'ആ വേദനയിൽ ഞാനും പങ്ക് ചേരുന്നു'; യുദ്ധത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരോട് പുടിൻ
യുക്രൈനിൽ മോസ്‌കോയുടെ ആക്രമണത്തെക്കുറിച്ചുള്ള ചില വാർത്തകൾ വിശ്വസിക്കാൻ കഴിയില്ലെന്നും പുടിൻ
മോസ്‌കോ: യുക്രൈനിൽ പോരാടുന്ന റഷ്യൻ സൈനികരുടെ അമ്മമാരുമായി കൂടിക്കാഴ്ച്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സംഘർഷത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ വേദനയിൽ താനും പങ്കുചേരുന്നതായി പുടിൻ പറഞ്ഞു. റഷ്യയിൽ ഞായറാഴ്ച ആഘോഷിക്കാനിരിക്കുന്ന മാതൃദിനത്തിന് മുന്നോടിയായാണ് സൈനികരുടെ അമ്മമാരുമായി പുടിൻ കൂടിക്കാഴ്ച നടത്തിയത്.
യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യൻ സൈനികരുടെ കുടുംബങ്ങളിൽ നിന്നും പുടിൻ വിമർശനം നേരിട്ടിരുന്നു. 'വ്യക്തിപരമായി ഞാനും രാജ്യത്തിന്റെ മുഴുവൻ നേതൃത്വവും ഈ വേദന പങ്കിടുന്നു', ഒരു മകന്റെ നഷ്ടം മറ്റൊന്നിനും പകരം വയ്ക്കാൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു, നിരവധി സ്ത്രീകൾക്ക് ഇതൊരു ഉത്സവകാലമായിരിക്കില്ല''. ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന തന്റെ പ്രസംഗത്തിൽ പുടിൻ കൂട്ടിച്ചേർത്തു. മോസ്‌കോയ്ക്ക് സമീപമുള്ള തന്റെ വസതിയിൽ വെച്ചാണ് പുടിൻ സൈനികരുടെ അമ്മമാരുമായി കൂടിക്കാഴ്ച നടത്തിയത്.
അനുശോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ ധൈര്യപ്പെടുന്നില്ല. യുക്രൈനിൽ മോസ്‌കോയുടെ ആക്രമണത്തെക്കുറിച്ചുള്ള ചില വാർത്തകൾ വിശ്വസിക്കാൻ കഴിയില്ലെന്നും വ്യാജ വാർത്തകളും വഞ്ചനയും നുണകളും ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിലെ ആക്രമണത്തെക്കുറിച്ചുള്ള വിമർശനങ്ങളെ നിരോധിക്കുന്ന നിയമനിർമ്മാണം അവതരിപ്പിച്ച വ്ളാഡിമിർ പുടിൻ, സ്ത്രീകൾ വ്യാജവാർത്തകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും പറഞ്ഞു. ഏഴ് അമ്മമാരോടൊപ്പം ഒരു മേശപ്പുറത്ത് ഇരിക്കുന്ന പുടിന്റെ ചിത്രങ്ങൾ സ്റ്റേറ്റ് ടെലിവിഷനാണ് പുറത്തുവിട്ടത്. യുക്രൈനിൽ യുദ്ധം ചെയ്യുന്ന മക്കളെ കുറിച്ചുള്ള അമ്മമാരുടെയും ബന്ധുക്കളുടെയും ആശങ്കകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.