ഇസ്രായേൽ - ഇറാൻ യുദ്ധം കനത്താൽ ലോക രാഷ്ട്രീയം തന്നെ കലങ്ങിമറിയും

ആക്രമണം തുടർന്നാൽ പശ്ചിമേഷ്യയെ മാത്രമല്ല ലോകത്തെയാകെ ബാധിക്കുന്ന യുദ്ധമായി മാറും

Update: 2024-04-14 12:53 GMT
Advertising

ഇറാനെതിരെ ഇസ്രായേല്‍ വ്യോമാക്രമണത്തിന് മുതിരുമോ എന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ യുദ്ധഭാവി.ഇസ്രായേൽ ആക്രമിച്ചാൽ യുദ്ധം കനത്തതാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധത്തിലേക്ക് നീങ്ങരുതെന്ന അമേരിക്കൻ താത്പര്യങ്ങൾക്കപ്പുറം നെതന്യാഹു പോയാൽ ലോകരാഷ്ട്രീയം തന്നെ കലങ്ങിമറിയും.

ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിന് നിയമാനുസൃതമായ മറുപടിയെന്നാണ് ഇപ്പോഴത്തെ ആക്രമണത്തെ കുറിച്ച് ഇറാൻ പറയുന്നത്. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച് നയതന്ത്ര സ്ഥാപനങ്ങൾ ആക്രമിച്ചാൽ, പ്രത്യാക്രണമത്തിന് ഏതൊരുരാജ്യത്തിനും അവകാശമുണ്ട്.

ഇസ്രായേൽ ഇനി തിരിച്ചടിക്കാതെ നിൽക്കുകയാണെങ്കിൽ തത്കാലം ഇറാൻ ഈ ആക്രമണത്തോടെ അടങ്ങിയിരിക്കാനാണ് സാധ്യത. പക്ഷേ ഇനിയും ആക്രമണത്തിന് മുതിർന്നാൽ ഇറാനിൽനിന്ന് വലിയ പ്രതികരണമുണ്ടാകുമെന്ന് ഇറാനിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബാഖരി മുന്നറിയിപ്പ് നൽകി.

ഇസ്രയേലിനെ ഇനിയും ആക്രമണത്തിൽ പിന്തുണച്ചാൽ അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ ഭീഷണി മുഴക്കി. ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ വേണ്ടെന്ന നിലപാടാണ് ബൈഡൻ ഭരണകൂടത്തിനുള്ളത്.

ഇക്കാര്യം ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ഇതു കേട്ട് നെതന്യാഹു അടങ്ങിയിരിക്കുകയാണെങ്കിൽ യുദ്ധഭീതി ഇല്ലാതാകും. സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി നെതന്യാഹു ഇറാനെതിരായ ആക്രമണം തുടർന്നാൽ പശ്ചിമേഷ്യയെ മാത്രമല്ല ലോകത്തെയാകെ ബാധിക്കുന്ന യുദ്ധമായി അത് മാറും. ഇറാനെ പിന്തുണക്കാൻ റഷ്യയോ ചൈനയോ വടക്കൻ കൊറിയയോ നേരിട്ടെത്തിയാൽ രംഗം മാറും.

ഇത് ലോക സാമ്പത്തിക രംഗത്തെ അവതാളത്തിലാക്കും. ഗൾഫ് രാജ്യങ്ങൾ ഇത്തരമൊരു സാഹചര്യം ഭയപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ അമേരിക്കയ്ക്കും ഇസ്രായേലിനും മേൽ ജിസിസി രാഷ്ട്രങ്ങളുടെ സമ്മർദം ശക്തമാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News