കാലാവസ്ഥ പ്രവചിച്ച് കുടുങ്ങി; മാറ്റിവച്ചത് യൂറോപ്പിലെ ഏറ്റവും വലിയ വെടിക്കെട്ട്, ഒടുക്കം പണി പോയി

20 ലക്ഷം പേര്‍ ആകാംക്ഷയോടെ കാത്തിരുന്ന യൂറോപ്പിലെ ഏറ്റവും വലി വെടിക്കെട്ടാണ് രണ്ട് ഉദ്യോഗസ്ഥരുടെ 'തെറ്റിയ പ്രവചനം' മൂലം മാറ്റി വക്കേണ്ടി വന്നത്!!

Update: 2022-08-24 11:50 GMT
Advertising

ബുഡാപ്പെസ്റ്റ്: കാലാവസ്ഥാ പ്രവചനങ്ങള്‍ തെറ്റുന്നത് നമുക്കൊരു പുതിയ കാഴ്ചയല്ല. പലപ്പോഴും കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങള്‍ തെറ്റുകയും അതിനെത്തുടര്‍ന്ന് വകുപ്പ് കുറേ ഏറെ പഴികള്‍ ഏറ്റുവാങ്ങുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥ പ്രവചനം തെറ്റിയതു മൂലം തങ്ങളുടെ പണിപോയ  ഉദ്യോഗസ്ഥരെകുറിച്ച് കേട്ടിട്ടുണ്ടോ. എങ്കിലിതാ കേട്ടോളൂ. കാലാവസ്ഥ പ്രവചിച്ച് പണി കിട്ടിയിരിക്കുകയാണിപ്പോള്‍ ഹംഗറിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. പ്രവചനം തെറ്റിയത് മൂലം തങ്ങളുടെ സര്‍ക്കാര്‍ ജോലിയാണ് ഇരുവര്‍ക്കും നഷ്ടമായത്.  കാരണമെന്താണെന്നോ. 20 ലക്ഷം പേര്‍ ആകാംക്ഷയോടെ കാത്തിരുന്ന യൂറോപ്പിലെ ഏറ്റവും വലിയ വെടിക്കെട്ടാണ് ഇവരുടെ 'തെറ്റിയ പ്രവചനം' മൂലം മാറ്റി വക്കേണ്ടി വന്നത്!

യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുഡാപെസ്റ്റിലെ കരിമരുന്ന് പ്രയോഗമാണ് കാലാവസ്ഥ പ്രവചനങ്ങളെ തുടർന്ന് മാറ്റി വക്കേണ്ടി വന്നത്. ശനിയാഴ്ചയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരിക്കേ വെടിക്കെട്ട് നടക്കുന്നതിന് ഏഴ് മണിക്കൂർ മുമ്പ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനമെത്തി. വെടിക്കെട്ട് നടക്കുന്ന സമയത്ത് കനത്ത മഴയുണ്ടാവുമെന്നായിരുന്നു പ്രവചനം. ഇതിനെത്തുടർന്ന് വെടിക്കെട്ട് മാറ്റിവക്കുകയാണെന്ന് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതു പോലെ ഒന്നും സംഭവിച്ചില്ല. ഇതോടെ ഉദ്യോഗസ്ഥരുടെ ജോലി തെറിക്കുകയായിരുന്നു.

യൂറോപ്പിലെ പ്രസിദ്ധമായ ഡാന്യൂബ് നദിക്കരയിലാണ് വൻകരയിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം നടക്കാറുള്ളത്. സെന്‍റ് സ്റ്റീഫൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് എല്ലാ വർഷവും ഈ വെടിക്കെട്ട് നടക്കുന്നത്. അഞ്ച് കിലോമീറ്ററോളം നീളത്തിൽ 240 കേന്ദ്രങ്ങളിലാണ് വെടിക്കെട്ട് നടക്കുക. എല്ലാ വർഷവും രണ്ട് മില്യണിലധികം ആളുകൾ കരിമരുന്ന് പ്രയോഗം കാണാനെത്താറുണ്ട്.

ബുഡാപെസ്റ്റിലും പരിസരപ്രദേശങ്ങളിലും ആഘോഷ ദിവസം കനത്ത മഴയുണ്ടാവുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ ബുഡാപ്പെസ്റ്റിൽ ഒരിടത്തും മഴ പെയ്തില്ലെന്ന് മാത്രമല്ല വെടിക്കെട്ട് നടക്കുന്ന സമയത്ത് ആകാശം തെളിഞ്ഞു തന്നെയായിരുന്നു. ഇതോടെ കാലാവസ്ഥാ വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തി രംഗത്തെത്തി.ബുഡാപെസ്റ്റ് അടക്കമുള്ള പ്രദേശത്ത് പെയ്യുമെന്ന് പ്രതീക്ഷിച്ച മഴമേഘങ്ങള്‍ രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങുകയായിരുന്നു എന്നും അവിടെ കനത്ത മഴപെയ്തിട്ടുണ്ടെന്നുമായിരുന്നു കാലാവസ്ഥാ വകുപ്പിന്‍റെ വിശദീകരണം. എന്നാല്‍ പ്രവചനം തെറ്റിച്ചത് മൂലം രാജ്യത്തിന് വലിയ നാണക്കേടും നഷ്ടവുമുണ്ടായതാണ് ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുണ്ടായ കാരണം. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News