യുക്രൈനിൽ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ

ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്

Update: 2022-02-25 05:42 GMT
Editor : afsal137 | By : Web Desk
Advertising

യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ. നാല് രാജ്യങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുള്ള വിപുലമായ രക്ഷാദൗത്യമാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യയുടെ രക്ഷാദൗത്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കും.

യുക്രൈനിൽ നിന്നും സ്വദേശത്തേക്ക് തിരിച്ചെത്താനുള്ളവർക്കുള്ള രജിസ്‌ട്രേഷൻ തുടരുകയാണ്. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളടക്കമുള്ളവർക്ക് അതിർത്തി രാജ്യങ്ങൾ വഴി വെള്ളവും ഭക്ഷണം എത്തിക്കാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ഇന്ന് യുക്രൈൻ അതിർത്തി രാജ്യങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കും. ഇരുപതിനായിരം ആളുകളെയാണ് തിരിച്ചെത്തിക്കാനുള്ളത്.

യുക്രൈന്റെ അതിർത്തി രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള രക്ഷാ ദൗത്യത്തിനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തും. ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. റോഡ് മാർഗം ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് എത്തിച്ച് വ്യോമമാർഗം ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന രീതിയിലാണ് രക്ഷാ ദൗത്യം. പാസ്‌പോർട്ടും വിദ്യാഭ്യാസ രേഖകളും അവശ്യവസ്തുക്കളുമായി കരുതി ഇരിക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പല വിദ്യാർഥികളും ബങ്കറുകളിലാണ് അഭയം തേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവരെ യുക്രൈൻ അതിർത്തിയിലെത്തിക്കുക എന്ന വലിയ വെല്ലുവിളി ഇന്ത്യ നേരിടുന്നുണ്ട്. .യുക്രൈനെ റഷ്യ കീഴടക്കുകയാണെങ്കിൽ നയതന്ത്ര ചർച്ചകൾ നടത്തുന്നതാനായി റഷ്യൻ ഭാഷയിൽ പ്രാവിണ്യമുള്ള ഉദ്യോഗസ്ഥരേയും ഇന്ത്യ യുക്രൈനിലേക്ക് അയച്ചിട്ടുണ്ട്. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ഭക്ഷണമെത്തിക്കാനുള്ള ഇടപെടലുകൾ യുക്രൈനിലുള്ള നയതന്ത്ര ഉദ്യോഗസ്ഥർ സ്വീകരിക്കും. ഇതുവരേയും ഒരു രാജ്യത്തോടും പിന്തുണ പ്രഖ്യാപിക്കാത്ത ഇന്ത്യ,നയതന്ത്ര ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News