ആയുധങ്ങൾ ചോദിച്ചിട്ട് നൽകിയില്ല, ഇസ്രായേലിന് എന്ത് പറ്റി! ആശങ്കയോടെ സെലൻസ്‌കി

ഗാസയിൽ പലസ്തീൻ തൊടുത്തുവിടുന്ന റോക്കറ്റുകൾ തടയാൻ ഉപയോഗിക്കുന്ന അയൺ ഡോം സംവിധാനം ലക്ഷ്യമിട്ടായിരുന്നു യുക്രൈൻ ഇസ്രായേലിനെ സമീപിച്ചത്

Update: 2022-09-25 03:54 GMT
Editor : banuisahak | By : Web Desk
Advertising

കീവ്: ഇസ്രയേലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി. റഷ്യൻ ആക്രമണത്തെ നേരിടാൻ മിസൈൽ വിരുദ്ധ സംവിധാനങ്ങൾ യുക്രൈന് നൽകുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്ന് സെലൻസ്‌കി പറയുന്നു.

ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചത് മുതൽ യുക്രൈൻ ഇസ്രയേലിനോട് സഹായം ആവശ്യപ്പെട്ടിരുന്നു. ഗാസയിൽ പലസ്തീൻ തൊടുത്തുവിടുന്ന റോക്കറ്റുകൾ തടയാൻ ഉപയോഗിക്കുന്ന അയൺ ഡോം സംവിധാനം ലക്ഷ്യമിട്ടായിരുന്നു യുക്രൈൻ ഇസ്രായേലിനെ സമീപിച്ചത്. അയൺ ഡോം സംവിധാനം ലഭിച്ചിരുന്നെങ്കിൽ റഷ്യക്കെതിരെ യുക്രൈന്റെ പ്രതിരോധം കൂടുതൽ ശക്തമാകുമായിരുന്നു.

'ഇസ്രായേലിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാൻ ഞെട്ടലിലാണ്. എന്തുകൊണ്ടാണ് യുക്രൈന് വ്യോമപ്രതിരോധ സംവിധാനം നൽകാൻ ഇസ്രായേൽ മടിക്കുന്നതെന്ന് അറിയില്ല'; സെലൻസ്‌കി പറയുന്നു. ബുധനാഴ്‌ച ഫ്രഞ്ച് മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സെലൻസ്‌കിയുടെ പരാമർശം.

റഷ്യ അധിനിവേശം തുടങ്ങിയപ്പോൾ തന്നെ യുക്രൈനെ പിന്തുണച്ച് രംഗത്തെത്തിയ രാജ്യമാണ് ഇസ്രായേൽ. മാർച്ചിൽ യുക്രൈന് ആവശ്യമായ ആയുധങ്ങൾ എത്തിക്കുമെന്ന് ഇസ്രായേൽ അറിയിച്ചതായി സെലൻസ്‌കി പറഞ്ഞിരുന്നു. തങ്ങളെ കൊണ്ട് കഴിയുന്ന സഹായമെല്ലാം ചെയ്യുമെന്ന് പറഞ്ഞ ഇസ്രായേലിന്റെ മനംമാറ്റത്തിനുള്ള കാരണമറിയാതെ കുഴയുകയാണ് യുക്രൈൻ.

അതേസമയം, റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ ഇസ്രായേൽ ജാഗ്രത പുലർത്തുന്നതാകാം എന്ന സംശയവും സെലൻസ്‌കി പ്രകടിപ്പിച്ചു. എന്നാൽ, ഇത് സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിക്കാൻ താൻ തയ്യാറല്ലെന്നും സെലൻസ്‌കി പറഞ്ഞു.

ഫെബ്രുവരി 24 ന് ആരംഭിച്ച യുക്രൈന്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുകയാണ്. ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യക്കെതിരെ യുക്രൈൻ നടത്തിവരുന്ന കനത്ത പ്രതിരോധം ലോകരാജ്യങ്ങൾക്കിടയിൽ തന്നെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതിനിടെ റഷ്യ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയുണ്ടായിരുന്നെങ്കിലും അതിന് റഷ്യയെ ലോകം അനുവദിക്കില്ലെന്നായിരുന്നു സെലൻസ്‌കിയുടെ പ്രതികരണം. റഷ്യൻ സൈന്യത്തെ യുക്രൈനിൽ നിന്ന് പിൻവലിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സെലൻസ്‌കി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News