ഒരു കൊളംബിയൻ അപാരത! 40 ദിവസം ആമസോണ്‍ കൊടുംവനത്തില്‍; വിമാനാപകടത്തിൽ കാണാതായ കുട്ടികളെ ജീവനോടെ കണ്ടെത്തി

ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞടക്കം നാലു കുട്ടികളെയാണ് കൊളംബിയൻ സേന കൊടുംവനത്തിൽനിന്ന് കണ്ടെത്തിയത്

Update: 2023-06-10 04:32 GMT
Editor : Shaheer | By : Web Desk
Advertising

ബൊഗോട്ട: 40 ദിവസം ആമസോൺ മഴക്കാടിന്റെ കൊടുംവന്യതയിൽ, വന്യമൃഗങ്ങൾക്കും ഇഴജന്തുക്കൾക്കുമിടയിൽ, രാത്രിയുടെ ഭീതിപ്പെടുത്തുന്ന ഏകാന്തതയില്‍.. എല്ലാ പ്രതികൂലാവസ്ഥകളെയും അതിജീവിച്ച് നാലു കുഞ്ഞുങ്ങൾ!

ഒരു മാസംമുൻപ് കൊളംബിയൻ മഴക്കാടിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തിയതായുള്ള വിസ്മയിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ലോകത്തിനാകെ ആശ്ചര്യവും സന്തോഷവും പകരുന്ന വാർത്ത പുറത്തുവിട്ടത്.

കഴിഞ്ഞ മെയ് ഒന്നിനായിരുന്നു കൊളംബിയൻ കുടുംബം സന്ദർശിച്ച ചെറുവിമാനം സെസ്‌ന 206 ആമസോൺ കാട്ടിനകത്ത് തകർന്നുവീഴുന്നത്. ആറ് യാത്രികരും ഒരു പൈലറ്റുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എൻജിൻ തകരാറിനെ തുടർന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ഏതാനും മിനിറ്റുകൾക്കകം റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. പിന്നീടാണ് വിമാനം ആമസോൺ കാട്ടിൽ തകർന്നുവീണ വിവരം പുറത്തുവരുന്നത്.

സംഭവസ്ഥലത്തുവച്ച് കുട്ടികളുടെ മാതാപിതാക്കളുടെയും പൈലറ്റിന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ, കൊളംബിയൻ സേന ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും വിമാനത്തിലുണ്ടായിരുന്ന കുട്ടികളുടെ ഒരു വിവരവും ലഭിച്ചില്ല. കുട്ടികളെ കാണാതായത് കൊളംബിയയിൽ തീരാനോവായി മാറിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസമാണ് കാട്ടിൽ അലഞ്ഞുതിരിയുകയായിരുന്ന കുട്ടികളെ സൈനികർ കണ്ടെത്തുന്നത്. ഇവർക്ക് ഉടൻ തന്നെ പ്രാഥമിക വൈദ്യപരിചരണം നൽകിയിട്ടുണ്ട്. 13ഉം ഒൻപതും നാലും വയസുള്ള സഹോദരങ്ങൾക്കൊപ്പം ഒരു വയസ് മാത്രം പ്രായമുള്ള ഇവരുടെ ചെറിയ കുട്ടിയുമുണ്ടായിരുന്നു.

കുട്ടികൾ ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നതെന്ന് ഗുസ്താവോ പെട്രോ പറഞ്ഞു. എല്ലാവരും ക്ഷീണിതരുമായിരുന്നു. ബാക്കി കാര്യങ്ങൾ ഡോക്ടർമാർ വിലയിരുത്തട്ടെ. അവരെ കണ്ടെത്താനായെന്നതു തന്നെ വലിയ സന്തോഷമാണ്. അതിജീവനത്തിന്റെ വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് കുട്ടികൾ. ഇതു ചരിത്രത്തിൽ വലിയൊരു വീരകഥയായി രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Four children found alive in the Colombian Amazon jungle 40 days after plane crash

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News