ഇസ്രായേല്‍ പതറുന്നു; ഗസ്സയിൽ നിന്ന് ഗോലാനി ബ്രിഗേഡിനെ പിൻവലിച്ചു
ഹമാസ് പ്രത്യാക്രമണത്തിൽ ബ്രിഗേഡിലെ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു
ഗസ്സ സിറ്റി: കരയുദ്ധത്തിൽ അടിപതറിയ ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിൻവാങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇസ്രായേൽ സൈന്യത്തിന്റെ ശക്തമായ സൈനികവിഭാഗങ്ങളിലൊന്നായ ഗോലാനി ബ്രിഗേഡിനെയാണു പിൻവലിച്ചത്. കരയുദ്ധം കനത്തശേഷം ഹമാസിന്റെ പ്രത്യാക്രമണത്തിൽ സൈനികർ വ്യാപകമായി കൊല്ലപ്പെടുന്നുവെന്ന് ഇസ്രായേൽ മാധ്യമങ്ങൾ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതാണ് കൂടുതൽ നഷ്ടങ്ങളുണ്ടാകുന്നതിന് മുമ്പ് പിൻവാങ്ങാൻ സേനയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് അൽജസീറയടക്കമുള്ള മാധ്യമങ്ങൾ ഗോലാനി ബ്രിഗേഡ് പിൻവാങ്ങുകയാണെന്ന് റിപ്പോർട്ട് ചെയ്തു. ഗോലാനിയെ മാത്രമല്ല, മറ്റു ബ്രിഗേഡുകളെയും പിൻവലിക്കുന്നുവെന്ന് മറ്റ് ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇസ്രായേൽ സൈന്യം പതറുന്നു എന്നതിന്റെ സൂചനയായാണ് ഗോലാനിയുടെ പിൻമാറ്റത്തെ ലോകമാധ്യമങ്ങൾ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ഗസ്സയിലെ ഷുജയ്യ പ്രദേശത്തിന്റെ ‘നിയന്ത്രണം ഏറ്റെടുത്തുവെന്ന്’ അവകാശപ്പെട്ട സൈന്യം ഗോലാനി ബ്രിഗേഡുകളെ പിൻവലിച്ചത് ഇസ്രായേലികളിൽ തന്നെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഗസ്സയിൽ നിന്ന് ബ്രിഗേഡിനെ പിൻവലിച്ചതോടെ സൈന്യത്തിന്റെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന വിലയിരുത്തലുകളുമുണ്ട്. എന്നാൽ തങ്ങളുടെ സൈന്യം ‘മുന്നേറുകയാണെന്ന്’ ലോകത്തെ വിശ്വസിപ്പിക്കുന്നതിനാണ് തലേദിവസം മേഖലയിൽ പിടിമുറുക്കിയെന്ന് അവാകാശവാദമുന്നയിച്ചതെന്നാണ് ഫലസ്‍തീൻ ക്രോണിക്കിൾ അടക്കമുള്ള മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ഫലസ്തീന്റെ ചെറുത്തുനിൽപ്പിന് മുന്നിൽ ഇസ്രായേലിന്റെ മുൻനിര പോരാളികൾ പതറിയതോടെ സേനക്ക് വലിയതോതിലുള്ള നഷ്ടമുണ്ടായി. മുൻനിര പോരാളികളും ഓഫീസർമാരും കൊല്ലപ്പെട്ടു. യുദ്ധവാഹനങ്ങളും സാമഗ്രികളും തകർക്കപ്പെട്ടു. 1948 ഫെബ്രുവരിയിൽ ഫലസ്തീനിലെ സയണിസ്റ്റ് വംശീയ ഉന്മൂലനത്തിനിടെയാണ് ബ്രിഗേഡ് രൂപീകരിച്ചത്. അറബ് രാജ്യങ്ങൾക്കെതിരായ ഇസ്രായേലിന്റെ എല്ലാ പ്രധാന യുദ്ധങ്ങളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. 2014 ലും ഷുജയയ്യിൽ ഗോലാനിക്ക് കനത്ത നഷ്ടമുണ്ടായിരുന്നു. സമാനമായ തിരിച്ചടിതന്നെയാണ് 2023 ലും ഷുജയ്യയിൽ ആവർത്തിച്ചതെന്നാണ് പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. വീണ്ടും പരാജിതരായുള്ള ബ്രിഗ്രേഡിന്റെ പിൻവാങ്ങൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഗസ്സയിൽ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ട 450 ലേറെ സൈനികരുടെ പേര് വിവരങ്ങൾ കഴിഞ്ഞ ദിവസം ഇസ്രായേൽ പുറത്തുവിട്ടിരുന്നു. കരയാക്രമണത്തിൽ മാത്രം 105 ലേറെ സൈനികരാണ് കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തതിരുന്നു.