വിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ക്ലീൻ ബൗൾഡ്
ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു
ഇസ്‌ലാമാബാദ്: ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പാകിസ്താൻ പാർലമെന്റ് പാസാക്കി. പാകിസ്താന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തേക്ക് പോകുന്നത്.ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.
അവിശ്വാസ പ്രമേയ അവതരിപ്പിക്കുന്നതിന് മുമ്പ് പാർലമെന്റ് സീപീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചിരുന്നു. അതേസമയം, രാജിവെക്കില്ലെന്നും അവസാനം വരെ പോരാടുമെന്നുമായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. തോൽവി സമ്മതിക്കില്ല.ദേശീയ അസംബ്ലിയിലെ നടപടികൾ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ഗൂഢാലോചന ആരോപിക്കുന്ന കത്ത് പാക്ക് സർക്കാർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അവിശ്വാസ വോട്ടെടുപ്പ് നടക്കാത്തതിനെ തുടർന്ന് അർധരാത്രി സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിങ് ചേർന്നു. ഇതിനിടെ, ഇമ്രാനുമായി സൈനിക മേധാവി ഖമർ ജാവേദ് കൂടിക്കാഴ്ച നടത്തി.
ഒരു സർക്കാർ ഉദ്യോഗസ്ഥനും അനുമതിയില്ലാതെ രാജ്യം വിടരുതെന്നു സർക്കാർ ഉത്തരവിട്ടതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നൽകി. ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടയ്ക്ക് ഇമ്രാൻ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. അവിശ്വാസ പ്രമേയത്തിൽ ഇമ്രാൻ സർക്കാർ പരാജയപ്പെടുമെന്ന സൂചനയ്ക്ക് പിന്നാലെയാണ് ഇമ്രാന്റെ നിർണായക നീക്കം. ശനിയാഴ്ച അവിശ്വാസ വോട്ടെടുപ്പ് നടത്താൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് പാക്ക് സുപ്രീം കോടതി ഉത്തരവിട്ടത്.