ഹമാസ് നേതാവ് യഹ്‍യ സിൻവാർ റഫയിലില്ലെന്ന് റിപ്പോർട്ട്; നെതന്യാഹുവിന്റെ വാദങ്ങളെ തള്ളി ഇസ്രായേലി മാധ്യമങ്ങൾ

ഹമാസിൻ്റെ 24 ബറ്റാലിയനുകളിൽ 18 എണ്ണത്തെയും തകർത്തുവെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്

Update: 2024-05-11 14:03 GMT
Advertising

ഗസ്സയിലെ ഹമാസ് തലവൻ യഹ്‍യ സിൻവാർ റഫയില​ല്ല കഴിയുന്നതെന്ന് ഇസ്രായേലി മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഹമാസിനെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ റഫയിൽ ഇസ്രായേൽ സൈന്യം കരയാക്രമണം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രധാന ലക്ഷ്യമാണ് റഫയിലെ ആക്രമണം. ഇതോടൊപ്പം ഹമാസ് നേതാക്കളെയും ഇല്ലാതാക്കുമെന്ന് നെതന്യാഹു പറയുന്നുണ്ട്. ഗസ്സയിലെ ഹമാസിന്റെ മൂന്നാം നമ്പർ നേതാവും സൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡറുമായ മർവാൻ ഇസയെ നേരത്തേ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു.

എന്നാൽ, സിൻവാറും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡീഫും എവിടെയാണെന്നതിൽ ഇസ്രായേലിന് തന്നെ അവ്യക്തതയുണ്ട്. ഉടൻ പിടികൂടാൻ സാധിക്കുമെന്ന് സൈന്യം പറയുന്നുണ്ടെങ്കിലും ഇവർ കാണാമറയത്ത് തുടരുകയാണ്.

സിൻവാർ എവിടെയാണുള്ളതെന്ന് വ്യക്തമായി പറയാൻ സാധക്കില്ലെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ പറയുന്നു. ഖാൻ യൂനിസ് പ്രദേശത്തെ ഭൂഗർഭ തുരങ്കകളിൽ കഴിയുന്നതായുള്ള രഹസ്യാന്വേഷണ വിവരങ്ങളു​ണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. സിൻവാർ ഇ​പ്പോഴും ഗസ്സയിൽ തന്നെയുണ്ടെന്ന് അവർ ഉറപ്പിച്ചു പറയുന്നു.

ഈജിപ്തിനോട് അതിർത്തി പങ്കിടുന്ന റഫയിൽ ക​രയാക്രമണം നടത്തുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേൽ സൈന്യം ഇവിടെ കടന്നുകയറി അതിർത്തികൾ അടച്ചിരുന്നു. 15 ലക്ഷത്തോളം പേർ കഴിയുന്ന റഫയെ ആക്രമിക്കാനുള്ള പദ്ധതിക്കെതിരെ അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. അതിനാൽ തന്നെ അമേരിക്കയുടെ അംഗീകാരം ലഭിക്കും വിധം പരിമിത ​തോതിൽ ആക്രമണം നടത്തിയാൽ മതിയെന്നാണ് സുരക്ഷാ കാബിനറ്റിന്റെ തീരുമാനം.

റഫയിൽ വലിയ കരയാക്രമണവുമായി മുന്നോട്ടു പോയാൽ ആയുധങ്ങൾ അയയ്ക്കുന്നത് നിർത്തുമെന്ന് യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ റഫയിൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക കാരണം ബോംബുകളുടെ കയറ്റുമതിയും തടഞ്ഞുവച്ചു.

എന്നാൽ, ഹമാസിനെ പരാജയപ്പെടുത്താൻ റഫയിൽ മാസങ്ങൾ നീളുന്ന ഓപ്പറേഷൻ അനിവാര്യമാണെന്നാണ് നെതന്യാഹുവിൻറെ വാദം. ഹമാസിന്റെ ആറ് സജീവ ബറ്റാലിയനുകളിൽ നാലെണ്ണം റഫയിലാണ് സ്ഥിതി ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ഇസ്രായേൽ ആക്രമണ ഭീഷണി ശക്തമാക്കിയതിനാൽ റഫയിലെ നിരവധി ഹമാസ് പോരാളികൾ വടക്കോട്ട് പലായനം ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേലിനോട് സംസാരിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. ഹമാസിൻ്റെ 24 ബറ്റാലിയനുകളിൽ 18 എണ്ണത്തെയും തകർത്തുവെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. എന്നാൽ, ഇസ്രായേൽ സൈന്യം ആക്രമിച്ച് തരിപ്പണമാക്കിയ പ്രദേശങ്ങളിൽ ഹമാസിന്റെ പോരാളികൾ വീണ്ടും പ്രവർത്തനം സജീവമാക്കിയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

റഫയിൽ നാല് ഹമാസ് ബ്രിഗേഡുകളുണ്ടെന്നും സൈനിക നടപടി വേണമെന്നുമുള്ള നെതന്യാഹുവിൻ്റെ അവകാശവാദത്തിനെതിരെ ഇസ്രായേലിലെ യെദിയോത്ത് അഹ്‌റോനോത്ത് പത്രവും രംഗത്തുവന്നു. റഫയിൽ ഇനി നാല് ഹമാസ് ബറ്റാലിയനുകളില്ല. വലിയൊരു വിഭാഗം നഗരവും അതിൻ്റെ പ്രാന്തപ്രദേശങ്ങളും വിട്ട് ഖാൻ യൂനിസിലേക്ക് മാറിയിട്ടുണ്ട്. രണ്ട് ബറ്റാലിയനുകളാണ് നഗരത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് അവശേഷിക്കുന്നതെന്നും ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേൽ സൈന്യവുമായി വലിയ യുദ്ധങ്ങൾ നടത്താൻ സംഘടന ഇതുവരെ ശ്രമിച്ചിട്ടില്ല. സിൻവാറിൻ്റെ പദ്ധതി അന്നും ഇന്നും ലളിതമാണ്. ഇസ്രായേൽ സൈന്യത്തിന് മേധാവിത്വം ഉള്ളടത്തോളം ഹമാസ് തുരങ്കങ്ങളിൽ തുടരുമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, എല്ലാവിധ അന്താരാഷ്ട്ര മുന്നറിയിപ്പുകളെയും അവഗണിച്ച് ഇസ്രായേൽ സൈന്യം റഫയിലടക്കം ആക്രമണം കടുപ്പിച്ചതായി ഗസ്സയിലെ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ സൈനിക വാഹനങ്ങൾ റഫയിലേക്ക് അതിക്രമിച്ച് കയറുകയാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News