ഇസ്രായേലിന്റെ അയേൺ ഡോമിനെ ആക്രമിച്ച് ഹിസ്ബുല്ല; വിഡിയോ പുറത്തുവിട്ടു
ഗോലാൻ കുന്നുകളിലെ അയേൺ ഡോം സംവിധാനത്തിന്റെ റഡാർ ഹിസ്ബുല്ല നശിപ്പിച്ചിരുന്നു
ഇസ്രായേലിന്റെ പ്രധാന പ്രതിരോധ സംവിധാനമാണ് അയേൺ ഡോം. ബില്യൺ ഡോളറുകളാണ് അയേൺ ഡോമിനായി ഇസ്രായേൽ ചെലവഴിക്കുന്നത്. എന്നാൽ, അയേൺ ഡോമിനെ നേരിട്ട് ആക്രമിച്ചിരിക്കുകയാണ് ലെബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല. ഇതിന്റെ വിഡിയോ ഹിസ്ബുല്ല പുറത്തുവിട്ടിട്ടുണ്ട്.
ശത്രുക്കൾ വിക്ഷേപിക്കുന്ന മിസൈലുകളെ തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധിക്കുന്ന സംവിധാനമാണ് അയേൺ ഡോം. എന്നാൽ, അയേൺ ഡോമിന് നേരെ വരുന്ന ആക്രമണം പോലും അതിന് ചെറുക്കാൻ സാധിക്കുന്നില്ലെന്ന സന്ദേശമാണ് ഹിസ്ബുല്ല നൽകുന്നത്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണവും അയേൺ ഡോമിന് ചെറുക്കാൻ സാധിച്ചിരുന്നില്ല.
വടക്കൻ അധിനിവേശ ഫലസ്തീനിലെ റാമോട്ട് നഫ്താലിയിലാണ് ഹിസ്ബുല്ല അയേൺ ഡോമിനെ നേരിട്ട് ആക്രമിച്ചത്. എന്നാൽ, പതിവ് പോലെ ഇസ്രായേൽ പ്രതിരോധ സേന ഈ ആക്രമണത്തെ നിഷേധിച്ച് രംഗത്ത് വന്നു. ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് ഇസ്രായേലിന്റെ വാദം.
നേരത്തെ ഗോലാൻ കുന്നുകളിലെ അയേൺ ഡോം സംവിധാനത്തിന്റെ റഡാർ നശിപ്പിച്ചതായി ഹിസ്ബുല്ല അറിയിച്ചിരുന്നു. ആക്രമണത്തിൽ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈ ആക്രമണങ്ങളിലൂടെ ഇസ്രായേലിന് ഹിസ്ബുല്ല വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്ന് യുദ്ധ വിദഗ്ധർ സൂചിപ്പിക്കുന്നു. ഹിസ്ബുല്ല തങ്ങളുടെ കൈവശമുള്ള ആയുധങ്ങളുടെ സാമ്പിളുകൾ ഇസ്രായേലിന് മുന്നിൽ വെളിവാക്കുകയാണ്. ആവശ്യമാണെങ്കിൽ അവസാനത്തെ പോരാട്ടത്തിന് തങ്ങൾ തയ്യാറണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
ഇസ്രായേലിനെതിരായ യുദ്ധത്തിൽ അൽമാസ് എന്നറിയപ്പെടുന്ന കൃതത നിറഞ്ഞ പുതിയ മൂന്ന് തരം മിസൈലുകൾ ഹിസ്ബുല്ല വിന്യസിച്ചിട്ടുണ്ട്. 2006ലെ ഇസ്രായേൽ - ലെബനാൻ യുദ്ധസമയത്ത് പിടിച്ചെടുത്ത ഇസ്രായേൽ മിസൈലുകൾ ഉപയോഗിച്ച് ഇറാൻ വികസിപ്പിച്ച മിസൈലുകളാണ് അൽമാസ്.
നേരത്തെ തന്നെ ലക്ഷ്യം നിർണയിക്കുകയോ അതല്ലെങ്കിൽ റിമോട്ട് കൺട്രോളർ വഴി ലക്ഷ്യം ക്രമീകരിക്കുകയോ ചെയ്യാമെന്നതാണ് ഇതിൻറെ പ്രത്യേകത. ഈ മിസൈലുകൾ വടക്കൻ അതിർത്തിയിൽ കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഇസ്രായേലി റിസർച്ച് സെന്ററായ അൽമ സൂചിപ്പിക്കുന്നു.
അൽമാസ് 3 ഉപയോഗിച്ചാകും ഇസ്രായേലിന്റെ അയേൺ ഡോം യൂനിറ്റിനെ ആക്രമിച്ചതെന്ന് സൈനിക വിശകലന വിദഗ്ധനായ മുസ്തഫ അസാദ് പറയുന്നു. പ്രസ്തുത മിസൈലിന് കൂടുതൽ റേഞ്ചും വിസ്ഫോടന ശേഷിയുമുണ്ട്. അൽമാസ് 3 ഇസ്രായേലിന് പ്രതിരോധിക്കാൻ കഴിയാത്ത ആയുധമാണ്. ഫൈബർ ഒപ്റ്റിക് റിലേ കേബിളുമായി ബന്ധിപ്പിച്ച ഇലക്ട്രോ ഒപ്റ്റികൽ ഗൈഡൻസ് സംവിധാനമാണ് ഇതിനെ നയിക്കുന്നത്. അതിനാൽ തന്നെ ഇതിനെ പ്രതിരോധിക്കാനോ നിശ്ചലമാക്കാനോ സാധ്യമല്ലെന്നും അസാദ് പറയുന്നു.
2011ലാണ് ഇസ്രായേൽ അയേൺ ഡോം സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും റോക്കറ്റുകളെ തടയുകയായിരുന്നു ലക്ഷ്യം. 2006ലെ യുദ്ധത്തിന് പിന്നാലെയായിരുന്നു അയേൺ ഡോമിനെക്കുറിച്ച് ഇസ്രായേൽ ചിന്തിക്കുന്നത്. റഡാറിന്റെ സഹായത്തോടെ താമിർ മിസൈലുകൾ ഉപയോഗിച്ചാണ് അയേൺ ഡോം ശത്രുവിന്റെ മിസൈലുകളെ തടയുന്നത്. 70 കിലോമീറ്റർ വരെ പരിധിയിലുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും.
അയേൺ ഡോമിനായി വലിയ തുകയാണ് ഇസ്രായേൽ ഓരോ വർഷവും ചെലവിടുന്നത്. മൂന്നോ നാലോ ലോഞ്ചറുകൾ അടങ്ങുന്ന ഒരു അയേൺ ഡോം യൂനിറ്റിന് ഏകദേശം 100 മില്യൺ ഡോളറാണ് വില. അയേൺ ഡോമിന്റെ പ്രതിരോധശേഷി 90 ശതമാനമാണെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ, 80 ശതമാനം മാത്രമെയുള്ളൂവെന്നാണ് ചില വിദഗ്ധർ പറയുന്നത്. ഇതിന്റെ തെളിവായിരുന്നു ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം. ഇത് കൂടാതെ ദിവസങ്ങൾക്ക് മുമ്പും തെൽ അവീവിനെ ലക്ഷ്യമാക്കി നിരവധി മിസൈലുകൾ ഹമാസ് വിക്ഷേപിച്ചിരുന്നു. ഇത് പലയിടത്തും നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അതേസമയം, അയേൺ ഡോമിനെ തന്നെ തകർക്കുന്ന മിസൈൽ ഹിസ്ബുല്ല അയച്ചത് ഇസ്രായേലിന് കൂടുതൽ തലവേദനയാകുമെന്നത് ഉറപ്പാണ്.