ഫലസ്തീൻവിരുദ്ധ പ്രസ്താവനകളിൽ നിന്ന് ഇസ്രയേലിനെ തടയണം; അമേരിക്കൻ ഇടപെടൽ തേടി ഗൾഫ് രാജ്യങ്ങൾ
വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ ഗ്രാമമായ ഹുവാര തുടച്ചു നീക്കണം എന്നായിരുന്നു ഇസ്രയേൽ ധനമന്ത്രി ബെത്‍സൽ സ്‌മോട്രിക്‌ന്റെ വിദ്വേഷ പ്രസ്താവന
ദുബൈ: ഫലസ്തീൻവിരുദ്ധ പ്രകോപന പ്രസ്താവനകളിൽ നിന്ന് ഇസ്രയേലിനെ തടയുന്നതിനായി അമേരിക്കൻ ഇടപെടൽ തേടി ഗൾഫ് രാജ്യങ്ങൾ. ഫലസ്തീന് നിലനിൽക്കാൻ അർഹതയില്ലെന്ന ഇസ്രായേൽ ധനമന്ത്രിയുടെ പ്രസ്താവന അപകടകരമാണെന്ന് ജിസിസി വിദേശകാര്യമന്ത്രിമാർ ചൂണ്ടിക്കാട്ടി. സമഗ്ര പ്രശ്‌നപരിഹാരത്തിന് അമേരിക്ക മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് ജിസിസി വിദേശകാര്യമന്ത്രിമാർ കത്തയച്ചു. യുഎഇ ഉൾപ്പെടെ ആറു രാജ്യങ്ങളുടെ മന്ത്രിമാർ കത്തിൽ ഒപ്പു വെച്ചിട്ടുണ്ട്.
വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ ഗ്രാമമായ ഹുവാര തുടച്ചു നീക്കണം എന്ന ഇസ്രയേൽ ധനമന്ത്രി ബെത്‍സൽ സ്‌മോട്രിക്‌ന്റെ വിദ്വേഷ പ്രസ്താവനക്കെതിരെ വലിയ എതിർപ്പാണ് ലോകതലത്തിൽ തന്നെ ഉയരുന്നത്.
അതേസമയം ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇന്നലെ രാത്രി മസ്ജിദുൽ അഖ്‌സയിൽ വീണ്ടും ഇസ്രയേൽ അതിക്രമണം നടത്തി. റമദാനിലെ ആദ്യ വെള്ളിയാഴ്ച നൂറുകണക്കിന് ഫലസ്തീനികൾ മസ്ജിദുൽ അഖ്‌സയിൽ പ്രാർഥനക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച രാത്രിയാണ് ഇസ്രയേൽ സൈന്യം പള്ളിയിൽ അതിക്രമിച്ചുകയറിയത്. പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ഫലസ്തീനികളെ സൈന്യം ബലം പ്രയോഗിച്ച് പുറത്താക്കി. ഇസ്രയേൽ സൈന്യം ആളുകളെ അക്രമിക്കുന്നതിന്റെയും പിടിച്ചുതള്ളുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.