കൊട്ടാരസമാനമായ വീട്, ദീപാലങ്കൃതമായ കുളിമുറി, സ്വർണം പൂശിയ ടോയ്‌ലെറ്റ്; മുന്‍ പൊലീസ് മേധാവിയുടെ ആഡംബരജീവിതം കണ്ട് ഞെട്ടി അന്വേഷണസംഘം

കോടികൾ മുടക്കി നിർമിച്ച വീടിനകത്ത് കൊട്ടാരജീവിതമായിരുന്നു സഫനോവിന്. ലക്ഷങ്ങൾ വിലമതിക്കുന്ന ദീപങ്ങൾ കൊണ്ട് അലങ്കൃതമാണ് ഓരോ മുറിയും. സോഫ മുതൽ ചുമരുകളും ഗോവണിയും കൈവരിയും കിടപ്പറയും കിടക്കയുമെല്ലാം സ്വർണം പൂശി അലങ്കരിച്ചിരിക്കുന്നു

Update: 2021-07-23 11:34 GMT
Editor : Shaheer | By : Web Desk
Advertising

അഴിമതിക്കേസിൽ സസ്‌പെൻഷൻ നേരിടുന്ന പൊലീസ് മേധാവിയുടെ വീട്ടിലെ കാഴ്ചകൾ കണ്ട് പകച്ച് അന്വേഷണസംഘം. ദീപാലങ്കൃതമായ വീട്ടിലേക്കായിരുന്നു അഴിമതി വിരുദ്ധ അന്വേഷണസംഘം പ്രവേശിച്ചത്. എന്നാൽ, അകത്ത് ഓരോ മുറികൾ കയറിയിറങ്ങുമ്പോൾ കൂടുതൽ ഞെട്ടാനായിരുന്നു സംഘത്തിനു വിധി. പൊലീസുകാരന്റെ രാജകീയ ജീവിതം കണ്ട് പകച്ചുപോകുകയായിരുന്നു കേസ് അന്വേഷണത്തിനെത്തിയ അഴിമതി വിരുദ്ധ സേന.

റഷ്യയിൽനിന്നാണ് ഈ കൗതുക വാർത്ത. തെക്കുപടിഞ്ഞാറൻ നഗരമായ സ്റ്റാവ്‌റോപോളിലെ ട്രാഫിക് പൊലീസ് മേധാവിയായിരുന്ന അലെക്‌സെയ് സഫനോവ് ആണ് അഴിമതിക്കേസിൽ കുറ്റാരോപിതനായി പുറത്താക്കപ്പെടുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് മാഫിയ പ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. സഫനോവിനൊപ്പം 35 പൊലീസുകാരെയും സര്‍വീസില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്.


വാഹനങ്ങൾ തടഞ്ഞുനിർത്തി കൈക്കൂലി വാങ്ങുന്നത് ആചാരമാക്കിയതായാണ് ഇവർക്കെതിരെ ഉയർന്ന ആദ്യ കുറ്റം. എന്നാൽ, കേസില്‍ കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറക്കഥകൾ പുറത്തെത്തിയത്. ട്രാഫിക് പരിശോധനയെന്നു പറഞ്ഞ് ഡ്രൈവർമാരിൽനിന്ന് തട്ടിയെടുത്ത ലക്ഷങ്ങൾ കൊണ്ട് അത്യാർഭാട ജീവിതമാണ് സഫനോവും സംഘവും നയിക്കുന്നത്.


കോടികൾ മുടക്കി നിർമിച്ച വീടിനകത്ത് കൊട്ടാരജീവിതമായിരുന്നു സഫനോവിന്. ലക്ഷങ്ങൾ വിലമതിക്കുന്ന ദീപങ്ങൾ കൊണ്ട് അലങ്കൃതമാണ് ഓരോ മുറിയും. സോഫ മുതൽ ചുമരുകളും ഗോവണിയും കൈവരിയും കിടപ്പറയും കിടക്കയുമെല്ലാം സ്വർണം പൂശി അലങ്കരിച്ചിരിക്കുന്നു. നിലത്ത് പാകിയിരിക്കുന്നത് മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും വിലയേറിയ മാർബിൾ. ബില്യാർഡ്‌സ് ഹാൾ അടക്കം വിനോദത്തിനായി തയാറാക്കപ്പെട്ട പ്രത്യേക മുറികൾ.

എല്ലാം ചുറ്റിക്കണ്ട് കുളിമുറിയിലെത്തിയപ്പോഴാണ് അന്വേഷണസംഘം ശരിക്കും പകച്ചുപോയത്. മുന്നിൽ കാണുന്നത് സ്വർണം പൂശിയ രണ്ട് ടോയ്‌ലെറ്റുകൾ. വലിയ ബാത്ത് ടബ്ബ്. മുകളിൽ വിലപിടിപ്പുള്ള ദീപങ്ങൾ...!!


ഡ്രൈവർമാരിൽനിന്ന് വാങ്ങുന്ന കൈക്കൂലിക്കു പുറമെ വേറെയും മാർഗങ്ങളിലൂടെ പണം വാരിക്കൂട്ടുകയായിരുന്നു പൊലീസിലെ ഈ മാഫിയ സംഘം. അനധികൃത കടത്തുകാർക്ക് ചെക്ക് പോസ്റ്റുകളിൽനിന്നു രക്ഷപ്പെടാനായി പാസ് വിതരണം ചെയ്യൽ, ഫാൻസി നമ്പർ പ്ലേറ്റുകൾ വിൽക്കൽ തുടങ്ങി പലവിധ മാർഗങ്ങളിലൂടെ പണം സമാഹരിച്ചാണ് സംഘത്തിന്റെ ആഡംബരജീവിതം. വഴിവിട്ട മാര്‍ഗങ്ങളിലൂടെ കോടികളാണ് സംഘം സമ്പാദിച്ചിട്ടുള്ളതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News