ഇന്ത്യയില്‍ വംശഹത്യാഹ്വാനങ്ങളെ ഭരണകൂടം പിന്തുണക്കുന്നു: ഇംറാൻ ഖാൻ

ഹരിദ്വാര്‍ വിദ്വേഷപ്രസംഗങ്ങളിലേക്ക് അന്താരാഷ്ട്രസമൂഹത്തിന്‍റെ ശ്രദ്ധ ക്ഷണിച്ച് പാക്ക് പ്രധാനമന്ത്രി

Update: 2022-09-07 11:15 GMT
Advertising

ഇന്ത്യയിലെ ന്യൂനപങ്ങളെ തീവ്രവര്‍ഗീയ സംഘങ്ങള്‍ വേട്ടയാടുന്നു എന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഹരിദ്വാറിൽ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വിദ്വേഷപ്രസംഗങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇംറാൻ ഖാന്റെ പ്രസ്താവന. ഇന്ത്യയില്‍ മുസ്ലീംകള്‍ക്കെതിരെ നടക്കുന്ന വംശഹത്യാ ആഹ്വാനങ്ങളെ ബി.ജെ.പി സർക്കാർ അനുകൂലിക്കുകയാണെന്ന് ഇംറാൻ ഖാൻ ട്വിറ്ററില്‍ കുറിച്ചു.



ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച് 200 മില്യൺ മുസ്ലീങ്ങൾക്കെതിരെ കഴിഞ്ഞ മാസം ഒരു തീവ്രഹിന്ദുത്വ സംഘടന നടത്തിയ വംശഹത്യാഹ്വാനം കേട്ടിട്ടും മോദി ഗവർമെന്റ് നിശബ്ദത തുടരുകയാണ്. സർക്കാർ ഇതിനെ നിശബ്ദമായി പിന്തുണക്കുകയാണ്. അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലുണ്ടാവണം. ഇംറാൻ ഖാൻ കുറിച്ചു.

കഴിഞ്ഞ മാസം ഹരിദ്വാറിൽ നടന്ന വിവിധ ഹിന്ദുത്വ സംഘടനകളുടെ സമ്മേളനത്തിലാണ് മുസ്‍ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ കൊന്ന് ഹിന്ദുരാഷ്ട്രം നിർമിക്കാൻ പരസ്യ ആഹ്വാനമുണ്ടായത്. പരിപാടിയിൽ വിവിധ സംഘടനാ നേതാക്കൾ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ, ഹിന്ദു രക്ഷാസേന നേതാവ് പ്രബോധാനന്ദ് ഗിരി, ബിജെപി നേതാവ് അശ്വിനി ഉപാധ്യായ, മഹിളാ മോർച്ച നേതാവ് ഉദിത് ത്യാഗി തുടങ്ങിയവരെല്ലാം മുസ്‍ലിംകൾക്കെതിരെ കലാപാഹ്വാനം നടത്തുകയും വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തു. മുസ്‍ലിംകൾക്കെതിരെ മ്യാൻമർ മാതൃകയിൽ വംശശുദ്ധീകരണം നടത്തണമെന്നാണ് പ്രബോധാനന്ദ് ഗിരി സമ്മേളനത്തിൽ പറഞ്ഞത്- ''മ്യാൻമർ മാതൃകയിൽ നമ്മുടെ പൊലീസും രാഷ്ട്രീയക്കാരും സൈന്യവും ഒപ്പം മുഴുവൻ ഹിന്ദുക്കളും ആയുധമെടുത്ത് വംശഹത്യ നടത്തണം. അതല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നിൽ അവശേഷിക്കുന്നില്ല''.

ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമന്നാണ് ആഹ്വാനം ചെയ്തത്- ''അവരുടെ ജനസംഖ്യ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലിൽ പോകാനും തയ്യാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികർ ഞങ്ങൾക്ക് ആവശ്യമാണ്‌". എന്നാല്‍ എഫ്‌ഐആറിൽ ഇവർക്കെതിരെയൊന്നും പരാമർശം പോലുമില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News