യുക്രൈനിൽ റഷ്യൻ ബോംബാക്രമണത്തിനിടെ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
യുക്രൈൻ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ കുറഞ്ഞത് എട്ട് മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്
കിയവ്: കിഴക്കൻ യുക്രൈനിൽ റഷ്യൻ ബോംബാക്രമണത്തിനിടെ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി യുക്രൈൻ അധികൃതർ അറിയിച്ചു. ബിഎഫ്എം ടെലിവിഷൻ ന്യൂസ് റിപ്പോർട്ടറായ ലെക്ലർക്ക്-ഇംഹോഫ് ആണ് മരിച്ചത്.
റഷ്യയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാവർരുടെ കൂടെയായിരുന്നു ഇംഹോഫ് എന്നും യുദ്ധത്തിന്റെ യാഥാർഥ്യം പുറംലോകത്തേക്കെത്തിക്കാനുള്ള ശ്രമത്തിലായിരുന്നെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രസിഡന്റ് അറിയിച്ചു.
തന്റെ ചുമതല നിർവഹിക്കുന്നതിനിടയിൽ റഷ്യയുടെ ബോംബാക്രമണിത്തിൽ അദ്ദേഹം മരിക്കുകയായിരുന്നെന്ന് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ ട്വീറ്റ് ചെയ്തു.
യുക്രൈൻ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ കുറഞ്ഞത് എട്ട് മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമ അഭിഭാഷക ഗ്രൂപ്പായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറയുന്നു.