പാകിസ്‌താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു
ഇന്ത്യ- പാകിസ്താൻ യുദ്ധത്തിലേക്ക് നയിച്ച കാർഗിൽ നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നൽകിയ നേതാവാണ്
പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. 79 വയസായിരുന്നു. പ്രായാധിക്യ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
പാകിസ്‌താനിലെ പട്ടാളമേധാവി കൂടിയായിരുന്നു പർവേസ് മുഷറഫ്. 1999 ഒക്ടോബർ 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കിയാണ് മുഷറഫ് അധികാരം പിടിച്ചെടുത്തത്. പാകിസ്‌താന്റെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു പർവേസ് മുഷറഫ്. 1998 മുതൽ 2001 വരെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ പത്താമത്തെ ചെയർമാനായും 1998 മുതൽ 2007 വരെ രാജ്യത്തെ ഏഴാമത്തെ കരസേനാ മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1943 ഓഗസ്റ്റ് 11ൽ ഡൽഹിയിലാണ് സയ്യിദ് പർവേസ് മുഷറഫിന്റെ ജനനം. കറാച്ചിയിലും ഇസ്താംബൂളിലുമായി ബാല്യകാലം ചെലവിട്ടു. ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ ഗണിതശാസ്ത്രം പഠിച്ച അദ്ദേഹം ബ്രിട്ടണിലെ റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസിലാണ് തുടർപഠനം പൂർത്തിയാക്കിയത്.
1961-ൽ പാകിസ്ഥാൻ മിലിട്ടറി അക്കാദമിയിൽ പ്രവേശിച്ച മുഷറഫ് 1964-ൽ പാകിസ്ഥാൻ ആർമിയിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. 1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ രണ്ടാം ലെഫ്റ്റനന്റായിരുന്നു ഇദ്ദേഹം. 1980കളിൽ പീരങ്കി സേനയുടെ കമാൻഡറായി. 1990കളിൽ മുഷറഫിന് മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്‌തു. പിന്നീട് സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിന്റെ കമാൻഡറായ ഇദ്ദേഹം ഡെപ്യൂട്ടി സൈനിക സെക്രട്ടറിയായും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചു.
അഫ്‌ഗാൻ ആഭ്യന്തര യുദ്ധത്തിൽ സജീവ പങ്കുവഹിച്ച വ്യക്തി കൂടിയാണ്. താലിബാനുള്ള പാകിസ്ഥാൻ പിന്തുണ പ്രോത്സാഹിപ്പിച്ചതും മുഷറഫിന്റെ കാലത്തായിരുന്നു. 1999ൽ ഇന്ത്യ- പാകിസ്താൻ യുദ്ധത്തിലേക്ക് നയിച്ച കാർഗിൽ നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നൽകിയതും പർവേസ് മുഷറഫാണ്.
മേജർ ജനറലായിരിക്കെ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി മുഷറഫ് നിരന്തരം തർക്കത്തിൽ ഏർപ്പെട്ടിരുന്നു. മുഷറഫിനെ സൈനിക മേധാവി സ്ഥാനത്ത് നിന്ന് മാറ്റാൻ നവാസ് ഷെരീഫ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഇതിന് പ്രതികാരമെന്നോണം 1999ൽ മുഷറഫിന്റെ സൈന്യം ഒരു അട്ടിമറി നടത്തി നവാസ് ഷെരീഫിനെ താഴെയിറക്കി. 2001ൽ പാകിസ്താൻ പ്രസിഡന്റായി അധികാരമേറ്റെടുക്കാൻ മുഷാറഫിന് അനുമതി ലഭിക്കുകയും ചെയ്‌തു.
പ്രസിഡന്റായി ഔദ്യോഗിക നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ നവാസ് ഷെരീഫിനെ മുഷറഫ് കർശന വീട്ടുതടങ്കലിലാക്കിയിരുന്നു. അത്രയും നാൾ ജോയിന്റ് ചീഫ്സ് ചെയർമാനും ആർമി സ്റ്റാഫ് മേധാവിയുമായി തുടർന്ന മുഷറഫ് പ്രസിഡന്റായി അധികാരമേൽക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ ഈ സ്ഥാനങ്ങൾ ഉപേക്ഷിച്ചു. എങ്കിലും 2007ൽ വിരമിക്കുന്നതുവരെ അദ്ദേഹം കരസേനാ മേധാവിയായി തുടർന്നു.
പാകിസ്‌താനിൽ വീരപരിവേഷം ഉണ്ടായിരുന്നെങ്കിലും മുഷറഫിന്റെ ഭരണകാലം അത്ര സുഖകരമായിരുന്നില്ല. അധികാരത്തിലെത്തിയതിന് പിന്നാലെ ട്രേഡ് യൂണിയനുകളെ മുഷറഫ് നിരോധിച്ചു. മുഷറഫിന്റെ ഭരണകാലം മൊത്തത്തിലുള്ള മൊത്ത ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചെങ്കിലും അതേ കാലയളവിൽ, ആഭ്യന്തര സമ്പാദ്യം കുറയുകയും ചെയ്‌തു. രാജ്യത്ത് ഈ കാലയളവിൽ സാമ്പത്തിക അസമത്വം അതിവേഗം ഉയർന്നു.
മുഷറഫിന്റെ സർക്കാരിനെതിരെ മനുഷ്യാവകാശ ലംഘനങ്ങളും ആരോപിക്കപ്പെട്ടിട്ടുണ്ട്. നിരവധി വധശ്രമങ്ങൾ മുഷറഫിന് നേരെയുണ്ടായിട്ടുണ്ട്. ഇവയെല്ലാം അതിജീവിച്ചാണ് അദ്ദേഹം ഭരണരംഗത്ത് തന്നെ തുടർന്നത്. 2007ലെ പാകിസ്താൻ അടിയന്തരാവസ്ഥക്കാലത്ത് 60 ജഡ്ജിമാരെ തടവിൽ പാർപ്പിച്ച കേസിൽ ഏപ്രിൽ 19ന് മുഷറഫ് അറസ്റ്റിലായി. തുടർന്ന് വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. പിന്നീട് 2008ൽ ഇംപീച്ച്‌മെന്റ് ഒഴിവാക്കുന്നതിനായി സ്വയം രാജി സമർപ്പിച്ചുകൊണ്ട് മുഷറഫ് ലണ്ടനിലേക്ക് കുടിയേറി
നാലുവർഷത്തോളം ലണ്ടനിൽ തുടർന്ന മുഷറഫ് വിദേശവാസം അവസാനിപ്പിച്ച് 2013 മാർച്ച് 24ന് പാകിസ്താനിലേക്ക് തിരിച്ചെത്തി. രാജ്യത്ത് അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ, രണ്ട് മണ്ഡലങ്ങളിൽ മുഷറഫ് സമർപ്പിച്ച പത്രികകളെല്ലാം തഴയപ്പെടുകയാണ് ഉണ്ടായത്. എന്നിരുന്നാലും, പാകിസ്‌താന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരേടാണ് പർവേസ് മുഷറഫ്.