കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജൻ ? ആരാണ് ചന്ദ്ര ആര്യ?

ജസ്റ്റിൻ ട്രൂഡോയുടെ രാജിക്കു പിന്നാലെയാണ് എക്‌സ് പോസ്റ്റിലൂടെ ചന്ദ്ര ഇക്കാര്യം അറിയിച്ചത്.

Update: 2025-01-11 02:45 GMT
Advertising

ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജനും. നിലവിൽ കാനഡ പാർലമെന്റ് അംഗമായ ചന്ദ്ര ആര്യയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്റ്റിൻ ട്രൂഡോയുടെ രാജിക്കു പിന്നാലെയാണ് എക്‌സ് പോസ്റ്റിലൂടെ ചന്ദ്ര ഇക്കാര്യം അറിയിച്ചത്.

'തലമുറകളായി കണ്ടിട്ടില്ലാത്ത ഘടനാപരമായ പ്രശ്‌നങ്ങളാണ് കാനഡ ഇപ്പോൾ നേരിടുന്നത്. അവ പരിഹരിക്കാൻ കടുത്ത തീരുമാനങ്ങൾ വേണ്ടി വരും. എന്നും കാനഡക്കാരുടെ നന്മയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്തയാളാണ് ഞാൻ. നമ്മുടെ മക്കൾക്കും പേരമക്കൾക്കും വേണ്ടി തീർത്തും അനിവാര്യമായ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. ലിബറൽ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടാൽ എന്റെ അറിവും കഴിവുമെല്ലാം ഞാൻ അതിനു വേണ്ടി സമർപ്പിക്കും'-എക്‌സ് പോസ്റ്റിൽ ചന്ദ്ര പറഞ്ഞു.

വിരമിക്കൽ പ്രായം കൂട്ടുമെന്നും പൗരത്വത്തെ അടിസ്ഥാനമാക്കിയുള്ള നികുതി സമ്പ്രദായം അവതരിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകുന്നുണ്ട്. ഇതോടൊപ്പം ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നയങ്ങളും വാഗ്ദാനങ്ങളും പ്രചരിപ്പിക്കാനുമായി വെബ്‌സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട് ചന്ദ്ര ആര്യ.

രാജ്യത്തെ തൊഴിലാളികളായ മധ്യവർഗം കടുത്ത ദുരിതത്തിലാണെന്നും എക്‌സ് പോസ്റ്റിൽ അദ്ദേഹം തുടരുന്നു. പലരും ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്. വലിയ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള നേതൃത്വത്തെ കാനഡ അർഹിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനെ പുനർനിർമിക്കാനും പ്രതീക്ഷകൾ തിരിച്ചുകൊണ്ടുവരാനും എല്ലാ കാനഡക്കാർക്കും തുല്യാവസരങ്ങൾ സൃഷ്ടിക്കാനും ശേഷിയുള്ളവരാണു വരേണ്ടത്. നമ്മുടെ ഭാവിതലമുറയുടെ ക്ഷേമവും ഉറപ്പാക്കണം. ഇതിന് ശക്തമായ രാഷ്ട്രീയ തീരുമാനങ്ങൾ അനിവാര്യമാണ്. ദീർഘവീക്ഷണവും പ്രായോഗികതയും മാർഗനിർദേശ തത്വമായി സ്വീകരിച്ച ഒരാളെന്ന നിലയ്ക്ക് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം കാനഡയിലെ ഹിന്ദു സമൂഹത്തിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ഖലിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ചന്ദ്ര ആര്യ.

ആരാണ് ചന്ദ്ര ആര്യ?

നിലവിൽ കാനഡ ജനപ്രതിനിധി സഭയിൽ അംഗമാണ് ചന്ദ്ര ആര്യ. ബംഗളൂരുവിൽനിന്ന് 70 കിലോമീറ്ററുകൾ അകലെയുള്ള തുംകൂർ ജില്ലയിലെ ദ്വാരലു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. 2006ലാണ് കാനഡയിലേക്ക് കുടിയേറുന്നത്. 2015ലായിരുന്നു രാഷ്ട്രീയപ്രവേശം.

2015ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ വിജയിച്ച ചന്ദ്ര ആര്യ 2019ൽ വീണ്ടും പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2022ൽ കാനഡ പാർലമെന്റിൽ മാതൃഭാഷയായ കന്നഡയിൽ സംസാരിച്ചത് ചർച്ചയായിരുന്നു.

എഞ്ചിനീയറിങ് ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ ചന്ദ്ര രണ്ടു പതിറ്റാണ്ടു മുൻപ് ഭാര്യയ്ക്കും മകനുമൊപ്പമാണ് കാനഡയിലേക്കു താമസം മാറ്റുന്നത്. രാഷ്ട്രീയത്തിൽ സജീവമാകുംമുൻപ് ടെക്-ബിസിനസ് മേഖലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഇന്തോ-കാനഡ ഒട്ടാവ ബിസിനസ് ചേംബറിന്റെ ചെയർമാനായും ഫെഡറേഷൻ ഓഫ് കനേഡിയൻ ബ്രസീലിയൻ ബിസിനസസിന്റെ സ്ഥാപക ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

ഒട്ടാവ കാത്തലിക് സ്‌കൂളിൽ അധ്യാപികയായിരുന്നു ഭാര്യ സംഗീത. മകൻ സിദ് ചാർട്ടേഡ് അക്കൗണ്ടന്റുമാണ്. ഇരുവർക്കുമൊപ്പം നേപ്പിയനിലാണ് ചന്ദ്രയുടെ താമസം.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News