ഉയിഗൂർ മുസ്‌ലിംകൾക്കെതിരായ പീഡനം: ചൈനക്കെതിരായ പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നു

ഷിൻജിയാങിൽ ചർച്ച വേണോയെന്ന പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് നടപടിയെന്നാണ് വിലയിരുത്തൽ

Update: 2022-10-07 05:21 GMT
Advertising

ന്യൂയോർക്ക്: ചൈനയിലെ ഷിൻജിയാങ് മേഖലയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചർച്ച വേണോയെന്ന് തീരുമാനിക്കുന്നതിനായി യു.എൻ മനുഷ്യാവകാശ കൗൺസിലിൽ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയിലെ ഉയിഗൂർ മുസ്‌ലിംകൾ ഏറ്റവും കൂടുതൽ ചൂഷണം അനുഭവിക്കുന്ന മേഖലയാണ് ഷിൻജിയാങ്.

ഷിൻജിയാങിൽ ചർച്ച വേണോയെന്ന പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് നടപടിയെന്നാണ് വിലയിരുത്തൽ. കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, നോർവേ, സ്വീഡൻ, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 17 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 19 പേർ എതിർത്തു.

ചൈന, പാകിസ്താൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളാണ് എതിർത്തത്. ഇന്ത്യ, ബ്രസീൽ, മെക്‌സിക്കോ, യുക്രൈൻ, തുടങ്ങിയ 11 രാജ്യങ്ങൾ വിട്ടുനിന്നു. പ്രമേയം മനുഷ്യാവകാശ കൗൺസിലിൽ പാസാകാതിരുന്നതിനാൽ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്.

അതേസമയം ഇത്തരത്തിലൊരു പ്രമേയം വോട്ടിനിടുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് ചൈനീസ് പ്രതിനിധി പറഞ്ഞു. ഇന്ന് ചൈനയെയാണ് ലക്ഷ്യമിടുന്നത്. നാളെ ഏതൊരു വികസിത രാജ്യത്തിനെതിരെയും ഇത്തരമൊരു പ്രമേയം വരുമെന്നും ചൈനീസ് പ്രതിനിധിയായ ചെൻ യൂ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News