ഇസ്രായേൽ വ്യോമാക്രമണം: ഫലസ്തീൻ ഫുട്ബാൾ ടീം മുൻ കോച്ച് കൊല്ലപ്പെട്ടു
88 കായിക താരങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രണമത്തിൽ ഫലസ്തീൻ ഫുട്ബാൾ ടീമിന്റെ മുൻ കോച്ച് കൊല്ലപ്പെട്ടു. ഒളിമ്പിക്സ് ടീമിന്റെ കോച്ചായിരുന്ന ഹാനി അൽ മുസദ്ദറാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനിയൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. മധ്യ ഗസ്സയിലെ അൽ മുസദ്ദർ ഗ്രാമത്തിലുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്.
2018ൽ വിരമിക്കും മുമ്പ് അൽ മഗസിൽ, ഗസ്സ സ്പോർട്സ് എന്നീ ടീമുകൾക്കായി ഇദ്ദേഹം കളിച്ചിരുന്നു. അതിന് ശേഷമാണ് ഒളിമ്പിക്സ് ടീമിന്റെ കോച്ചായി ചുമതലയേൽക്കുന്നത്.
ഇസ്രായേലിൻറെ ആക്രമണത്തിൽ 67 ഫുട്ബാൾ കളിക്കാർ ഉൾപ്പെടെ 88 കായിക താരങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്. കൂടാതെ ടെക്നിക്കൽ സ്റ്റാഫുൾപ്പെടെ 24 കായിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
ഫലസ്തീനിലെ കായിക മേഖലയോടും കായിക താരങ്ങളോടും ഇസ്രായേൽ തുടരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും മറ്റു കായിക ഫെഡറേഷനുകൾക്കും സന്ദേശമയച്ചതായി ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി.
നേരത്തെ ഗസ്സയിലെ ഫലസ്തീൻ സ്റ്റേഡിയം ഇസ്രായേൽ അധിനിവേശ സേന തടങ്കൽപ്പാളയമാക്കി മാറ്റിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഒക്ടോബർ ഏഴിന് ശേഷം 22,722 പേരാണ് ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടത്. 58,166 പേർക്ക് പരിക്കേറ്റു.