വീടിന്‍റെ വാതില്‍ തുറന്നപ്പോള്‍ 9 അടി നീളമുള്ള കൂറ്റന്‍ ചീങ്കണ്ണി; ഫ്ലോറിഡ സ്വദേശിക്ക് പരിക്ക്
സ്കോട്ട് ഹോളിംഗ്സ്വർത്ത് എന്നയാള്‍ക്കാണ് പരിക്കേറ്റത്
ഫ്ലോറിഡ: കൂറ്റന്‍ ചീങ്കണ്ണിയുടെ ആക്രമണത്തില്‍ ഫ്ലോറിഡ സ്വദേശിക്ക് പരിക്ക്. മാര്‍ച്ച് 4നാണ് ആക്രമണമുണ്ടായത്. സ്കോട്ട് ഹോളിംഗ്സ്വർത്ത് എന്നയാള്‍ക്കാണ് പരിക്കേറ്റത്.
സ്കോട്ട് ഭാര്യയോടൊപ്പം ഡേടോണ ബീച്ചിലെ വീട്ടിൽ ടിവി കാണുമ്പോഴായിരുന്നു സംഭവം. വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോഴാണ് ചീങ്കണ്ണിയെ കണ്ടത്. 9 അടി നീളമുള്ള കൂറ്റന്‍ ചീങ്കണ്ണിയായിരുന്നു അത്. ''വാതില്‍ തുറന്നപ്പോള്‍ അതെന്‍റെ കാലില്‍ ശക്തിയായി പിടിച്ചു'' സ്കോട്ട് പ്രാദേശിക ടിവി ചാനലിനോട് പറഞ്ഞു. തന്‍റെ വീടിനു ചുറ്റും ചീങ്കണ്ണികളെ മുന്‍പ് കണ്ടിട്ടുണ്ടെന്നും എന്നാല്‍ അവ എപ്പോഴും അകലം പാലിച്ചിട്ടുണ്ടെന്നും സ്കോട്ട് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ സ്കോട്ടിന്‍റെ തുടയ്ക്ക് കടിയേറ്റിരുന്നു. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചീങ്കണ്ണിയെ നീക്കം ചെയ്യാന്‍ അലിഗേറ്റർ ട്രാപ്പറിനെ അയച്ചുവെന്ന് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചീങ്കണ്ണിയെ പിന്നീട് ' പൊതുശല്യം' എന്ന് മുദ്രകുത്തി കമ്മീഷൻ ദയാവധം ചെയ്തു. കമ്മീഷന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഫ്ലോറിഡയിൽ മൊത്തം 1.3 ദശലക്ഷം ചീങ്കണ്ണികൾ ഉണ്ട്. ചൂട് കൂടുന്നതിനാല്‍ ഫ്ലോറിഡക്കാർക്ക് പതിവിലും കൂടുതൽ ചീങ്കണ്ണികളെ കാണാൻ കഴിയുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.