ഗസ്സയിൽ: അടിയന്തര നടപടി വേണമെന്ന് ജി 7 രാജ്യങ്ങളുടെ ഉച്ചകോടി
വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ജനതയുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുമാറുള്ള നടപടികൾ ഉപേക്ഷിക്കാനും ഉച്ചകോടി ഇസ്രായേലിനോട് ആവശ്യപ്പെട്ടു
ഇറ്റലി: ഗസ്സയിലേക്ക് തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് ജി 7 രാജ്യങ്ങളുടെ ഉച്ചകോടി.ഒമ്പതു മാസത്തിൽ എത്തിനിൽക്കുന്ന യുദ്ധം ഗസ്സയിലെ സിവിലിയൻ സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ,എല്ലാ തടസങ്ങളും മറികടന്ന് സഹായം ഉറപ്പാക്കണമെന്ന് ജി 7 രാജ്യങ്ങൾ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇസ്രായേൽ തയാറാകണം. വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ജനതയുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുമാറുള്ള നടപടികൾ ഉപേക്ഷിക്കാനും ഉച്ചകോടി ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര ഫോർമുല മാത്രമാണ് പശ്ചിമേഷ്യൻ പ്രശ്നപരിഹാരമെന്നും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നീളുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഉച്ചകോടി മുന്നറിയിപ്പ് നൽകി.
വടക്കൻ അതിർത്തി മേഖലകളിൽ ദക്ഷിണ ലബനാനിൽ നിന്നുള്ള ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം വ്യാപകമായതോടെ ഇസ്രായേൽ കടുത്ത പ്രതിസന്ധിയിൽ. ഇന്നലെയും നിരവധി മിസൈലുകൾ പതിച്ച് ഗലിലീയിലെ കിബുത്സ് യാരോണിൽ വലിയ തീപിടിത്തം ഉണ്ടായി. ലബനാനു നേരെ തുറന്ന യുദ്ധത്തിന് മടിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ്.
എന്നാൽ ലബനാനു നേരെയുള്ള യുദ്ധം മേഖലയൊന്നാകെ ബാധിച്ചേക്കുമെന്ന ആശങ്കയിൽ പ്രശ്ന പരിഹാരത്തിനായി അമേരിക്ക നീക്കം ശക്തമാക്കി.ലബനാൻ സൈനിക മേധാവി പെൻറഗൺ നേതൃത്വവുമായി ചർച്ച നടത്തി. ഇസ്രായേൽ നേതാക്കളെ അമേരിക്കയിലേക്ക് വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
അതിനിടെ, ഹിസ്ബുല്ലയുമായി കരാറിലെത്താൻ ഇസ്രായേൽ നീക്കമാരംഭിച്ചതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഹമാസിന് പകരം ബദൽ സംവിധാനം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരിക്കെ, ഗസ്സയിൽ സ്ഥിതിഗതികൾ അത്യന്തം സങ്കീർണമായെന്ന് സുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ.
ഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ തടഞ്ഞ ഇസ്രായേലിലെ തീവ്ര ഗ്രൂപ്പിനു മേൽ ഉപരോധം ഏർപ്പെടുത്തിയതായി അമേരിക്ക. ഒളിമ്പിക്സിൽ ആദ്യമായി ഫലസ്തീനെ പ്രതിനിധാനംചെയ്ത് ചരിത്രം കുറിച്ച ദീർഘദൂര അത്ലറ്റ് മാജിദ് അബൂ മറാഹീൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ചികിത്സ കിട്ടാതെ മരിച്ചത് വലിയ നോവായി.ഗസ്സയിൽ ഇസ്രായേൽ ആക്രമണം കൂടുതൽ ശക്തമായി തുടരുകയാണ്. 34 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരിച്ചവരുടെ എണ്ണം 37,266 ആയി.