ജി7 ഉച്ചകോടി: ഇന്ത്യൻ സംഘത്തിൽ രണ്ടുപേർക്ക് കോവിഡ്

ഇന്ത്യൻ പ്രതിനിധി സംഘം മുഴുവൻ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു

Update: 2021-05-05 09:18 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ സംഘത്തിൽ രണ്ടുപേർക്ക് കോവിഡ്. ഇതേത്തുടർന്ന് ഇന്ത്യൻ പ്രതിനിധി സംഘം മുഴുവൻ സ്വയം ഐസൊലേഷനിലേക്ക് മാറിയിരിക്കുകയാണ്.

ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ബ്രിട്ടീഷ് അധികൃതരാണ് പുറത്തുവിട്ടത്. അതേസമയം, വൈറസ് സ്ഥിരീകരിച്ചവരിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇല്ലെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേലുമായി കഴിഞ്ഞ ദിവസം ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് വാർത്തയെ കുറിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചിട്ടില്ല.

ശക്തമായ കോവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് ഉച്ചകോടി നടക്കുന്നത്. മുഴുവൻ പ്രതിനിധികളെയും ദിവസവും ടെസ്റ്റ് നടത്തി കോവിഡില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കുക. അതേസമയം, ഐസൊലേഷനിൽ കഴിയുന്ന ഇന്ത്യൻ സംഘം ഓൺലൈനായി ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

ജി7 അംഗമല്ലെങ്കിൽ ഈ വർഷത്തെ അതിഥിയായാണ് ഇന്ത്യയ്ക്ക് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായി പങ്കെടുക്കുന്നുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News