ഇസ്രായേലിന് വഴങ്ങി വെടിനിർത്തൽ കരാറിനില്ലെന്ന് ഹമാസ്
ഗസ്സയിലേക്ക് സഹായമെത്തിക്കാനായി സജ്ജീകരിക്കുന്ന സമുദ്ര ഇടനാഴി പദ്ധതിയിൽ യു.എ.ഇയും
ഗസ്സ സിറ്റി: ഇസ്രായേലിന് വഴങ്ങി വെടിനിർത്തൽ കരാറിനില്ലെന്ന് ഹമാസ്. ആക്രമണം നിർത്തുക, സൈന്യം പിൻവാങ്ങുക, ഫലസ്തീൻ തടവുകാരുടെ കൈമാറ്റം ഉറപ്പാക്കുക എന്നിങ്ങനെയുള്ള നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വക്താവ്അബൂ ഉബൈദ പറഞ്ഞു. യുദ്ധം ആറാം മാസത്തിലേക്ക് കടന്നിരിക്കെ, പോരാട്ടം കൂടുതൽ ശക്തമായി തുടരുന്നതായും അൽഖസ്സാം ബ്രിഗേഡ് വ്യക്തമാക്കി.
അതേസമയം, ഗസ്സയിൽ തുറമുഖമൊരുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം വെറും പ്രചാരണ തന്ത്രമാണെന്ന് വിമർശനമുയർന്നു. സൈപ്രസിൽ നിന്ന് നേരിട്ട് ഗസ്സതീരത്തേക്ക് സഹായമെത്തിക്കാൻ കഴിയുംവിധം ഗസ്സയിൽ തുറമുഖം സൃഷ്ടിക്കുമെന്നാണ് യുഎസ് കോൺഗ്രസിലെ വാർഷിക പ്രഭാഷണത്തിൽ ജോ ബൈഡന്റെ പ്രഖ്യാപനം. യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും തുറമുഖം. യുകെയും യൂറോപ്യൻ യൂണിയനും അമേരിക്കയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും തുറമുഖവുമായി സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ബൈഡന്റെ പ്രഖ്യാപനം ഗസ്സയിലെ ദുരിതങ്ങൾ അവസാനിപ്പിക്കാനുള്ള ആത്മാർഥ ശ്രമമല്ലെന്നാണ് പൊതുവിലയിരുത്തൽ. ഇസ്രായേലിനെ പിന്തുണക്കുന്നതിൽ സ്വന്തം രാജ്യത്തും അന്താരാഷ്ട്ര രംഗത്തും വലിയ വിമർശനങ്ങൾ നേരിടുന്ന ബൈഡൻ അതിൽ നിന്ന് ശ്രദ്ധമാറ്റാനുള്ള തന്ത്രമൊരുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഗസ്സയിൽ പട്ടിണി മരണങ്ങൾ കൂടുകയാണ്. ഇതൊഴിവാക്കാൻ റഫയിലൂടെയും മറ്റും കരമാർഗത്തിലൂടെ തന്നെ അടിയന്തര സഹായമെത്തിക്കാൻ ഇസ്രായേലിനെ നിർബന്ധിപ്പിക്കുകയാണ് വേണ്ടതെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു.
വനിതാ ദിനത്തിൽ ഗസ്സയിലെ സ്ത്രീകളുടെ സ്ഥിതി അതീവഗുരുതരമാണ്. 60,000 ഗർഭിണികകളാണ് ഗസ്സയിൽ കൊടുംപട്ടിണിയിൽ കഴിയുന്നത്. പോഷകാഹാരക്കുറവ് കാരണം ഗർഭിണികളുടെ ജീവൻ അപകടത്തിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
റമദാൻ വ്രതാരംഭത്തിനു മുൻപേ വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച കൈറോ ചർച്ച ഇസ്രയേൽ നിസ്സഹകരിച്ചതോടെയാണു പരാജയപ്പെട്ടത്. ഹമാസ് പ്രതിനിധി സംഘം കൈറോയിൽ നിന്ന് മടങ്ങി. ചർച്ച അടുത്തയാഴ്ച പുനരാംഭിക്കുമെന്നാണ് സൂചന. സിഐഎ മേധാവി വില്യം ബേൺസ് കൈറോയിൽ നിന്ന് ദോഹയിലെത്തിയതായാണ് റിപ്പോർട്ട്.
അതിനിടെ, വൻ ശക്തി രാജ്യങ്ങളുടെ നേതൃത്വത്തിൽ ഗസ്സയിലേക്ക് സഹായമെത്തിക്കാനായി സജ്ജീകരിക്കുന്ന സമുദ്ര ഇടനാഴി പദ്ധതിയിൽ യു.എ.ഇയും പങ്കാളിയാകും. യൂറോപ്യൻ യൂനിയൻ, യു.കെ, യു.എസ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഗസ്സയിലേക്ക് നേരിട്ട് സഹായമെത്തിക്കാൻ സമുദ്ര ഇടനാഴി തുറക്കുന്നത്.
പദ്ധതിയുടെ പരീക്ഷണാർഥം വെള്ളിയാഴ്ച ഒരു സഹായക്കപ്പൽ പുറപ്പെട്ടതായി മുതിർന്ന യൂറോപ്യൻ യൂനിയൻ വക്താവ് സൈപ്രസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തടസങ്ങളില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ വിപുലമായ രീതിയിൽ സഹായക്കപ്പലുകൾ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈപ്രസ് സമുദ്ര ഇടനാഴി എന്ന പേരിലാണ് കടൽ വഴി സഹായമെത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുള്ളത്.
നേരത്തെ വ്യോമമാർഗം ഈജിപ്തിൽ എത്തിച്ച് റഫ അതിർത്തി വഴി മാത്രമാണ് ഗസ്സയിലേക്ക് സഹായ വസ്തുക്കൾ എത്തിയിരുന്നത്. ഇതുവഴിയുള്ള പരിമിതമായ സഹായം അപര്യാപ്തമാണെന്ന സാഹചര്യം പരിഗണിച്ചാണ് യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ പുതിയ വഴി തേടിയത്. കഴിഞ്ഞ ദിവസങ്ങളിൽ വ്യോമമാർഗം എയർഡ്രോപ് ചെയ്ത് യു.എ.ഇ സഹായ വസ്തുക്കൾ എത്തിച്ചിരുന്നു. കൂടുതൽ സഹായം എത്തിക്കുന്നതിൽ ഇതിനും പരിമിതയുള്ള സാഹചര്യത്തിലാണ് സമുദ്ര ഇടനാഴി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇസ്രായേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സ നിവാസികൾക്ക് സഹായമെത്തിക്കാനായി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പ്രഖ്യാപിച്ച ഗാലൻറ് നൈറ്റ്3 സംരംഭത്തിന്റെ ഭാഗമായി നിരവധി സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഗസ്സ മുമ്പിൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിനായി യു.എ.ഇ ഗസ്സ മുനമ്പിൽ ഫീൽഡ് ആശുപത്രി നിർമിച്ചിരുന്നു. 150 കിടക്കകളുള്ള ആശുപത്രിയിൽ ഇതു വരെ 35,00 രോഗികൾക്കാണ് ചികിത്സ ലഭ്യമാക്കിയത്. കൂടാതെ ഭക്ഷ്യവസ്തുക്കൾ, മരുന്ന്, ഷെൽട്ടറുകൾ, സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ മറ്റ് അവശ്യ വസ്തുക്കൾ എന്നിവ അടങ്ങിയ ടൺ കണക്കിന് സഹായവും യു.എ.ഇ ഗസ്സയിലേക്ക് അയച്ചിരുന്നു. അതോടൊപ്പം ഗസ്സ പുനരുദ്ധാരണത്തിന് 50 ലക്ഷം ഡോളറും പ്രസിഡൻറ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വെസ്റ്റ് ബാങ്കിൽ 3,500 പുതിയ അനധികൃത നിർമ്മാണങ്ങൾ നടത്താനുള്ള ഇസ്രായേൽ നീക്കത്തെ അപലപിച്ച് കുവൈത്ത് രംഗത്തെത്തി. ജറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗം ഭാഗങ്ങളും പിടിയിലാക്കാനുള്ള നീക്കമാണിതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് കുവൈത്തിന്റെ പിന്തുണയുണ്ടാകും. സുരക്ഷിതമായ ജീവിതം ആസ്വദിക്കാൻ ഫലസ്തീനികൾക്ക് അവകാശമുണ്ട്. ഇസ്രായേലിന്റെ നിയലംഘന പ്രവൃത്തികൾ തടയാൻ അന്താരാഷ്ട്ര സമൂഹവും സുരക്ഷാ കൗൺസിലും ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.