പ്രളയത്തില്‍ തകര്‍ന്ന് പാകിസ്താന്‍; ദുരിതബാധിതര്‍ക്കായി വാതില്‍ തുറന്നുകൊടുത്ത് ഹിന്ദു ക്ഷേത്രം
200 മുതല്‍ 300 വരെ പേര്‍ക്കാണ് ക്ഷേത്രം ഭക്ഷണവും കിടക്കാനിടവും നല്‍കി ക്ഷേത്രം അധികൃതര്‍ ആശ്വാസമായത്
കറാച്ചി: പ്രളയക്കെടുതിയില്‍ വലയുകയാണ് പാകിസ്താന്‍. ദശലക്ഷക്കണക്കിനാളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഉറ്റവരെയും ഉടയവരെയും കിടപ്പാടവും നഷ്ടപ്പെട്ട് നിരവധി പേര്‍ സഹായത്തിനായി കേഴുമ്പോള്‍ പ്രളയബാധിതര്‍ക്കായി വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണ് ബലൂചിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിലെ ഹിന്ദു ക്ഷേത്രം. 200 മുതല്‍ 300 വരെ പേര്‍ക്കാണ് ക്ഷേത്രം ഭക്ഷണവും കിടക്കാനിടവും നല്‍കി ക്ഷേത്രം അധികൃതര്‍ ആശ്വാസമായത്.
ഉയര്‍ന്ന പ്രദേശത്താണ് കാച്ചി ജില്ലയിലെ ജലാല്‍ ഖാന്‍ ഗ്രാമത്തിലെ ബാബ മധോദസ് മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വെള്ളപ്പൊക്കം ക്ഷേത്രത്തെ സാരമായി ബാധിച്ചിട്ടില്ല. നാരി, ബോലാന്‍, ലെഹ്രി നദികളിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഗ്രാമം മറ്റ് പ്രവിശ്യകളില്‍നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ വലയുന്ന ജനങ്ങള്‍ക്കും അവരുടെ കന്നുകാലികള്‍ക്കുമായി പ്രാദേശിക ഹിന്ദു സമൂഹം ബാബ മധോദസ് മന്ദിറിന്‍റെ വാതിലുകള്‍ തുറന്നുകൊടുത്തതായി ഡോണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, വിഭജനത്തിനു മുമ്പുള്ള ഒരു ഹിന്ദു സന്യാസിയായിരുന്നു ബാബ മധോദസ്, പ്രദേശത്തെ മുസ്‍ലിമുകളും ഹിന്ദുക്കളും ഒരുപോലെ ആദരിച്ച വ്യക്തിയാണ് അദ്ദേഹം. 'അദ്ദേഹം ഒട്ടകപ്പുറത്താണ് യാത്ര ചെയ്തിരുന്നത്- ഭാഗ് നാരി തഹസില്‍ നിന്ന് ഗ്രാമത്തിലെ പതിവ് സന്ദര്‍ശകനായ ഇല്‍താഫ് ബുസ്ദാര്‍ പറയുന്നു. മതപരമായ അതിര്‍വരമ്പുകള്‍ക്കപ്പുറമായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം. ജാതിക്കും മതത്തിനും പകരം മനുഷ്യത്വത്തിന്‍റെ കണ്ണാടിയിലൂടെയാണ് അദ്ദേഹം ജനങ്ങളെ കണ്ടിരുന്നതെന്ന് തന്‍റെ മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും ബുസ്ദാര്‍ പറഞ്ഞു.
ബലൂചിസ്ഥാനില്‍നിന്നുള്ള ഹിന്ദു വിശ്വാസികള്‍ പതിവായി ദര്‍ശനത്തിനെത്താറുള്ള ആരാധനാലയം കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ചതും വിശാലവുമാണ്. ജലാൽ ഖാനിലെ ഹിന്ദു സമുദായത്തിലെ ഭൂരിഭാഗം അംഗങ്ങളും ജോലിക്കും മറ്റ് അവസരങ്ങൾക്കുമായി കാച്ചിയിലെ മറ്റ് നഗരങ്ങളിലേക്ക് കുടിയേറി. എന്നാൽ ക്ഷേത്രം പരിപാലിക്കുന്നതിനായി രണ്ട് കുടുംബങ്ങൾ ക്ഷേത്ര പരിസരത്ത് തന്നെ തുടരുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഭാഗ് നാരി തഹസിൽദാർ കടയുടമ രത്തൻ കുമാറിനാണ് (55) ഇപ്പോൾ ക്ഷേത്രത്തിന്‍റെ ചുമതല. എല്ലാ വർഷവും ബലൂചിസ്ഥാനിൽ നിന്നും സിന്ധിൽ നിന്നും ധാരാളം ആളുകൾ തീർത്ഥാടനത്തിനായി ഇവിടെയെത്തുന്നതിനാൽ ക്ഷേത്രത്തിൽ നൂറിലധികം മുറികളുണ്ട്.