'ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുന്നതിന്റെ അപകടത്തിലാണ്'; വിമർശനവുമായി മുൻ യു.എസ് കോൺഗ്രസ് അംഗം

''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ ഞാൻ പ്രണയിച്ച ഇന്ത്യയല്ല, ഞാൻ സ്‌നേഹിക്കുന്ന ഒരു രാജ്യത്തെ എന്തിനാണ് ഇത്ര പരസ്യമായി വിമർശിക്കുന്നത്?, ഞാൻ ഇന്ത്യയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്''

Update: 2022-12-19 13:39 GMT
Editor : afsal137 | By : Web Desk
Advertising

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ തെറ്റായ ദിശയിൽ നയിക്കുകയാണെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുന്നതിന്റെ അപകടത്തെ അഭിമുഖീകരിക്കുകയാണെന്നും മുൻ യു.എസ് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗവും മനുഷ്യാവകാശ പ്രവർത്തകനുമായ ആൻഡി ലെവിൻ. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിൽ നടത്തിയ അവസാന പ്രസംഗത്തിലാണ് ഇന്ത്യയ്‌ക്കെതിരെ അദ്ദേഹത്തിന്റെ വിമർശനം. നരേന്ദ്ര മോദിയുടെ ഇന്ത്യ താൻ പ്രണയിച്ച ഇന്ത്യയല്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ ഹിന്ദുമതത്തെ സ്‌നേഹിക്കുന്നു, ഇന്ത്യയിൽ ജനിച്ച ജൈനമതത്തെയും ബുദ്ധമതത്തെയും മറ്റ് മതങ്ങളെയും സ്‌നേഹിക്കുന്നു, ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. അവർ മുസ്ലീങ്ങളോ, ഹിന്ദുക്കളോ, ബുദ്ധമതക്കാരോ, ജൂതന്മാരോ, ക്രിസ്ത്യാനികളോ, ജൈനന്മാരോ ആകട്ടെ,'- ആൻഡി ലെവിൻ കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാർ ജയിലിൽ കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ലെവിൻ മ്യാൻമർ അടക്കമുള്ള രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെയും പരാമർശിച്ചു. കാശ്മീരിലെ മനുഷ്യാവാകാശ ലംഘനങ്ങളിൽ അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കുകയും ചെയ്തിരുന്നു.

'കാശ്മീർ രാത്രി വാർത്തകളിൽ ഇടം പിടിക്കില്ലെങ്കിലും അവിടെ നടക്കുന്ന കാര്യങ്ങൾ ലോകത്തിന്റെ ശ്രദ്ധ അർഹിക്കുന്നു, മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും കാര്യത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യയെ തെറ്റായ ദിശയിലേക്ക് കൊണ്ടുപോകുന്നതിന്റെ പ്രധാന ഉദാഹരണമാണിത്,'' ലെവിൻ ആരോപിച്ചു. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് കടുത്ത ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്. ''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ ഞാൻ പ്രണയിച്ച ഇന്ത്യയല്ല, ഞാൻ സ്‌നേഹിക്കുന്ന ഒരു രാജ്യത്തെ എന്തിനാണ് ഇത്ര പരസ്യമായി വിമർശിക്കുന്നത്?, ഞാൻ ഇന്ത്യയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്, അവിടത്തെ ജനങ്ങൾക്കെതിരായ ഈ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഭാവിയിലും ജനാധിപത്യം തഴച്ചുവളരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,''. ആൻഡി ലെവിൻ പറഞ്ഞു.

വിദഗ്ദ്ധനായ നിയമസഭാംഗം എന്നാണ് ഹൗസ് സ്പീക്കർ നാൻസി പെലോസി ആൻഡി ലെവിനെ വിശേഷിപ്പിച്ചത്. സഭയിൽ ലെവിന്റെ നേതൃത്വം തങ്ങൾക്ക് നഷ്ടമാകുമെന്നും പെലോസി പറഞ്ഞു. വിലപ്പെട്ട നേതാവ്, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പോരാളി എന്നിങ്ങനെ നിരവധി വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്. അമേരിക്കൻ തൊഴിലാളികളുടെയും തൊഴിലാളി കുടുംബങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച നേതാവ് കൂടിയാണ് ലെവിൻ. അമേരിക്കൻ തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയുള്ള ഒരുപാട് നിയമനിർമ്മാണങ്ങൾക്ക് ലെവിൻ നേതൃത്വം നൽകിയിട്ടുണ്ട്. 62കാരനായ ആൻഡി ലെവിൻ 'ആജീവനാന്ത മനുഷ്യാവകാശ വക്താവ്' എന്നാണ് സ്വയം വിശേഷിപ്പിച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News