‘1967 മുതൽ ഒരു യുദ്ധവും ജയിക്കാനായിട്ടില്ല’; ഇസ്രായേലി നേതൃത്വത്തെ കുറ്റപ്പെടുത്തി മുൻ സൈനിക ജനറൽ

ഗസ്സയിൽ പരാജയപ്പെടുകയാണെന്ന് മൊസാദിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടർ

Update: 2024-05-19 07:09 GMT
Advertising

തെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനാകാതെ യുദ്ധഭൂമിയിൽ വിയർക്കുകയാണ് സൈന്യം. ഹമാസുമായുള്ള യുദ്ധത്തിൽ തോൽവി ഉറപ്പിച്ചുവെന്ന് പറയുകയാണ് ഇസ്രായേലിലെ മുൻ സൈനിക ഉന്നത ഉദ്യോഗസ്ഥർ.

ഇസ്രായേലിന് 1967 മുതൽ ഒരു യുദ്ധവും ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി പറഞ്ഞു. ഇസ്രായേലി പത്രമായ ഹാരെറ്റ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരാട്രൂപ്പർമാരുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കമാൻഡർ, സയറെറ്റ് മത്കലിന്റെ കമാൻഡർ, പാരാട്രൂപ്പേഴ്‌സ് ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാൻഡർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് തമാരി.

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും. എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പോരാട്ടത്തിൽ മികച്ചതാണ്. എന്നാൽ, യുദ്ധത്തിൽ അവർ ഒന്നുമല്ല. 1967 മുതൽ ഒരു യുദ്ധവും ജയിക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. ഇത് സൈനിക നേതൃത്വത്തിന്റെ മാത്രം പ്രശ്നമല്ല. മറിച്ച് നയതന്ത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നമാണെന്നും തമാരി പറഞ്ഞു.

ഹമാസിനെതിരെ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. ഹമാസ് നിലനിൽപ്പിന് വേണ്ടിയാണ് പോരാടുന്നത്. ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നു. സൈന്യത്തിന്റെ നടപടികളും നയങ്ങളും തീർത്തും തെറ്റാണ്.

ഇത് എവിടേക്ക് നയിക്കുമെന്ന് തനിക്കറിയില്ല. എന്നാൽ, മുമ്പ് ലോകം അംഗീകരിച്ച ഹോളോകോസ്റ്റ് മുതൽ പുനരുജ്ജീവനം വരെയുള്ള ഇസ്രായേലി ആഖ്യാനം നഷ്ടപ്പെട്ടുവെന്ന് തനിക്ക് വ്യക്തമാണ്. ഇന്നത്തെ ലോകത്ത് ഇസ്രായേൽ ആഖ്യാനത്തേക്കാൾ ഫലസ്തീനിയൻ/അറബ്/മുസ്ലിം ആഖ്യാനം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇസ്രായേലി കുടിയേറ്റക്കാരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഡോവ് തമാരി കൂട്ടിച്ചേർത്തു.

ഗസ്സയിൽ നമ്മൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ റിസർവ് ആർമിയിലെ മേജർ ജനറൽ യിത്സാക് ബ്രിക്ക് വ്യക്തമാക്കുന്നു. യുദ്ധം നീണ്ടുപോകുന്നത് സൈന്യത്തിന്റെയും ഇസ്രായേലി സമ്പദ്‍വ്യവസ്ഥയുടെയും തകർച്ചയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇസ്രായേൽ സൈന്യത്തിന് അടിയന്തര പുനരധിവാസം ആവശ്യമാണ്. കരസേനയുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്. ഹമാസിനെ ഇല്ലാതാക്കുന്നതിൽ സൈന്യം പരാജയപ്പെട്ടിരിക്കുന്നു. ദിവസവും ആയിരക്കണക്കിന് റോക്കറ്റുകൾ വിക്ഷേപിക്കുക എന്നത് മാത്രമല്ല യുദ്ധം. സൈനികരുടെയും തൊഴിലാളികളുടെയും അഭാവം രാജ്യത്തിന് വലിയ പ്രതിസന്ധിയാണ്. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഇസ്രായേൽ ഒറ്റപ്പെട്ട് കഴിഞ്ഞുവെന്നും യിത്സാക് ബ്രിക്ക് കൂട്ടിച്ചേർത്തു.

ഗസ്സയിലെ യുദ്ധം ലക്ഷ്യമില്ലാത്തതാണെന്നും അവി​ടെ പരാജയപ്പെടുകയാണെന്നും മൊസാദിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ബെൻ ബരാക്ക് പറഞ്ഞു. ഇസ്രായേൽ ആർമി റേഡിയോയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധം അവസാനിപ്പിച്ച ഇടങ്ങളിലേക്ക് വീണ്ടും സൈന്യത്തിന് മടങ്ങിവരേണ്ടി വരുന്നു. കൂടുതൽ സൈനികർ കൊല്ലപ്പെടുന്നു. അന്താരാഷ്ട്ര വേദികളിൽ ഒറ്റപ്പെടുന്നു. അമേരിക്കയുമായുള്ള ബന്ധം വഷളായി. സമ്പദ് വ്യവസ്ഥ തകർന്നു. നമ്മൾ നേടിയ ഒരു ലക്ഷ്യമെങ്കിലും നിങ്ങൾ കാണിച്ചു തരൂവെന്നും ബെൻ ബരാക്ക് പറഞ്ഞു.

അതേസമയം, ഗസ്സയിലെ യുദ്ധം നീണ്ടുപോകുന്നതിനിടെ ഇസ്രായേലിലെ യുദ്ധ മന്ത്രിസഭയിലും വലിയ ഭിന്നതയാണ് രൂപപ്പെടുന്നത്. അടുത്ത മാസത്തോടെ തന്റെ ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് മന്ത്രി ബെന്നി ഗാന്റ്സ് പ്രധാനമന്ത്രി നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി. നിർണായക തീരുമാനങ്ങൾ എടുക്കാനാകുന്നില്ല. വിജയം ഉറപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നേതൃത്വം നടത്തുന്നില്ലെന്നും ബെന്നി ഗാന്റ്സ് കുറ്റപ്പെടുത്തി. ഇതിന് പുറമെ മന്ത്രിസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വീറും തമ്മിൽ ഏറ്റുമുട്ടിയെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News