'മ്യൂസിക് ഫെസ്റ്റിവൽ കൂട്ടക്കൊലയിൽ ഇസ്രായേലിനും പങ്ക്'; ഹമാസിന് ആക്രമിക്കാൻ പദ്ധതി ഉണ്ടായിരുന്നില്ലെന്ന് ഇസ്രായേലി പത്രം
മരണസംഖ്യ കൂടാൻ കാരണമായത് ഇസ്രായേൽ ബോബിങ്ങാണെന്നാണ് ഇസ്രായേലി പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ജെറുസലേം: ഒക്ടോബർ ഏഴിലെ സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെൽ കൂട്ടക്കൊലയ്ക്ക് പിന്നിൽ ഇസ്രായേൽ സേനയുമെന്ന് ഇസ്രായേലി പത്രം ഹാരെറ്റ്സ്. ഹമാസിന് സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെൽ ആക്രമിക്കാൻ പദ്ധതി ഇല്ലായിരുന്നെന്നും ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ കൂടാൻ കാരണമായത് ഇസ്രായേൽ ബോബിങ്ങാണെന്നും ഹമാസ് പോരാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ നിരവധി ഇസ്രേയേൽ പൗരൻമാർ കൊല്ലപ്പെട്ടെന്നും ഹാരെറ്റ്സ് വ്യക്തമാക്കുന്നു. ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് ഹാരെറ്റ്സ് റിപ്പോർട്ട്.
ഗസ്സയിൽ അഞ്ചുദിന താത്കാലിക വെടിനിർത്തൽ ഉടനുണ്ടാകുമെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 50 ബന്ദികളെ വിട്ടുനൽകിയാണ് വെടിനിർത്തൽ ധാരണയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഗസ്സയിൽ വെടിനിർത്തൽ ധാരണയായില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് അറിയിക്കുന്നത്. അതേസമയം, ഒക്ടോബർ ഏഴിനുശേഷം ആറ് ഫലസ്തീനി തടവുകാർ ഇസ്രായേൽ ജയിലുകളിൽ മരിച്ചതായും റിപ്പോർട്ടുകൾ വരുന്നു. ഇസ്രായേൽ സേന 2022ൽ മാത്രം പിടിച്ചുകൊണ്ടുപോയി തടവിലാക്കിയത് 7,000 ഫലസ്തീനികളെയാണ്.
ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം ആയിരത്തിനു മുകളിലെന്നാണ് റിപ്പോർട്ട്. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലെ അൽ ഫാഖൂറ സ്കൂളിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് ഇരുനൂറിലേറെ പേരെ കൊലപ്പെടുത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബർ രണ്ടിനും ഇസ്രായേൽ ഇവിടെ ബോംബിട്ടിരുന്നു. ഇസ്രായേലിന്‍റെ കനത്ത ആക്രമണത്തിൽ നിന്ന് രക്ഷതേടി സ്കൂളിൽ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങളെ പൂർണമായും പലായനം ചെയ്യിക്കാനുള്ള ഇസ്രായേൽ നീക്കത്തിന്‍റെ ഭാഗമാണ് അൽ ഫാഖൂറ സ്കൂൾ ആക്രമണമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആറ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തതായി ഹമാസ് അറിയിച്ചു. സമ്മർദം ശക്തമാണെങ്കിലും യുദ്ധം തുടരുക തന്നെ ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധമന്ത്രി ഗാലന്റും വ്യക്തമാക്കി. പകർച്ചവ്യാധി വിനയാകുമെന്ന് കണ്ടാണ് അമേരിക്കൻ നിർദേശപ്രകാരം ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കാൻ തീരുമാനിച്ചതെന്നും നെതന്യാഹു പറഞ്ഞു.