ടോണി ബ്ലെയര്‍ മുതല്‍ ജോര്‍ദാന്‍ രാജാവ് വരെ: പാന്‍ഡോറ പേപ്പേഴ്‌സിലെ അഞ്ച് രാഷ്ട്രത്തലവന്മാര്‍

ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും (ഐ.സി.ഐ.ജെ) വിവിധ മാധ്യമങ്ങളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 12 ദശലക്ഷം രേഖകളാണുള്ളത്.

Update: 2021-10-04 16:42 GMT
Advertising

നികുതിയിളവുള്ള രാജ്യങ്ങളില്‍ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യക്തികളും നടത്തിയ നിക്ഷേപങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം പാന്‍ഡോറ പേപ്പേഴ്സ് എന്ന പേരിലുള്ള റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും (ഐ.സി.ഐ.ജെ) വിവിധ മാധ്യമങ്ങളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 12 ദശലക്ഷം രേഖകളാണുള്ളത്. ഭൂരിഭാഗവും രാഷ്ട്രത്തലവന്‍മാരുടേയും പ്രമുഖ വ്യക്തികളുടെയുമാണ്. ഇതില്‍ അഞ്ച് രാഷ്ട്രത്തലവന്മാര്‍ ഇതാ..

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ

ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയായ ടോണി ബ്ലയറും ഭാര്യ  ചെറി ബ്ലെയറും ലണ്ടനിൽ 64.5 ലക്ഷം പൗണ്ടിന്റെ വീടു വാങ്ങിയപ്പോ‍ൾ 3 ലക്ഷം പൗണ്ടിന്റെ സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി. 1997 മുതൽ 2007 വരെ യു.കെ. പ്രധാനമന്ത്രിയായിരുന്ന ബ്ലെയര്‍ 2017ൽ 8.8 മില്യൺ ഡോളർ മൂല്യമുള്ള വിക്ടോറിയൻ കെട്ടിടം ബ്രിട്ടീഷ് വിർജിൻ ഐലന്റ്‌സ് കമ്പനി വഴിയാണ് സ്വന്തമാക്കി. അദ്ദേഹത്തിന്‍റെ ഭാര്യ ചെറി ബ്ലയറിന്‍റെ നിയമ സ്ഥാപനമായാണ് നിലവില്‍ ഈ കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ബഹറിൻ വ്യവസായ- ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയുടെ കുടുംബത്തിൽ നിന്നുമാണ് ഇരുവരും കെട്ടിടം സ്വന്തമാക്കിയത്. കെട്ടിടത്തിന് പകരം കമ്പനി ഓഹരികൾ വാങ്ങി ഉടമസ്ഥാവകാശം സ്വന്തമാക്കിയതു വഴി ബ്ലെയർ നാലു ലക്ഷം ഡോളറിലധികം ആസ്തി നികുതി ലാഭിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ 

ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന് യുകെയിലും യുഎസിലുമായി 7 കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 10.6 കോടി ഡോളറിലധികം മൂല്യമുള്ള 14 വീടുകൾ ഇദ്ദേഹത്തിനു യു.എസിലും യു.കെയിലുമായുണ്ട്. ഇതിൽ 2.3 കോടി ഡോളർ മൂല്യം വരുന്ന കാലിഫോർണിയയിലെ ആസ്തി 2017ൽ ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സ് കമ്പനി വഴി സ്വന്തമാക്കിയതാണ്. രാജാവിനെ 1995 മുതൽ 2017 വരെ കുറഞ്ഞത് മൂന്ന് ഡസൻ കടലാസ് കമ്പനികൾ സ്ഥാപിക്കാൻ ഉപദേഷ്ടാക്കള്‍ സഹായിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. സ്വിറ്റ്‌സർലൻഡിലെ ഒരു ഇംഗ്ലീഷ് അക്കൗണ്ടന്റും ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലെ അഭിഭാഷകരുമാണു ഇദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളെന്നാണ് കണ്ടെത്തല്‍. 

ചെക്ക് പ്രധാനമന്ത്രി ആന്ദ്രെജ് ബാബിസ്

2009ൽ, ചെക്ക് പ്രധാനമന്ത്രി ആന്ദ്രെജ് ബാബിസ് ഫ്രാൻസിലെ മൗഗിൻസിലെ ഒരു കുന്നിൻ മുകളില്‍ ഒരു എസ്റ്റേറ്റ് സ്വന്തമാക്കാന്‍ ഷെൽ കമ്പനികൾക്ക് 2.2 കോടി ഡോളർ നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ ആസ്തിയെപറ്റിയും ഇടപാടിനെപറ്റിയും ഇദ്ദേഹം ഇതുവരെ ആസ്തി രേഖകളിൽ പ്രതിപാദിച്ചിട്ടില്ല.

കെനിയൻ പ്രസിഡന്റ് ഉഹുറു കെനിയാറ്റ

ബ്രിട്ടീഷ് വിർജിൻ ദ്വീപുകളും പനാമയും അടിസ്ഥാനമാക്കിയുള്ള ഏഴ് സ്ഥാപനങ്ങളെങ്കിലും കെനിയാറ്റയ്ക്കും കുടുംബത്തിനുമുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 30 മില്യൺ ഡോളറിലധികം ആസ്തിയുള്ള ഓഫ്ഷോര്‍ ബിസിനസുകളുമുണ്ടെന്നാണ് കണ്ടെത്തല്‍. സ്വാതന്ത്ര്യാനന്തര കെനിയയുടെ ആദ്യത്തെ പ്രസിഡന്‍റായ ജോമോ കെനിയാറ്റയുടെ മകനാണ് ഉഹുറു കെനിയാറ്റ. 

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 

ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ പ്രമുഖര്‍, കുടുംബാംഗങ്ങള്‍, ഇമ്രന്‍ ഖാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ തുടങ്ങി 700 പാകിസ്ഥാന്‍ പൗരന്മാരാണ് പാന്‍ഡോറ പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്‍ ധനകാര്യ മന്ത്രി ഷൗക്കത്ത് ഫയാസ് അഹമ്മദ് തരിനും കുടുംബവും മുൻ ധനകാര്യ, റവന്യൂ ഉപദേഷ്ടാവ് വഖർ മസൂദ് ഖാന്റെ മകനും പി.ടി.ഐയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സായ ആരിഫ് നഖ്‌വിയുമൊക്കെയാണ് ഇതില്‍ പ്രമുഖര്‍. 

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് മൊണാകോയിൽ രഹസ്യസമ്പാദ്യമുള്ളതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ അംബാനി തുടങ്ങി നിരവധിപ്പേരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്. 117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളിൽനിന്നുള്ള 600 പത്രപ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐ.സി.ഐ.ജെ) അന്വേഷണം നടത്തിയത്. പനാമ പേപ്പറുകൾ സമാഹരിച്ച മാധ്യമപ്രവർത്തകരുടെ സംഘമാണ് പുതിയ വെളിപ്പെടുത്തലിനും പിന്നിൽ.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News