ഇസ്രായേലിനെ വിമര്‍ശിക്കുന്ന പഴയ കുറിപ്പുകള്‍ കുത്തിപ്പൊക്കി തീവ്രവലതുപക്ഷം; എപി പുറത്താക്കിയ ജൂത മാധ്യമപ്രവര്‍ത്തകയ്ക്ക് പറയാനുള്ളത് ഇതാണ്

ഈ ശിക്ഷാനടപടി അന്യായമാണെന്നാണ് എമിലി വൈല്‍ഡര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഏത് കുറിപ്പാണ് കമ്പനി ചട്ടം ലംഘിച്ചതെന്ന് വ്യക്തമാക്കാൻ എപിയിലെ എഡിറ്റർമാർ തയാറായില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു

Update: 2021-05-23 10:25 GMT
Editor : Shaheer | By : Web Desk
Advertising

ഫലസ്തീൻ വിഷയത്തിൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ മനുഷ്യാവകാശ പക്ഷത്തുനിന്നുകൊണ്ടുള്ള നിലപാട് സ്വീകരിച്ചതല്ല എമിലി വൈൽഡർ. സ്റ്റാൻഫോഡ് കോളേജിലെ ബിരുദ പഠനകാലത്തേ ഫലസ്തീനികളുടെ മനുഷ്യാവകാശത്തിനുവേണ്ടി വാദിച്ച സാമൂഹിക പ്രവർത്തകയായിരുന്നു ജൂതവംശജകൂടിയായ ഈ 22കാരി. അതുകൊണ്ടുതന്നെ പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ ഇസ്രായേലിന്റെ അധിനിവേശ തന്ത്രങ്ങളെ വിമർശിച്ചു കുറിപ്പുകളുമിട്ടിട്ടുണ്ട്. എന്നാൽ, ആ രാഷ്ട്രീയ നിലപാട് ഇപ്പോൾ എമിലിക്ക് ഒരു വിലപ്പെട്ട ജോലിയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്.

ദിവസങ്ങൾക്കുമുൻപാണ് അരിസോണയിലെ ഫീനക്‌സിലെ അസോഷ്യേറ്റഡ് പ്രസ്(എപി) ബ്യൂറോയിൽ ന്യൂസ് അസോഷ്യേറ്റായി എമിലി വൈൽഡർ നിയമിതയായത്. എന്നാൽ, വെറും മൂന്ന് ആഴ്ച മാത്രമേ ആ സ്ഥാനത്തിരിക്കാൻ എമിലിക്ക് ഭാഗ്യമുണ്ടായുള്ളൂ. എമിലിയെ എപി സ്ഥാപനത്തുനിന്ന് പുറത്താക്കി. കാരണം പറഞ്ഞത് ഫലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചുവെന്നതും! ഇസ്രായേലിനെ വിമർശിച്ചുകൊണ്ടുള്ള പഴയ സമൂഹമാധ്യമ കുറിപ്പുകൾ പൊക്കിക്കൊണ്ടുവന്ന് തീവ്രവലതുപക്ഷ വിഭാഗങ്ങൾ ആരംഭിച്ച വേട്ടയുടെ തുടർച്ചയായിരുന്നു എപിയുടെ നടപടി.

എപിയുടെ ഭാഗമായിരിക്കെ കമ്പനിയുടെ സമൂഹമാധ്യമ നയം ലംഘിച്ചു എന്നായിരുന്നു നടപടിക്ക് കാരണമായി അസോഷ്യേറ്റഡ് പ്രസ് വക്താവ് പ്രതികരിച്ചത്. വാർത്ത റിപ്പോർട്ട് ചെയ്യുന്ന തങ്ങളുടെ മാധ്യമപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരമൊരു നയം സ്വീകരിച്ചതെന്ന് വക്താവ് പറയുന്നു.

എന്നാൽ, ഈ ശിക്ഷാനടപടി അന്യായമാണെന്നാണ് എമിലി ഉറച്ചുവിശ്വസിക്കുന്നത്. ഏത് കുറിപ്പാണ് കമ്പനി നയം ലംഘിച്ചതെന്ന് വ്യക്തമാക്കാൻ എപിയിലെ എഡിറ്റർമാർ തയാറായില്ലെന്ന് അവർ പറയുന്നു. എപി വക്താവും നടപടിക്കു കാരണമായ പോസ്റ്റ് കാണിക്കാൻ തയാറായില്ല. ഇതോടൊപ്പം റിപ്പോർട്ടിങ്ങിലോ അന്താരാഷ്ട്ര വാർത്താ വിഭാഗത്തിലോ ആയിരുന്നില്ല തന്‍റെ നിയമനമെന്നും എമിലി പറയുന്നു.

'സ്റ്റാൻഫോഡ് കോളേജ് റിപബ്ലിക്കൻസി'ന്റെ ട്വീറ്റിനെ തുടർന്നാണ് തനിക്കെതിരെ ഇസ്രായേൽ അനുകൂല, വലതുപക്ഷ വിഭാഗങ്ങളുടെ സൈബർ ആക്രമണം ആരംഭിച്ചതെന്ന് എമിലി സൂചിപ്പിച്ചു. ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭകാരിയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു കുറിപ്പ്. ഇതിൽ പഴയ ഫലസ്തീൻ അനുകൂല കുറിപ്പുകളും സ്റ്റാൻഫോഡ് കാലത്തെ സാമൂഹിക പ്രവർത്തനവുമെല്ലാം എടുത്തുപറഞ്ഞിരുന്നു. ജ്യൂയിഷ് വോയ്‌സ് ഫോർ പീസ്, സ്റ്റുഡന്റ്‌സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ തുടങ്ങിയ സംഘടനകളുമായി എമിലിക്ക് ബന്ധമുണ്ടെന്നും വിവിധ ട്വീറ്റുകളിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. പഴയ കോളേജുകാലം മുതൽ തന്നെ തന്റെ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ അവർ എടുത്തുവച്ചിരിക്കുകയായിരിക്കാമെന്നും ഇത്തരം വൃത്തികെട്ട പരിപാടികൾക്ക് പേരുകേട്ടവരാണ് സംഘമെന്നും എമിലി കുറ്റപ്പെടുത്തി.

സൈബറാക്രമണത്തിൽ കമ്പനി തനിക്ക് പിന്തുണ അറിയിച്ചിരുന്നുവെന്നും എമിലി പറഞ്ഞു. കമ്പനിയുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടാകില്ലെന്ന് ഉറപ്പുനൽകി. ഇതോടൊപ്പം തന്റെ ട്വിറ്റർ ബയോയിലുള്ള 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' എന്ന ഭാഗം നീക്കം ചെയ്യാൻ എഡിറ്റർ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇതു നീക്കിയെങ്കിലും പിറകെ കമ്പനിയിൽനിന്നു പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുകയായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. ഫോക്‌സ് ന്യൂസ് അടക്കമുള്ള വലതുപക്ഷ ആഭിമുഖ്യമുള്ള മാധ്യമങ്ങളും നേതാക്കളും പഴയ ട്വീറ്റുകൾ ചർച്ചയാക്കിയതോടെയായിരുന്നു കമ്പനിയുടെ നടപടി.

എപിയുടെ നടപടിക്കെതിരെ മാധ്യമലോകത്ത് വൻ വിമർശനം ഉയർന്നിട്ടുണ്ട്. ഫലസ്തീൻ അനുകൂല കാഴ്ചപ്പാട് വച്ചുപുലർത്തുന്നവർക്കെതിരെ നീതിരഹിതമായി ശിക്ഷാനടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News