ഗസ്സയെ പിന്തുണച്ചു; ഗ്രെറ്റ തുൻബർഗ് സെമിറ്റിക് വിരോധിയെന്ന് ജൂതസംഘടന

ലോകത്തെ ഒരേയൊരു ജൂതരാഷ്ട്രത്തിനെതിരായ വെറുപ്പ് ഗ്രെറ്റയിലെ പരിസ്ഥിതി പ്രവർത്തനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയെന്ന് ജൂതസംഘടന

Update: 2024-09-17 09:35 GMT
Editor : André | By : Web Desk
Advertising

കോപനേഗൻ: ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രായേലിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനെ സെമിറ്റിക് വിരോധിയായി ചിത്രീകരിച്ച് ജൂതസംഘടന. ഡെൻമാർക്കിലെ കോപനേഗൻ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭത്തിൽ 21-കാരിയായ ഗ്രെറ്റയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫലസ്തീനെ പ്രതിനിധാനം ചെയ്യുന്ന കഫിയ അണിഞ്ഞു പ്രക്ഷോഭത്തിൽ പങ്കെടുത്ത ഗ്രെറ്റയെ സ്റ്റോപ് ആന്റിസെമിറ്റിസം എന്ന സംഘടനയാണ് 'ഈയാഴ്ചയിലെ സെമിറ്റിക് വിരോധി'യായി ചിത്രീകരിച്ചത്.

സെപ്തംബർ ആദ്യവാരത്തിലാണ് കോപനേഗൻ യൂണിവേഴ്‌സിറ്റിയുടെ ഇസ്രായേൽ ബന്ധത്തിനെതിരായ പ്രക്ഷോഭത്തിൽ ഗ്രെറ്റ തുൻബർഗ് പങ്കെടുത്തത്. 'അധിനിവേശത്തിനെതിരെ വിദ്യാർത്ഥികൾ' എന്ന കൂട്ടായ്മയ്ക്കു കീഴിൽ യൂണിവേഴ്‌സിറ്റിയുടെ പ്രവേശനകവാടം ഉപരോധിച്ച വിദ്യാർത്ഥികൾ ഇസ്രായേലിലെ അക്കാദമിക് സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്. ഫലസ്തീൻ പതാകയും പ്ലക്കാർഡുകളുമായി പ്രക്ഷോഭത്തിൽ പങ്കെടുത്ത ഗ്രെറ്റയടക്കം ആറു പേരെ ഡാനിഷ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി..

പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ ഉയർന്നുവന്ന ഗ്രെറ്റ തുൻബർഗ് തന്റെ ആക്ടിവിസം ജൂതവിരോധം പ്രചരിപ്പിക്കാനുള്ള മാധ്യമമാക്കി മാറ്റിയെന്നും ലോകത്തെ ഒരേയൊരു ജൂതരാഷ്ട്രത്തിനെതിരായ വെറുപ്പ് അവരിലെ പരിസ്ഥിതി പ്രവർത്തനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയെന്നും സ്റ്റോപ് ആന്റിസെമിറ്റിസം വെബ്‌സൈറ്റിൽ പറയുന്നു.

ഹമാസിനെ നശിപ്പിക്കാൻ എന്ന പേരിൽ ഗസ്സയ്ക്കു മേൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ തുടക്കം മുതൽ തന്നെ ശക്തമായി എതിർക്കുന്നയാളാണ് ഗ്രെറ്റ തുൻബർഗ്. 2023 ഒക്ടോബറിൽ ഗസ്സയ്ക്ക് പിന്തുണ അറിയിച്ച് അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ഡിസംബറിൽ പങ്കെടുത്ത ഒരു റാലിക്കിടെ 'സയണിസത്തെ തകർക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയ ഗ്രെറ്റയ്‌ക്കെതിരെ ഇസ്രായേൽ അനുകൂല കേന്ദ്രങ്ങൾ വൻ പ്രചരണങ്ങളാണ് നടത്തിയത്.

ഡിസംബറിൽ 'ദി ഗാർഡിയൻ' പത്രത്തിൽ എഴുതിയ ഓപ്-എഡ് ലേഖനത്തിൽ ഗ്രെറ്റ ഇസ്രായേലിന്റെ അതിക്രമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. 'ഗസ്സയുടെ സഹനങ്ങളെപ്പറ്റി സംസാരിക്കുന്നത് ഞങ്ങൾ നിർത്തുകയില്ല; മനുഷ്യാവകാശമില്ലെങ്കിൽ പരിസ്ഥിതി നീതിയുമില്ല' എന്നായിരുന്നു രണ്ട് സഹപ്രവർത്തകർക്കൊപ്പം അവർ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. 'ഇസ്രായേലി സിവിലിയന്മാരെ ഹമാസ് ഭീതിദമായ രീതിയിൽ കൊലപ്പെടുത്തി എന്നത് ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്കുള്ള നീതീകരണമാകുന്നില്ല. വംശഹത്യ പ്രതിരോധമല്ല. അത് ഒരു രീതിയിലും പ്രത്യാക്രമണവും ആകുന്നില്ല.' ലേഖനത്തിൽ പറയുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News