കാനഡയിൽ നാശംവിതച്ച് 'ഫിയോണ'; വീടുകൾ നിലംപൊത്തി, ആശങ്ക
പലയിടങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്
ഒട്ടാവ: കിഴക്കൻ കാനഡയിൽ വൻ നാശംവിതച്ച് ഫിയോണ ചുഴലിക്കാറ്റ്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി. മരങ്ങൾ കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
നോവ സ്കോട്ടയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. മണിക്കൂറിൽ പരമാവധി 110-150 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശിയത്. ഫിയോണയെ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റായാണ് കണക്കാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
നോവ സ്കോട്ടയിലും പ്രിൻസ് എഡ്‌വേഡ് ഐലന്റിലും മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തീരദേശത്തെ പട്ടണ പ്രദേശമായ ന്യൂഫൗണ്ട്‌ലാൻഡിലും ലാബ്രഡോറിലും ആഞ്ഞടിച്ച ചുഴലിക്കാറ്റ് കനത്ത നാശമാണ് ഉണ്ടാക്കിയത്. ഇവിടെയുണ്ടായ പ്രളയത്തിൽ ഒലിച്ചുപോയ കെട്ടിടങ്ങൾ കടലിൽ പതിച്ചതായി റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശനിയാഴ്ച രാവിലെ ദുരന്തനിവാരണ സേനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദുരന്തബാധിത നഗരങ്ങളിൽ കൂടുതൽ സേനാംഗങ്ങളെ വിന്യസിക്കുമെന്നും ട്രൂഡോ അറിയിച്ചു. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ജപ്പാനിലേക്കുള്ള തന്റെ യാത്ര റദ്ദാക്കിയതായും ട്രൂഡോ അറിയിച്ചു. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ എത്രയും വേഗം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.