ഗോലാൻ കുന്നിൽ ഹിസ്ബുല്ലയുടെ ആക്രമണമെന്ന് റിപ്പോർട്ട്; പതിച്ചത് 50 ലേറെ റോക്കറ്റുകള്‍

വീടുകളെ ലക്ഷ്യമിട്ട് 50 ലേറെ റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ

Update: 2024-08-21 13:26 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തെൽ അവീവ് : അധിനിവേശ ഗോലാൻ കുന്നിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണമെന്ന് റിപ്പോർട്ട്. വീടുകളെ ലക്ഷ്യമിട്ട് 50 ലേറെ റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരു വീട് പൂർണമായും കത്തിനശിച്ചതായാണ് പുറത്തുവരുന്ന വിവരം. അതേസമയം ആളപായം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഹിസ്ബുല്ല ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇസ്രായേൽ അതിർത്തി കടന്ന 50 പ്രൊജക്ടൈലുകളിൽ ചിലതിനെ അയൺ ഡോം സംവിധാനത്തിലൂടെ തടഞ്ഞെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ലെബനാനിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് ആക്രമണമെന്നാണ് കരുതുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഗോലാൻ കുന്നിലെ ഫുട്‌ബോൾ ഗ്രൗണ്ടിൽ റോക്കറ്റ് പതിച്ച് കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഹിസ്ബുല്ലയാണെന്നാണ് ഇസ്രായേൽ വാദിച്ചിരുന്നത്. എന്നാൽ ഈ വാദം ഹിസ്ബുല്ല തള്ളിയിരുന്നു. 

അതേസമയം ഗസ്സയിൽ താൽകാലിക വെടിനിർത്തൽ കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിലെത്തി നെതന്യാഹുവിനെ കണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കുന്ന തരത്തിലുള്ള ഒരു വെടിനിർത്തലിനും സമ്മർദം ചെലുത്തിയില്ല. ഹമാസിന്റെ ആവശ്യങ്ങളെല്ലാം നിരാകരിച്ച് ബന്ദികളെ വിട്ടുകൊടുക്കാൻ മാത്രമുള്ള താത്കാലിക വെടിനിർത്തലിനായി അമേരിക്ക മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തിനും ഖത്തറിനുംമേൽ സമ്മർദം തുടരുകയാണ്.



Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News