ലബനാന് 108 മില്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ്

ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു.

Update: 2024-10-24 13:48 GMT
Advertising

പാരീസ്: ലബനാന് 100 മില്യൻ യൂറോ (108 മില്യൻ ഡോളർ) ധനസഹായം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ രൂക്ഷമായ ഭാഷയിലാണ് മാക്രോൺ വിമർശിച്ചത്. വലിയ നശീകരണമാണ് അവിടെ നടക്കുന്നത്. വലിയ സാമ്പത്തിക സഹായം അവർക്ക് ആവശ്യമുണ്ട്. 10 ലക്ഷത്തിലധികം ആളുകളാണ് ഭവനരഹിതരായത്. ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.

ഏഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും യൂറോപ്യൻ യൂണിയൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിലാണ് മാക്രോൺ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ലബനാന് അടിയന്തരമായി 400 മില്യൻ ഡോളർ സഹായം ആവശ്യമുണ്ടെന്ന് യുഎൻ പറഞ്ഞിരുന്നു. ഇത് ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് പ്രസിഡന്റ് സമ്മേളനത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ലബനാൻ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും ഫ്രാൻസ് ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റെ തെക്കുഭാഗത്ത് സൈന്യത്തെ കൂടുതലായി വിന്യസിക്കുന്നതിലൂടെ ഹിസ്ബുല്ലയുടെ ശക്തി കുറ്ക്കാനാവുമെന്നും ഫ്രാൻസ് കരുതുന്നു.

തെക്കൻ ലബനാനിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യവും വെടിനിർത്തലും യുഎൻ രക്ഷാസമിതി പ്രമേയവും നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ സൈനികരെ റിക്രൂട്ട് ചെയ്യാനും 8,000 സൈനികരെ തെക്കൻ മേഖലയിൽ വിന്യസിക്കാനും തീരുമാനിച്ചതായി സമ്മേളനത്തിൽ സംസാരിച്ച ലബനാൻ ആക്ടിങ് പ്രധാനമന്ത്രി നജീബ് മീഖാത്തി പറഞ്ഞു. സൈന്യത്തെ സജ്ജരാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ലബനാന് കൂടുതൽ അന്താരാഷ്ട്ര സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലബനീസ് സൈന്യത്തിന് ഈ വർഷം 20 മില്യൻ യൂറോയും അടുത്ത വർഷം 40 മില്യൻ യൂറോയും നൽകുമെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ പറഞ്ഞു.

അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക പങ്കുവഹിക്കുന്ന അമേരിക്കയുടെ പ്രധാനപ്പെട്ട പ്രതിനിധികളാരും പാരീസ് സമ്മേളനത്തിൽ പങ്കെടുത്തില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉച്ചകോടിക്ക് എത്തിയില്ല. ഉച്ചകോടിയിൽ പങ്കെടുത്ത 12ൽ കൂടുതൽ രാജ്യങ്ങൾ വളരെ ജൂനിയറായ പ്രതിനിധകളെയാണ് സമ്മേളനത്തിന് അയച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News