ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി
പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കും ജാമ്യം
ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടതിന് പിന്നാലെ പ്രധാന പ്രതിപക്ഷ പാർട്ടി നേതാക്കൾ ജയിൽ മോചിതരായി. മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി അധ്യക്ഷയുമായ ഖാലിദ സിയയെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചു. മൂന്ന് സൈനിക തലവൻമാർ, വിവിധ പാർട്ടികളുടെ നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിവേചനത്തിനെതിരെ പോരാടുന്ന വിദ്യാർഥി നേതാക്കൾ എന്നിവരുമായി പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇവരെ മോചിതയാക്കിയത്. 1991 മുതൽ 1996 വരെയും 2001ൽ മുതൽ 2006 വരെയും ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു. ശൈഖ് ഹസീനയുടെ പ്രധാന പ്രതിയോഗി കൂടിയായിരുന്ന ഇവർക്കെതിരെ 2018ലാണ് അഴിമതികേസിൽ 17 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്.
ഖാലിദ സിയക്ക് പുറമെ മറ്റു ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാക്കൾക്കും ചൊവ്വാഴ്ച ജാമ്യം ലഭിച്ചു. ഖാലിദ സിയയുടെ ഉപദേഷ്ടാവായിരുന്ന അമാനുല്ല അമൻ, സീനിയർ ജോയിന്റ് സെക്രട്ടറി ജനറൽ റുഹുൽ കബീർ റിസ്‍വി, സ്റ്റാൻഡിങ് കമ്മിറ്റി അമീർ ഖസ്റു മഹ്മൂദ് ചൗധരി എന്നിവരും മറ്റു മുതിർന്ന നേതാക്കൾക്കുമാണ് ജാമ്യം ലഭിച്ചത്. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്.
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ജനറൽ മിയ ഗുലാം പർവാർ, ബംഗ്ലാദേശ് ജാതിയ പാർട്ടി ചെയർമാൻ അൻദാലീവ് റഹ്മാൻ പാർത്ഥ, ഗോണോ അധികാർ പരിഷത് പ്രസിഡന്റ് നൂറുൽ ഹഖ് നൂറ തുടങ്ങിയവർക്കും ജാമ്യം ലഭിച്ചു. ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറപ്പെടുവിച്ചത്.
സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ജൂലൈ ഒന്നിനും ആഗസ്റ്റ് അഞ്ചിനും ഇടയിൽ അറസ്റ്റ് ചെയ്തവരെയും വിട്ടയച്ചിട്ടുണ്ട്. ജൂലൈ 30 വരെ 10,431 പേരെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. ഇതിന് ശേഷവും വലിയരീതിയിലുള്ള അറസ്റ്റുകളുണ്ടായി. 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 300ലധികം പേരാണ് കൊല്ലപ്പെട്ടത്.
രാജ്യം വിടാനാകാതെ മുൻ മന്ത്രി
രാജ്യം വിടാൻ ശ്രമിച്ച ബംഗ്ലാദേശ് മുൻ മന്ത്രി ജുനൈദ് അഹമ്മദ് പലക്കിനെ ധാക്ക വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. രണ്ട് സഹായികൾക്കൊപ്പമാണ് ഇദ്ദേഹം വിമാനത്താവളത്തിലെത്തിയത്. വിമാനത്തിൽ കയറുന്നത് തടഞ്ഞ് എമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.