ഫലസ്തീനികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ചു; ഇസ്രായേലി പത്രത്തിനെതിരെ നടപടിയുമായി സർക്കാർ

നെതന്യാഹുവിനെ രൂക്ഷമായി വിമർശിക്കുന്ന ഇടത് ചായ്‍വുള്ള പത്രമാണ് ‘ഹാരെറ്റ്സ്’

Update: 2024-11-01 16:24 GMT
Advertising

തെൽ അവീവ്: ഫലസ്തീനികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് പ്രസാധകൻ വിശേഷിപ്പിച്ചതിന് പിന്നാലെ ഇസ്രായേലി പത്രമായ ഹാരെറ്റിസിനെതിരെ നടപടിക്ക് സർക്കാർ. ലണ്ടനിൽ ഞായറാഴ്ച നടന്ന കോൺഫറൻസിലാണ് പ്രസാധകൻ ആമോസ് ഷോക്കൻ വിവാദ പരാമർശം നടത്തിയത്. ഇതോടെ പ​ത്രത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മന്ത്രിമാരടക്കമുള്ളവർ ആവശ്യപ്പെട്ടു.

‘ഫലസ്തീൻ ജനതയുടെ മേൽ ക്രൂരമായ വർണവിവേചന ഭരണം അടിച്ചേൽപ്പിക്കുന്നത് നെതന്യാഹു സർക്കാർ കാര്യമാക്കുന്നില്ല. ഇസ്രായേൽ തീവ്രവാദികളെന്ന് വിളിക്കുന്ന ഫലസ്തീൻ സ്വാതന്ത്ര സമര സേനാനികളോട് പോരാടു​മ്പോൾ വാസസ്ഥലങ്ങൾ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുന്നില്ല’ -എന്നായിരുന്നു ആമോസ് ഷോക്കന്റെ പ്രസ്താവന.

പ്രസംഗം വിവാദമായതോടെ ഷോക്കൻ വിശദീകരണവുമായി രംഗത്തുവന്നു. സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ചത് ഹമാസിനെയല്ലെന്നും ‘തീവ്രവാദം’ ഉപയോഗിക്കാത്ത മറ്റുള്ളവരെയാണ് പിന്തണുച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരർഥത്തിൽ പറഞ്ഞാൽ അധിനിവേശ പ്രദേശങ്ങളിലും ഗസ്സയിലും ഇപ്പോൾ നടക്കുന്നത് രണ്ടാം നക്ബയാണ്. ഫലസ്തീൻ രാഷ്ട്രം നിർബന്ധമായും രൂപീകരിക്കണം. ഇത് യാഥാർഥ്യമാകാനുള്ള ഒരേ ഒരു വഴി ഇതിനെ എതിർക്കുന്ന ഇസ്രായേലിനെതിരെയും നേതാക്കൾക്കെതിരെയും കുടിയേറ്റക്കാർക്കെതിരെയും ഉപരോധം ഏർപ്പെടുത്തുക മാത്രമാണെന്നും ഷോക്കൻ വ്യക്തമാക്കി.

അതേസമയം, ബുധനാഴ്ച പത്രത്തിൽ വന്ന എഡിറ്റോറിയലും വലിയരീതിയലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. വടക്കൻ ഗസ്സയിൽ നടക്കുന്ന വംശീയ ഉൻമൂലന രീതിയെക്കുറിച്ച് ഗുരുതര സംശയങ്ങൾ ഉയർന്നുവന്നാൽ അതിശയിക്കാനാകില്ലെന്നായിരുന്നു അതിലെ പരാമർശം.

പ്രതിഷേധം കന​ത്തതോടെ ഇസ്രായേലി വാർത്താവിനിമയ മന്ത്രി ഷ്ളോമോ കാർഹി ഹാരെറ്റ്സിനെതിരെ വിവിധ ഉപരോധങ്ങളടങ്ങിയ നിർദേശം വ്യാഴാഴ്ച സമർപ്പിക്കുകയുണ്ടായി. ഹാരെറ്റ്സുമായി പുതിയ കരാറുകൾ ഏർപ്പെടാൻ പാടില്ലെന്ന് ഇതിൽ പറയുന്നു. നിലവിലെ കരാറുകൾ പുതുക്കരുത്. സംസ്ഥാന ജീവനക്കാർക്കുള്ള സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കണം. വ്യക്തിഗത സബ്സ്ക്രിപ്ഷനുകൾ നിയമപ്രകാരമുള്ള വഴിയിലൂടെ അവസാനിപ്പിക്കണം. പുതുതായി പരസ്യം നൽകരുതെന്നും പര്യസം നൽകിയതിന്റെ പണം തിരികെ വാങ്ങണമെന്നും മന്ത്രിയുടെ നിർദേശത്തിലുണ്ട്. ഗസ്സയിലെ ഇസ്രായേലിന്റെ ശ്രമങ്ങളെ തുരങ്കംവെക്കുകയാണെന്ന് കാണിച്ച് കഴിഞ്ഞ നവംബറിലും ഹാരെറ്റ്സിനെതിരെ സമാനമായ നിർദേശം മന്ത്രി കാർഹി പുറ​​പ്പെടുവിച്ചിരുന്നു.

ഹാരെറ്റ്സിന്റെ പ്രവർത്തന അധികാരം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി യാരിവ് ലെവിൻ അറ്റോർണി ജനറലിന് വ്യാഴാഴ്ച കത്തയച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പത്ത് വർഷം ജയിലിലിടക്കാനുള്ള നിയമം തയാറാക്കകണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. യുദ്ധസമയത്തെ ഇത്തരം പ്രവർത്തനങ്ങൾ കുറ്റകൃത്യമായി കണക്കാക്കണമെന്നും ഇതിനുള്ള ശിക്ഷ ഇരട്ടിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രായേലി ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം കൊണ്ടുവരണമെന്നും ഹാരെറ്റ്സിന്റെ പ്രസാധകൻ പ്രസംഗിച്ചിട്ടുണ്ട്. ഒരു പൗരന് രാജ്യത്തോടുള്ള കടമയുടെ കടുത്ത ലംഘനമാണിത്. ഇത്തരം പ്രവർത്തനങ്ങൾ ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതാണെന്നും മന്ത്രി യാരിവ് ലെവിൻ കത്തിൽ ചൂണ്ടിക്കാട്ടി. ഹാരെറ്റ്സുമായുള്ള എല്ലാ സഹകരണവും പരസ്യങ്ങളും ഉടൻ അവസാനിപ്പിക്കുമെന്ന് ഇസ്രായേലി സാംസ്കാരിക മന്ത്രാലയവും വ്യക്തമാക്കി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിക്കുന്ന ഇടത് ചായ്‍വുള്ള പത്രമാണ് ഹാരെറ്റ്സ്. ഫലസ്തീൻ അനകൂല കാഴ്ചപ്പാടുകൾക്കും ഇതിൽ നിരന്തരം ഇടം നൽകാറുണ്ട്. അതിനാൽ തന്നെ സെൻസർഷിപ്പ് അടക്കമുള്ള ആവശ്യങ്ങളുമായി പ​​ത്രത്തിനെതിരെ വലതുപക്ഷ ​പ്രവർത്തകർ നിരന്തരം രംഗത്തുവരാറുണ്ട്. 1919ലാണ് പത്രം പ്രസിദ്ധീകരണം തുടങ്ങുന്നത്. ഇംഗ്ലഷിലും ഹീബ്രു ഭാഷയിലും ഇത​് അച്ചടിക്കുന്നുണ്ട്. ഇസ്രായേലിൽ നിലവിൽ അച്ചടിക്കുന്ന ഏറ്റവും പഴക്കം ചെന്ന പത്രം കൂടിയാണിത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ വായിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതുമാണ്. ഇസ്രായേലി മാധ്യമങ്ങളിൽ തന്നെ ഏറ്റവുമധികം സ്വാധീനമുള്ള പത്രമായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News