റന്റെ തിരോധാനം. ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയാണ് ടൈറ്റൻ സബ്‌മെർസിബിൾ. മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ സപ്പോർട്ട് കപ്പലായ കനേഡിയൻ റിസർച്ച് ഐസ് ബ്രേക്കർ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് 700 കിലോമീറ്റർ അകലെ വെച്ചാണ് മുങ്ങിക്കപ്പൽ അപ്രത്യക്ഷമായത്.

17 ബോൾട്ടുകൾ ഉപയോഗിച്ച് പുറത്തു നിന്ന് പൂട്ടിയാണ് ടൈറ്റനെ സമുദ്രത്തിലേക്ക് അയച്ചത്. അതുകൊണ്ടു തന്നെ ടൈറ്റാനിക്കിന് സമീപത്ത് നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയത് അശുഭകരമായ സൂചനയായി വിദഗ്ധർ വിലയിരുത്തിയിരുന്നു.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News