ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്രായേലിൽ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നേരിട്ട് കണ്ട് മാക്രോൺ ഐക്യദാർഢ്യമറിയിക്കും.
തെൽ അവീവ്: ഇസ്രായേലിന് ഐക്യദാർഢ്യമറിയിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തെൽ അവീവിലെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നേരിട്ട് കണ്ട് മാക്രോൺ ഐക്യദാർഢ്യമറിയിക്കും. ഗസ്സയിൽ സിവിലിയൻമാർക്ക് നേരെ നടക്കുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും മാക്രോൺ ആവശ്യപ്പെടുമെന്ന് ഫ്രഞ്ച് വൃത്തങ്ങൾ അറിയിച്ചു.
നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കാണും. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, പ്രതിപക്ഷ നേതാക്കളായ ബെന്നി ഗാൺട്‌സ്, യായിർ ലാപിഡ് എന്നിവരുമായും മാക്രോൺ കൂടിക്കാഴ്ച നടത്തും. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഫ്രഞ്ച് പൗരൻമാരുടെയും ഫ്രഞ്ച് ഇസ്രായേലി പൗരൻമാരുടെയും കുടുംബങ്ങളെയും മാക്രോൺ കാണും.
ഒക്ടോബർ ഏഴിനാണ് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 5,100 പേരാണ് കൊല്ലപ്പെട്ടത്. വെള്ളവും വൈദ്യുതിയും തടഞ്ഞുള്ള ഇസ്രായേൽ ഉപരോധത്തിൽ ഗസ്സയിലെ ജനങ്ങൾ വൻ ദുരിതത്തിലാണ്.