ഓരോ വ്യക്തിക്കും വാക്സിന്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ പുതിയ വകഭേദങ്ങള്‍ വീണ്ടും വരുമെന്ന് യുഎൻ മേധാവി

2022 ലോക സാമ്പത്തിക ഫോറത്തെ(WEF) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

Update: 2022-01-18 06:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഓരോ വ്യക്തിക്കും വാക്സിന്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ പുതിയ വകഭേദങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. 2022 ലോക സാമ്പത്തിക ഫോറത്തെ(WEF) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള പ്രതിരോധ കുത്തിവെപ്പ് യജ്ഞം ത്വരിതപ്പെടുത്താനും മാരകമായ പകർച്ചവ്യാധികൾക്കെതിരെ വാക്സിനുകൾ ഇല്ലാത്ത രാജ്യങ്ങൾക്ക് സഹായം നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു.

വീണ്ടെടുക്കലിന്‍റെ ഈ വര്‍ഷത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും ഗുട്ടെറസ് ആഹ്വാനം ചെയ്തു. ''ലളിതവും എന്നാല്‍ ക്രൂരവുമായ ഒരു സത്യം കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ നമ്മെ പഠിപ്പിച്ചു. നമ്മൾ ആരെയെങ്കിലും പിന്നിലാക്കിയാൽ എല്ലാവരെയും പിന്നിലാക്കുകയാണ് എന്ന സത്യം''. വൈറസിന്‍റെ ഭാവി വകഭേദങ്ങൾ ദൈനംദിന ജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും സ്തംഭിപ്പിക്കുമെന്ന് യു.എൻ മേധാവി മുന്നറിയിപ്പ് നൽകി. വൈറസ് സാഹചര്യത്തെ തുല്യതയോടും നീതിയോടും കൂടി കൈകാര്യം ചെയ്യാൻ ഗുട്ടെറസ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. വാക്സിനേഷന്‍റെ കാര്യത്തില്‍ സമ്പന്ന രാജ്യങ്ങളെ അദ്ദേഹം ആക്ഷേപിച്ചു. '' ലജ്ജാകരമാണ്... വികസിത രാജ്യങ്ങളിലെ കുത്തിവെപ്പ് നിരക്ക് ആഫ്രിക്കൻ രാജ്യങ്ങളെ അപേക്ഷിച്ച് ഏഴ് മടങ്ങ് കൂടുതലാണ്. ഓരോ വ്യക്തിക്കും വാക്സിനേഷൻ നൽകുന്നതിൽ നമ്മള്‍ പരാജയപ്പെടുകയാണെങ്കിൽ, അതിരുകളിലുടനീളം വ്യാപിക്കുകയും ദൈനംദിന ജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും തകിടംമറിക്കുന്ന പുതിയ വകഭേദങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.'' ഗുട്ടറെസ് പറഞ്ഞു.

ലൈസൻസുകളും അറിവും സാങ്കേതികവിദ്യയും പങ്കിട്ടുകൊണ്ട് വികസ്വര രാജ്യങ്ങളുമായി ഐക്യദാർഢ്യത്തോടെ നിൽക്കാൻ ലോകമെമ്പാടുമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് അദ്ദേഹം ആവശ്യപ്പെട്ടു. എങ്കിലേ ഈ മഹാമാരിയില്‍ നിന്നും നമുക്ക് പുറത്തുകടക്കാനാകൂ എന്നും ഗുട്ടറെസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News