ഫ്രൈഞ്ച് ഫ്രൈസ് ഇനി ബഹിരാകാശത്ത് ഉണ്ടാക്കാം
ബഹിരാകാശത്ത് ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്യൽ മുതൽ മൈക്രോഗ്രാവിറ്റിയിലെ സൗരോർജ്ജത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത് വരെയുള്ള വിവിധ മുറ്റേങ്ങളിലേക്ക് ഈ പരീക്ഷണം നയിക്കുമെന്നാണ് ശാസ്ത്രജ്ഞൻമാരുടെ വിലയിരുത്തൽ
ഫ്രെഞ്ച് ഫ്രൈസ് ആരാധകരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വീട്ടിൽ തന്നെ ഫ്രെഞ്ച് ഫ്രൈസ് ഉണ്ടാക്കമെന്നതും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുമെന്നുള്ളതും ഫ്രെഞ്ച് ഫ്രൈസിനോടുള്ള പ്രേമത്തിന്‍റെ കാരണങ്ങളാണ്. ഇങ്ങ് ഭൂമിയിൽ ഇത്ര ഫേമസ് ആയ ഫ്രെഞ്ച് ഫ്രൈസിന്‍റെ രുചി ഇപ്പോഴിതാ ബഹിരാകാശത്തും എത്തിയിരിക്കുകയാണ്.
ആഗോള ബഹിരാകാശ ഏജൻസികൾ കൂടുതൽ ദൈർഘ്യമുള്ള ദൗത്യങ്ങൾക്കായി മനുഷ്യനെ ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും അയക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ബഹിരാകാശത്തേക്ക് പോകുന്നവർക്ക് മികച്ച ഭക്ഷണം ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബഹിരാകാശത്ത് ഭക്ഷണം പാചകം ചെയ്യാനുള്ള പരീക്ഷണങ്ങളുമായി ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയും തെസ്സലനീക്കി യൂണിവേഴ്സിറ്റിയും സംയുക്തമായാണ് ഗവേഷണം നടത്തിയത്.
ആളുകളും വസ്തുക്കളുമൊക്കെ ഭാരമില്ലാത്തതായി കാണപ്പെടുന്ന മൈറ്റോ ഗ്രാവിറ്റി എന്ന അവസ്ഥയിൽ ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്യുന്നതിനായി ശാസ്ത്രജ്ഞർ ഒരു ഉപകരണവും രൂപകൽപ്പന ചെയ്തിരുന്നു. രണ്ട് പാരാബോളിക് ഫ്ളൈറ്റുകളിൽ ഈ ഉപകരണം പരീക്ഷിക്കുകയും ചെയ്തു. ഈ ഫ്രൈഞ്ച് ഫ്രൈസ് പരീക്ഷണം ഹൈ റെസല്യൂഷൻ കാമറ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു.
സാധാരണഗതിയിൽ ഗുരുത്വാകർഷണമില്ലാത്ത ഒരിടത്ത് ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്യാൻ സാധിക്കില്ല. എന്നാൽ പുതുതായി കണ്ടെത്തിയ ഉപകരണം ഉപയോഗിച്ചതിന് ശേഷം ഉരുളക്കിഴങ്ങ് എണ്ണയിൽ ഇട്ടപ്പോള്‍ ഉരുളക്കിഴങ്ങിന്‍റെ ഉപരിതലത്തിൽ നിന്നും വെള്ളം എളുപ്പത്തിൽ നീരാവിയായി ഉയർന്നു പൊങ്ങുന്നതായി കണ്ടെത്തി. പരീക്ഷണത്തിന്‍റെ ഭാഗമായി എണ്ണയുടെ താപനിലയും ഉരുളക്കിഴങ്ങിന്‍റെ താപനിലയും അളന്നിരുന്നു.
ബഹിരാകാശത്ത് ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്യൽ മുതൽ മൈക്രോഗ്രാവിറ്റിയിലെ സൗരോർജ്ജത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത് വരെയുള്ള വിവിധ മുറ്റേങ്ങളിലേക്ക് ഈ പരീക്ഷണം നയിക്കുമെന്നാണ് പരീക്ഷണ സംഘത്തിലെ അംഗമായ ജോൺ ലിയോംബസ് പ്രതികരിച്ചത്.