'വീടുകളിൽനിന്നും പുറത്തു പോകൂ': ആക്രമണത്തിന് മുന്നോടിയായി കിയവ് നിവാസികൾക്ക് റഷ്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്
റിലേ നോഡുകൾക്ക് സമീപം താമസിക്കുന്ന കൈവ് നിവാസികൾ അവരുടെ വീടുകൾ വിട്ടുപോകാൻ ഞങ്ങൾ ആവശ്യപ്പെടുന്നുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു
കിയവ് നിവാസികളോട് വീടുകളിൽ നിന്നും പുറത്തു പോകാൻ ആവശ്യപ്പെട്ട് റഷ്യൻ സൈന്യം. കിയവിൽ യുക്രൈൻ സുരക്ഷാസേനയ്ക്കു നേരെ റഷ്യൻ സൈന്യം ഏതു നിമിഷവും ആക്രമണം നടത്തുമെന്നാണ് സൂചന. ആക്രമണത്തിനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് റഷ്യൻ സേന കിയവ് നിവാസികൾക്ക് മുന്നറിയിപ്പു നൽകിയതും വീടുകൾ വിട്ടുപോകാൻ ആവശ്യപ്പെട്ടതും.
റിലേ നോഡുകൾക്ക് സമീപം താമസിക്കുന്ന കൈവ് നിവാസികൾ അവരുടെ വീടുകൾ വിട്ടുപോകാൻ ഞങ്ങൾ ആവശ്യപ്പെടുന്നുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. അതേസമയം യുക്രൈനിൽ റഷ്യയുടെ കണക്കുകൂട്ടലുകളെല്ലാം പിഴക്കുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. വൻ പടക്കോപ്പുകളും ആയുധ സജ്ജീകരണങ്ങളുമായും യുക്രൈൻ പിടിക്കാനിറങ്ങിയ റഷ്യയ്ക്ക് അഞ്ചുദിവസം കൊണ്ട് കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ 5,700 സൈനികരുടെ ജീവൻ റഷ്യയ്ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അസാമാന്യമായ പ്രതിരോധവും പോരാട്ടവുമാണ് യുക്രൈൻ സൈന്യം പുറത്തെടുത്തിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയ്ക്കും പ്രസിഡന്റ് വ്ള്ദാമിർ പുടിനും വലിയ നാണക്കേടുണ്ടാക്കുന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യുക്രൈൻ സൈനികമേധാവിയുടെ വക്താവ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് റഷ്യൻ ക്യാംപിലുണ്ടാക്കിയ നാശത്തിന്റെ തോത് വെളിപ്പെടുത്തിയത്. 200 റഷ്യൻ സൈനികരെ ബന്ധികളായി പിടിച്ചെടുക്കുകയും ചെയ്തതായി വക്താവ് അവകാശപ്പെടുന്നു. ഇതിനു പുറമെ 198 റഷ്യൻ ടാങ്കറുകളും 29 യുദ്ധവിമാനങ്ങളും 846 കവചിത വാഹനങ്ങളും 29 ഹെലികോപ്ടറുകളും തകർത്തതായും അവകാശവാദമുണ്ട്. യുക്രൈൻ പ്രതിരോധത്തിൽ കനത്ത നഷ്ടമാണ് റഷ്യയ്ക്കുണ്ടായതെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും വിലയിരുത്തിയത്. വൻനാശനഷ്ടങ്ങളുണ്ടായതായി ഞായറാഴ്ച റഷ്യൻസേനയും സമ്മതിച്ചിരുന്നു.