തീപിടിത്തത്തിൽ വീട് കത്തിച്ചാമ്പലായ വേദനയിൽ പൊട്ടിക്കരഞ്ഞ് ഹോളിവുഡ് താരം; ഗസ്സക്കാരെ മുഴുവൻ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്തത് ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

'ഒരു ദയയും കാണിക്കേണ്ട, എല്ലാവരെയും കൊന്നുകളയണം' എന്നായിരുന്നു ഗസ്സയിലെ തകർന്നടിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിസ്സഹായരായി കരയുന്ന ഫലസ്തീനികളുടെ ചിത്രം പങ്കുവച്ച് മാസങ്ങൾക്കുമുൻപ് ജെയിംസ് വുഡ്‌സ് എക്സില്‍ കുറിച്ചത്

Update: 2025-01-11 03:34 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിനെ വിഴുങ്ങിയ വൻ തീപ്പിടിത്തത്തിൽ ടെലിവിഷൻ ചാനലിൽ വന്ന് പൊട്ടിക്കരയുന്ന ഹോളിവുഡ് താരം ജെയിംസ് വുഡ്‌സിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. സംഭവത്തിൽ വുഡ്സിന്റെ വീടും ചാരമായിരുന്നു. എന്നാൽ, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ പ്രകീർത്തിച്ചും പിന്തുണ പ്രഖ്യാപിച്ചുമുള്ള താരത്തിന്റെ പഴയ പോസ്റ്റുകൾ ഓർമിപ്പിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ. ഗസ്സയിലെ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇരുന്ന് നിസ്സഹായരായി കരയുന്ന ഫലസ്തീനികളുടെ ചിത്രം പങ്കുവച്ച് 'ഒരു ദയയും കാണിക്കേണ്ട, എല്ലാവരെയും കൊന്നുകളയണം' എന്നായിരുന്നു മാസങ്ങൾക്കുമുൻപ് നടൻ ആഹ്വാനം ചെയ്തിരുന്നത്.

രണ്ടു തവണ ഓസ്‌കാർ നാമനിർദേശം നേടുകയും മൂന്ന് തവണ എമ്മി പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത ഹോളിവുഡ് നടനാണ് ജെയിംസ് വുഡ്സ്. കഴിഞ്ഞ ദിവസം 'സിഎൻഎൻ' ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അഗ്‌നിബാധയുടെ ഭീകരത നിറഞ്ഞ നേരനുഭവങ്ങൾ വിവരിച്ചത്. ലോസ് ഏഞ്ചൽസിലെ പസിഫിക് പാലിസേഡ്സിലെ സ്വന്തം ഭവനം പൂർണമായും തീ വിഴുങ്ങുംമുൻപുള്ള കാഴ്ചകൾ അദ്ദേഹം പങ്കുവച്ചു. ഇതിനിടെയാണ് നിയന്ത്രണം വിട്ടു കരഞ്ഞത്.

'ഒരു തീഗോളം പോലെയായിരുന്നു അത്. ചുറ്റുമുള്ള വീടുകളെയെല്ലാം അഗ്‌നിനാളങ്ങൾ വിഴുങ്ങിക്കഴിഞ്ഞിരുന്നു. മനോഹരമായൊരു കൊച്ചു വീടായിരുന്നു ഞങ്ങളുടേത്. കോവിഡ് കാലത്ത് ഞങ്ങളെല്ലാം കഴിഞ്ഞത് ഹോട്ടലുകളിലായിരുന്നു. ഇതിനുശേഷമാണ് ഈ വീട്ടിലേക്കു മാറുന്നത്. എല്ലാ ദിവസവും (സ്വിമ്മിങ് പൂളിൽ) നീന്തുമായിരുന്നു ഞങ്ങൾ. അങ്ങനെ എന്റെ രക്തസമ്മർദം കുറഞ്ഞുവരികയുമായിരുന്നു. ഒരു സ്വർഗം തന്നെയായിരുന്നു അത്. എന്നാൽ, തലേദിവസം വരെ ഞങ്ങൾ നീന്തിക്കുളിച്ച ഇടം തൊട്ടടുത്ത ദിവസം ശൂന്യമായിരിക്കുന്നു..'-ഇതും പറഞ്ഞു പൊട്ടിക്കരയുകയായിരുന്നു ജെയിംസ് വുഡ്സ്.

അയൽപക്കത്തുള്ള വയോധികനെ തീനാളങ്ങൾക്കിടയിൽനിന്നു രക്ഷിച്ച അനുഭവവും വുഡ്സ് തത്സമയം വിവരിച്ചു. കത്തിച്ചാമ്പലായ വീട് നമുക്ക് വീണ്ടെടുക്കാമെന്നു പറഞ്ഞു ഭാര്യാ സഹോദരിയുടെ മകൾ സ്വന്തം പണക്കുടുക്ക നീട്ടിയ കാര്യവും അദ്ദേഹം കണ്ണീരോടെ വിവരിച്ചു.

എന്നാൽ, ജെയിംസ് വുഡ്സിന്റെ വൈകാരികമായ പ്രതികരണത്തെ എല്ലാവരും ഒരുപോലെയല്ല സ്വീകരിച്ചത്. പ്രത്യേകിച്ചും സോഷ്യൽ മീഡിയ. ഫലസ്തീനികളുടെ കണ്ണീരിനെയും യാതനയെയും പരിഹസിച്ച പഴയ പരാമർശങ്ങൾ ഓർമിപ്പിക്കുകയാണ് പലരും. മാധ്യമങ്ങൾക്കു മുന്നിൽ വന്നു കരയുന്നതി ചാനലിൽ വന്ന് ഇങ്ങനെ കരയാൻ എങ്ങനെ ധൈര്യം വന്നുവെന്നാണ് ഫലസ്തീൻ കവി മുസ്അബ് അബൂ ത്വാഹ ചോദിച്ചത്. 'ഗസ്സയിൽ ഞങ്ങളുടെ വീടുകൾ തകർക്കപ്പെടുന്നതും പ്രിയപ്പെട്ടവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും ടെന്റുകൾ ബോംബിട്ട് ചാമ്പലാക്കിയതുമെല്ലാം കൺമുന്നിൽ കണ്ടപ്പോൾ, ഇപ്പോഴും കണ്ടുകൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ഉള്ളിലെന്തായിരിക്കുമെന്ന് താങ്കൾ ആലോചിച്ചിട്ടുണ്ടോ, ജെയിംസ് വുഡ്സ്? ഞങ്ങളുടെ നഷ്ടങ്ങളെ കുറിച്ചു പറഞ്ഞു കരയാൻ താങ്കൾക്കു ലഭിച്ചതുപോലൊരു ഇടം ഞങ്ങൾക്കില്ല. മാസങ്ങളായി, വർഷങ്ങളായി തുടരുന്ന നഷ്ടങ്ങളാണവ'-മുസ്അബ് തുടരുന്നു.

'ഇതെല്ലാം താങ്കൾ കേൾക്കുന്നുണ്ടോ? ചാനലിൽ തത്സമയം വരാനും സംസാരിക്കാനും സുരക്ഷിതമായൊരു സ്ഥലമുണ്ടായല്ലോ താങ്കൾക്ക്... അതിന് ദൈവത്തോട് നന്ദി പറയൂ... ഞങ്ങൾ നിങ്ങൾക്ക് എന്തെങ്കിലും മോശം ആഗ്രഹിച്ചിട്ടുണ്ടോ? ഞങ്ങളുടെ കുട്ടികൾ നിങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ? ഞങ്ങളുടെ ഡോക്ടർമാർ? ഞങ്ങളുടെ അമ്മമാർ? ഞങ്ങളുടെ വിദ്യാർഥികൾ? ഞങ്ങളുടെ വീടുകൾ?'-തലയിൽ കൈവച്ച്, വാക്കുകൾ മുറിഞ്ഞ്, കണ്ണീരണിഞ്ഞുനിൽക്കുന്ന ജെയിംസ് വുഡ്സിന്റെ ചിത്രം പങ്കുവച്ച് ഫലസ്തീൻ കവി ചോദിച്ചു.

'വെടിനിർത്തലും വേണ്ട, ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ട, മാപ്പും നൽകേണ്ട' എന്നായിരുന്നു ഗസ്സയിൽ ആക്രമണം കടുപ്പിക്കുമ്പോൾ ജെയിംസ് വുഡ്സ് ഇസ്രായേലിനു പിന്തുണയുമായി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരുപടി കൂടി കടന്നു വംശഹത്യാ ആഹ്വാനവും നടത്തി അദ്ദേഹം. 'എല്ലാത്തിനെയും കൊന്നൊടുക്കൂ' എന്നായിരുന്നു നടന്റെ ആഹ്വാനം. തകർന്നടിഞ്ഞ സ്വന്തം വീടിനു മുന്നിലിരുരുന്ന് വാവിട്ടു കരയുന്ന ഫലസ്തീനി സ്ത്രീയുടെ ചിത്രം പങ്കുവച്ചായിരുന്നു ഇസ്രായേൽ നരഹത്യയെ പ്രകീർത്തിച്ചത്. പാവകളായ ബൈഡൻ യജമാനന്മാരെ അനുസരിക്കാത്തതിന് ദൈവത്തോട് നന്ദിയുണ്ടെന്നായിരുന്നു ചിത്രത്തിന് അദ്ദേഹം നൽകിയ അടിക്കുറിപ്പ്. വുഡ്‌സിന്റെ കുറിപ്പുകൾ അന്നു വൻ വിമർശനവും ക്ഷണിച്ചുവരുത്തിയിരുന്നു.

എന്നാൽ, ലോസ് ഏഞ്ചൽസിലെ അഗ്‌നിബാധയ്ക്കുശേഷവും ജെയിംസ് വുഡ്സിനു മനംമാറ്റമുണ്ടായില്ല. വാക്കിൽ മയവും വന്നില്ല. നിങ്ങൾ വിതച്ചതാണ് കൊയ്യുന്നതെന്നായിരുന്നു മുസ്അബിന്റെ പോസ്റ്റിന് നടൻ നൽകിയ മറുപടി. ഒക്ടോബർ ഏഴിന് നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും നിങ്ങൾ ബലാത്സംഗം ചെയ്തു കൊല്ലരുതായിരുന്നുവെന്നായിരുന്നു അതിന് വുഡ്സിന്റെ വ്യാഖ്യാനം. ഹമാസിനെ സ്നേഹിക്കുന്ന കീടകങ്ങളെല്ലാം പോയി ചത്തോളൂവെന്നു ശാപവർഷവും തുടർന്നു അദ്ദേഹം.

പാലിസേഡ്സിലെ ഹോളിവുഡ് കത്തിയാളുമ്പോൾ ജെയിംസ് വുഡ്സിനെ പോലെയുള്ളവരെ ഓർക്കണമെന്നാണ് ഗ്വാണ്ടനാമോ തടവറയിലെ മുൻ തടവുകാരനും എഴുത്തുകാരനുമായ മുഅസ്സം ബേഗ് പ്രതികരിച്ചത്. ഖുർആൻ മനഃപാഠമാക്കിയയാളും ഐടി വിദ്യാർഥിയുമായ ശഅ്ബാൻ അൽദാലൂവിനെപ്പോലെയുള്ള യുവാക്കളെ കുരുതികൊടുക്കാൻ ഇസ്രായേൽ സൈന്യത്തിന് യുഎസ് നൽകുന്ന സാമ്പത്തിക സഹായത്തിന് ജയ് വിളിച്ചവരാണ് ഇവരെന്നും മുഅസ്സം ചൂണ്ടിക്കാട്ടി.

ലോസ് ഏഞ്ചൽസിലും പുറത്തുമുള്ള നിരപരാധികളുടെ സ്വത്തുക്കൾക്കും വീടുകൾക്കും സംരക്ഷണം നൽകാൻ ദൈവത്തോട് പ്രാർഥിക്കുമ്പോഴും ഇതു ശ്രദ്ധിക്കാതെ പോകാനാകില്ലെന്നു പറഞ്ഞാണ് വുഡ്‌സ് കരയുന്ന ദൃശ്യം അമേരിക്കൻ പൗരാവകാശ പ്രവർത്തകനും അക്കാദമിക പണ്ഡിതനുമായ ഉമർ സുലൈമാൻ എക്‌സിൽ പങ്കുവച്ചത്. അധികാരകേന്ദ്രങ്ങളിലെ ക്രൂരന്മാർ ഗസ്സയിലെ ജനങ്ങളെ തുടച്ചുനീക്കുന്നതു തുടരുകയാണ്. സ്വന്തം രമ്യഹർമങ്ങളിൽ അനശ്വരരാണെന്നു കരുതി കഴിയുന്ന ക്രൂരന്മാരുടെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും ഉമർ ചൂണ്ടിക്കാട്ടി.

അനീതി ചെയ്തവർക്കും അതിന് ആഹ്വാനം ചെയ്തവർക്കും ദൈവം ഒട്ടും വൈകാതെ ശിക്ഷ നൽകുമെന്നായിരുന്നു അറബ് കോളമിസ്റ്റും ബ്ലോഗറുമായ അബ്ദുല്ല അൽആമദി പ്രതികരിച്ചത്. ഇത് ദൈവികമായ നീതിയാണ്. ഹൃദയത്തിൽ അൽപമെങ്കിലും വിശ്വാസമുള്ളവർക്കേ ഇതെല്ലാം മനസിലാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോസ് ഏഞ്ചൽസിന്റെ വിവിധ ഭാഗങ്ങളിലായി നാലിടത്താണ് വൻ തീപ്പിടിത്തമുണ്ടായത്. സംഭവത്തിൽ ഇതുവരെ 11 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് കത്തിച്ചാമ്പലായത്. പതിനായിരങ്ങൾ ഭവനരഹിതരായി. പസിഫിക് പാലിസേഡ്‌സിൽ മാത്രം 5,000ത്തോളം ഹെക്ടർ ഭൂമി കത്തിനശിച്ചു. സാന്റ മോണിക്കയ്ക്കും മാലിബുവിനും ഇടയിലുള്ള നയനമനോഹരമായ പാലിസേഡ്‌സ്, ഹോളിവുഡ്-ടെലിവിഷൻ താരങ്ങളുടെയും സംഗീതജ്ഞരുടെയും വ്യവസായികളുടെയും ആഡംബരഭവനങ്ങൾക്കും പേരുകേട്ട പ്രദേശമാണ്. തീപ്പിടിത്തത്തിൽ നിരവധി സെലിബ്രിറ്റികളുടെ വീടുകളും സ്വത്തുക്കളും പൂർണമായി നശിച്ചിട്ടുണ്ട്.

Summary: Hollywood actor James Woods breaks down in tears after his house was destroyed in the Los Angeles fire; Social media reminds him of his call to kill all Gazans

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News