ഇസ്രായേലിലേക്ക് മിസൈലയച്ച് ഹൂതികൾ; റെയിൽവേ സ്റ്റേഷന് തീപിടിച്ചു

അപായ സൈറണുകൾ മുഴങ്ങിയതോടെ ജനം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി

Update: 2024-09-16 14:39 GMT
Advertising

തെൽ അവീവ്: യെമനിൽനിന്ന് മധ്യ ഇസ്രായേൽ ലക്ഷ്യമാക്കി ഭൂതല മിസൈൽ തൊടുത്തുവിട്ട് ഹൂതികൾ. മിസൈലിന്റെ ഭാഗങ്ങൾ പതിച്ച് പാതൈ മോദിഇൻ റെയിൽവേ സ്റ്റേഷന്റെ ഭാഗങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, ജനവാസമില്ലാത്ത സ്ഥലത്താണ് മിസൈൽ പതിച്ചതെന്നും അതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രായേലി സൈന്യം പറയുന്നു.

മിസൈൽ വരുന്നതിന് മുമ്പായി തെൽ അവീവിലും മധ്യ ഇസ്രായേലിലും അപായ സൈറണുകൾ മുഴങ്ങുകയുണ്ടായി. ഇതിനെ തുടർന്ന് ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഏകദേശം 23,65,000 പേർ ഇത്തരത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അപായ ശബ്ദം കേട്ട് ഓടിരക്ഷപ്പെടുന്നതിനിടെ ഒമ്പത് പേർക്ക് ചെറിയ പരിക്കേറ്റതായും റി​പ്പോർട്ടുകളുണ്ട്. ഇസ്രായേലിന്റെ സ്വയംപ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കിയാണ് ഇസ്രായേലിനകത്ത് മിസൈൽ പതിച്ചത്. വരും ദിവസങ്ങളിലും വലിയ ആക്രമണങ്ങൾക്കാണ് ഹൂതികൾ തയാറെടുക്കുന്നതെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ജൂലൈയിൽ ഹൂതികൾ തെൽ അവീവ് ലക്ഷ്യമാക്കി ഡ്രോണുകൾ തൊടുത്തുവിട്ടിരുന്നു. ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ മാധ്യമങ്ങള്‍ റി​പ്പോർട്ട് ​ചെയ്തിരുന്നു.

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News